Connect with us

Ongoing News

ചിലിമതില്‍ പൊളിച്ചു; അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്

എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ചിലിയെ തകര്‍ത്തത്

Published

|

Last Updated

ന്യൂജഴ്‌സി | കോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ക്വാര്‍ട്ടറിലേക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ചിലിയെ തകര്‍ത്തത്. കളിയുടെ 86 ാം മിനുറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്റീനക്കായി ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ആദ്യ പകുതിയില്‍ ചിലിയുടെ പ്രതിരോധം തകര്‍ത്ത് ഗോള്‍ കണ്ടെത്താന്‍ അര്‍ജന്റീനക്കായില്ല. പന്തിന്‍മേല്‍ ആധിപത്യം ഉണ്ടായിരുന്നിട്ടും ചിലിക്കോട്ട തകര്‍ക്കാന്‍ അര്‍ജന്റീനക്കായില്ല. 21 ാം മിനുറ്റില്‍ അല്‍വാരസിന്റെ ഷോട്ട് ചിലിയുടെ ഗോള്‍കീപ്പര്‍ ക്ലോഡിയോ ബ്രാവോ കൈപ്പിടിയിലൊതുക്കി.

36 ാം മിനുറ്റില്‍ മെസിയുടെ ഷോട്ട് പുറത്തേക്ക് പോയി. ആദ്യ പകുതിയില്‍ അര്‍ജന്റീന 13 ഷോട്ടുകള്‍ പായിച്ചതില്‍ 3 എണ്ണം മാത്രമാണ് ചിലിയുടെ ഗോള്‍ വലക്ക് നേരെ എത്തിയത് 3 എണ്ണം മാത്രമാണ്. എന്നാല്‍ ചിലി ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീനയുടെ ഗോള്‍ മുഖത്തേക്ക് പായിച്ചില്ല. ലോകചാമ്പ്യന്‍മാരെ സമനിലയില്‍ കുരുക്കാനുറച്ച പോലെയായിരുന്നു ചിലി. ഡി മരിയ ഇല്ലാതെയായിരുന്നു അര്‍ജന്റീന ആദ്യ പകുതിയിലിറങ്ങിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. ഇരു ടീമുകളും ആക്രമിച്ചു കളിച്ചതോടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാള്‍ മികച്ചതായി മാറി. 56 ാം മിനുറ്റില്‍ മെസി ബോക്‌സിലേക്ക് തുടുത്തു വിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് അനായാസം ഗോള്‍ നേടാമായിരുന്നെങ്കിലും പന്ത് എത്തിപ്പിടിക്കാനായില്ല. ഗോണ്‍സാലസിന്റെ ഗോളെന്നുറച്ച ഷോട്ട് ബ്രാവോ തട്ടിയകറ്റി.

കളി ഒരു മണിക്കൂര്‍ പിന്നിട്ടതോടെ ഡി മരിയയും ലൗട്ടാരോ മാര്‍ട്ടിനസും ഇറങ്ങി. ഇതോടെ അര്‍ജന്റീനയുടെ മുന്നേറ്റം ഒന്നുകൂടി മികച്ചതായി. ഇതിനിടെ 71 ാം മിനുറ്റിലും 76 ാം മിനുറ്റിലും അര്‍ജന്റീനയുടെ ഗോള്‍ വല കുലുക്കാന്‍ ചിലി ശ്രമം നടത്തി. എന്നാല്‍ ഗോള്‍കീപര്‍ മാര്‍ട്ടിനസ് എന്നത്തേയും പോലെ  ഇത്തവണയും രക്ഷകനായി.

ഒടുക്കം 86 ാം മിനുറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ബോക്‌സിലെ ആക്രമണങ്ങള്‍ക്കൊടുവില്‍ ലൗട്ടാരോ മാര്‍ട്ടിനസ് ചിലിയുടെ വലയിലെത്തിച്ചു. ഇതോടെ കളവും ഗാലറിയും ആഘോഷത്തിമിര്‍പ്പിലാടി. വാര്‍ പരിശോധനയിലും ഗോളെന്നുറച്ചതോടെ മെസിയും സംഘവും കൂടുതല്‍ ആവേശത്തിലായി.

എന്നാല്‍ അധിക സമയത്തിന്റെ അവസാനത്തില്‍ അനായാസം നേടാമായിരുന്ന ഗോള്‍ മാര്‍ട്ടിനസ് പാഴാക്കി. 4-4-2 ഫോര്‍മാഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. കോപ്പ അമേരിക്കയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായാണ് മെസിപ്പട ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ അര്‍ജന്റീനക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

 

Latest