Connect with us

National

വഖഫ് ഭേദഗതി ബിൽ സൂക്ഷ്മ പരിശോധനക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യം പരിഗണിച്ചാണ് നടപടി

Published

|

Last Updated

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബിൽ സൂക്ഷ്മ പരിശോധനക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യം പരിഗണിച്ചാണ് നടപടി. ബില്ലിൽ ഭരണഘടനാപരമായി നിരവധി പിഴവുകളുണ്ടെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു.  ഇക്കാര്യം സൂക്ഷ്മ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് ബിൽ വിട്ടിരിക്കുന്നത്.

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ന്യൂനപക്ഷ മന്ത്രി കിരൺ റിജുജു  വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും വഖഫ് ബോർഡുകളിൽ അമുസ്‍ലിംകൾക്കും അംഗത്വം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. ബിൽ ഭരണഘടനാ തത്വങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു വിശ്വാസികളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ബില്ലിനെ നേരിട്ടത്. ബിൽ ഫെഡറല്‍ സംവിധാനത്തിനും ഭരണഘടനക്കും നേരെയുള്ള ആക്രമണമാണെന്നും. ആരാധനാ സ്വാതന്ത്യത്തിന് നേരെയുള്ള കയ്യേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരാണ് വഖഫ് ഭേദഗതി ബില്ലെന്നും ജുഡീഷ്യല്‍ പരിശോധന നടന്നുകഴിഞ്ഞാല്‍, ബില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടുമെന്നും ആര്‍.എസ്.പി. അംഗം എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഭരണഘടനയുടെ 30-ാം വകുപ്പ് ഇത് ലംഘിക്കുന്നുവെന്നും ഡി എം കെ. എം പി. കനിമൊഴി പറഞ്ഞു.