Connect with us

articles

വഖ്ഫ് ബില്ലും മുന്നിലെ വഴികളും

രാഷ്്ട്രപതി ഒപ്പിട്ട് കഴിഞ്ഞാലും നിരവധി നിയമ വ്യവഹാരങ്ങള്‍ക്ക് പുതിയ ബില്ല് വഴിവെക്കും. പുതിയ ബില്ലിലെ പല നിബന്ധനകളും ഭരണഘടന മുന്നോട്ടുവെക്കുന്ന ഉദാത്തമായ നിരവധി ആശയങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നതാണ്. മതം, ജാതി, ജനനം, വര്‍ണം, ലിംഗം, വർഗം എന്നിവക്കെല്ലാം അതീതമായി ഇന്ത്യക്കാരന് നിയമത്തിനു മുന്നില്‍ തുല്യാവകാശങ്ങളുണ്ട്. മതവും വിശ്വാസവും ലംഘിക്കപ്പെടാതെ പൂര്‍ണമായി പാലിക്കാനും ജീവിക്കാനുമുള്ള അവകാശം ഓരോ ഭാരതീയ പൗരനിലും നിക്ഷിപ്തമാണ്. ധ്രുവീകരണമെന്ന ബി ജെ പി അജൻഡ വിജയിക്കുമെന്നതിനപ്പുറം ഇത്തരം നിയമങ്ങള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നത് കണ്ടറിയേണ്ടതാണ്.

Published

|

Last Updated

ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കള്‍ ആദ്യമായി ഏകീകൃത നിയമത്തിന് കീഴില്‍ വരുന്നത് 1923ലെ മുസല്‍മാന്‍ വഖ്ഫ് ആക്്ടിലൂടെയാണ്. ബാരിസ്റ്ററായിരുന്ന ലോര്‍ഡ് റീഡിംഗ് വൈസ്രോയിയായി എത്തിയതിന് ശേഷം ഇന്ത്യയിലുണ്ടായ പ്രധാന നിയമനിര്‍മാണങ്ങളില്‍ ഒന്നാണ് വഖ്ഫ് ആക്്ട്. മുതവല്ലി പദവിയും അവകാശാധികാരങ്ങളും നിയമത്തിന്റെ ഭാഗമായത് അന്ന് മുതലാണ്. കൊളോണിയല്‍ ഭരണമാണെങ്കിലും അക്കാലത്തെ പ്രധാന മുസ്്ലിം നേതാക്കളുമായും ഇംപീരിയല്‍ ലെജിസ്്ലേറ്റീവ് കൗണ്‍സിലിലെ മുസ്്ലിം അംഗങ്ങളുമായും ചര്‍ച്ച ചെയ്താണ് നിയമം രൂപപ്പെടുത്തിയത്. ആക്്ട് നടപ്പിലായ വര്‍ഷം മരണപ്പെട്ട സര്‍ സയ്യിദ് അഹ്്മദ് ഖാന്‍ ഉള്‍പ്പെടെ മൗലാനാ ആസാദ്, അലി സഹോദരന്മാര്‍, ഇഖ്ബാല്‍, സെയ്ദ് അമീര്‍ അലി, ആഗാഖാന്‍ മൂന്നാമന്‍ അടക്കമുള്ള പ്രധാന നേതാക്കളെല്ലാം ചര്‍ച്ചകളില്‍ ഭാഗഭാക്കായിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ആക്്ടിനെ മുസ്്ലിം സമൂഹം പൊതുവെ സ്വാഗതം ചെയ്തു. 1954, 1995, 2013 വര്‍ഷങ്ങളിലെ വഖ്ഫ് ഭേദഗതി നിയമങ്ങള്‍ ലോര്‍ഡ് റീഡിംഗ് കൊണ്ടുവന്ന ആക്്ടിന്റെ പരിഷ്‌കാരങ്ങളായിരുന്നുവെന്ന് പറയാവുന്നതാണ്.

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയിലെ മുസ്്ലിം സമൂഹത്തോട് കടുത്ത പ്രതികാര നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്. ഒന്നാം ലോക മഹായുദ്ധാനന്തരം അതിന് പുതിയ ആഗോളമാനവും കൈവന്നു. അക്കാലത്തായിരുന്നിട്ടുപോലും ബ്രിട്ടീഷ് സാമ്രാജ്യം മുസ്്ലിംകളുമായി ബന്ധപ്പെട്ട ഒരു നിയമനിര്‍മാണത്തില്‍ അവരെ വിശ്വാസത്തിലെടുക്കാന്‍ മനസ്സുകാട്ടി. എന്നാല്‍ ഒരു നൂറ്റാണ്ട് പിന്നിട്ട് പരിഷ്‌കൃത ലോകക്രമം നിലവില്‍ വന്ന കാലത്ത് ജനാധിപത്യ മതേതര റിപബ്ലിക്കായ ഇന്ത്യയിലെ ജനായത്ത ഭരണകൂടം രാജ്യത്തെ മുഴുവന്‍ മുസ്്ലിംകളെയും എതിര്‍പക്ഷത്ത് നിര്‍ത്തി അവരുമായി ബന്ധപ്പെട്ട നിയമനിർമാണവുമായി മുന്നോട്ടുപോവുകയാണ്. ആഗോള ശ്രേണിയില്‍ ഒരു രാഷ്്ട്രത്തിന്റെ പ്രാമുഖ്യം നിര്‍ണയിക്കുന്നതിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന് അവര്‍ തങ്ങളുടെ ന്യൂനപക്ഷ വിഭാഗങ്ങളോട് സ്വീകരിക്കുന്ന നയസമീപനങ്ങളാണ്.

മുസ്്ലിം വിഭാഗം ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷമാണ്. 20 കോടിയില്‍പ്പരം ജനസംഖ്യയും 15% പങ്കാളിത്തവുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ മുഖ്യ ന്യൂനപക്ഷമായ മുസ്്ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു നിയമം അവരുടെ അഭിപ്രായങ്ങള്‍ക്ക് കടകവിരുദ്ധമായി ചുട്ടെടുക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ആഗോള മാതൃകയായി നിലകൊണ്ട ഭാരതത്തിന്റെ പരിവേഷത്തിനാണിത് പോറലേല്‍പ്പിക്കുന്നത്.

അന്താരാഷ്്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു എന്‍ കമ്മീഷന്‍ 2020ല്‍ തന്നെ പ്രത്യേകം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരിയില്‍ ചിക്കാഗോ ആസ്ഥാനമായ ജസ്റ്റിസ് ഫോര്‍ ആള്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന്റെ തലവാചകം “ദ നാസിഫിക്കേഷന്‍ ഓഫ് ഇന്ത്യ’ എന്നായിരുന്നു. സിനഗോഗുകള്‍ ഇടിച്ചുനിരത്താന്‍ 1938ല്‍ ഹിറ്റ്‌ലര്‍ പാസ്സാക്കിയ കൃസ്റ്റാലന്‍ചറ്റ് കരിനിയമം, 1935ലെ ന്യൂറംബര്‍ഗ് ആക്്ട്, വാന്‍സി കോണ്‍ഫറന്‍സ് തീരുമാനങ്ങള്‍, 1939-41 കാലഘട്ടത്തില്‍ ജൂതര്‍ക്കെതിരെ പ്രയോഗിച്ച ഗെറ്റോയിസേഷന്‍ തുടങ്ങിയ പല കിരാതനടപടികളും ലോകത്തിന് മുന്നിലുണ്ട്. രാഷ്്ട്ര ശരീരത്തിന്റെ അവിഭാജ്യ ഘടകമായ പ്രബല ന്യൂനപക്ഷത്തെ അസ്ഥിരപ്പെടുത്താനുള്ള നയങ്ങള്‍ വിവേകപൂർവമായ നീക്കമല്ലെങ്കിലും ഭൂരിപക്ഷ- ന്യൂനപക്ഷ ധ്രുവീകരണത്തിലൂടെ രാഷ്്ട്രീയ നിലനില്‍പ്പ് തേടുന്നവര്‍ക്ക് അത് ബാധകമാണെന്ന് കരുതുക സാധ്യമല്ല.
ജെ പി സിയും പ്രചാര വേലകളും

2024 ആഗസ്റ്റിലെ വഖ്ഫ് കരട് ബില്ല് ജെ പി സി കഴിഞ്ഞവാരം അന്തിമമാക്കുമ്പോള്‍ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറന്നു. പ്രതിപക്ഷ അംഗങ്ങളുടെ 44 ഭേദഗതികളാണ് ഏകപക്ഷീയമായി തള്ളിയത്. ഭരണപക്ഷ മെമ്പര്‍മാരുടെ 14 ഭേദഗതി നിർദേശങ്ങള്‍ അംഗീകരിക്കപ്പെട്ടു. സമയപരിധി അവസാനിക്കാന്‍ നാല് മണിക്കൂര്‍ മാത്രമുള്ളപ്പോഴാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി അംഗങ്ങള്‍ക്ക് ബില്ല് കോപ്പി നല്‍കുന്നത്. ഇത്തരത്തില്‍ ഒരു ജെ പി സി പര്യവസാനിക്കുന്നത് ആദ്യമായാണ്.

വഖ്ഫ് സെഷന്‍ 40നെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. രാജ്യത്തെ ഏതൊരു ഭൂമിയിലും വഖ്ഫ് ബോര്‍ഡിന് അവകാശമുന്നയിക്കാമെന്നും അനുകൂല ഉത്തരവിടുന്ന വഖ്ഫ് ട്രൈബ്യൂണലിന് മേല്‍ അപ്പീലധികാരം ഇല്ലെന്നതുമാണ് അതില്‍ പ്രധാനം. എന്നാല്‍ ആധികാരികമായി വഖ്ഫ് ചെയ്തതോ, വാക്കാലോ ഉപയോഗം മുഖേനയോ വഖഫ് ആയതോ ആയ ഭൂമിയിലൊഴികെ ഒന്നിലും ഇന്നുവരെ വഖ്ഫ്‌ ബോര്‍ഡ് വ്യവഹാരത്തിലില്ലെന്ന വസ്്തുത ബോധപൂര്‍വം മറച്ചുവെക്കുന്നു. കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സർക്കാർ സ്വീകരിക്കുന്ന നടപടി വഖ്ഫ്‌ ബോര്‍ഡ് മാതൃകയാക്കുന്നതിനെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കുന്നത്. വഖ്ഫ് ട്രൈബ്യൂണല്‍ കണ്ടെത്തലുകള്‍ക്കെതിരെ നിരവധി റിവിഷന്‍ പരാതികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനും സുപ്രീം കോടതിക്കും മുന്നിലുള്ളപ്പോഴാണ് വഖ്ഫ് ട്രൈബ്യൂണലിന് അപ്പീല്‍ പോകാന്‍ സാധിക്കില്ലെന്ന കളവ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്.
മുമ്പിലുള്ള വഴികള്‍

രാഷ്്ട്രപതി ഒപ്പിട്ട് കഴിഞ്ഞാലും നിരവധി നിയമ വ്യവഹാരങ്ങള്‍ക്ക് പുതിയ ബില്ല് വഴിവെക്കും. പുതിയ ബില്ലിലെ പല നിബന്ധനകളും ഭരണഘടനാ ആര്‍ട്ടിക്കിളുകളായ 14,15,25,26,27,28 എന്നിവ മുന്നോട്ടുവെക്കുന്ന ഉദാത്തമായ നിരവധി ആശയങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നതാണ്. മതം, ജാതി, ജനനം, വര്‍ണം, ലിംഗം, വർഗം എന്നിവക്കെല്ലാം അതീതമായി ഇന്ത്യക്കാരന് നിയമത്തിനു മുന്നില്‍ തുല്യാവകാശങ്ങളുണ്ട്. മതവും വിശ്വാസവും ലംഘിക്കപ്പെടാതെ പൂര്‍ണമായി പാലിക്കാനും ജീവിക്കാനുമുള്ള അവകാശം ഓരോ ഭാരതീയ പൗരനിലും നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ ധ്രുവീകരണമെന്ന ബി ജെ പി അജൻഡ വിജയിക്കുമെന്നതിനപ്പുറം ഇത്തരം നിയമങ്ങള്‍ എത്രത്തോളം മുന്നോട്ടുപോകുമെന്നത് കണ്ടറിയേണ്ടതാണ്.

പള്ളികളും ദര്‍ഗകളും പതിനായിരക്കണക്കിന് ഏക്കര്‍ വഖ്ഫ് ഭൂമിയും തുലാസിലാക്കി മുസ്്ലിംകളെ വൈകാരിക വിക്ഷുബ്്ധതയിലേക്ക് തള്ളിവിടുകയെന്ന രാഷ്്ട്രീയ അജൻഡയെ കരുതിയിരിക്കേണ്ടതുണ്ട്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ 76 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യു പിയില്‍ മാത്രം 23 പേരുണ്ട്. ആയിരക്കണക്കിന് കോടികളുടെ നഷ്്ടവും കണ്ടുകെട്ടലും വേറെയുമുണ്ട്. പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ അറസ്റ്റിലായി. ഉമര്‍ ഖാലിദ്, മീരാന്‍ ഹൈദര്‍, ഖാലിദ് സെയ്ഫി, അത്തര്‍ഖാന്‍ തുടങ്ങി നിരവധി പേര്‍ വിചാരണയും ജാമ്യവുമില്ലാതെ ഇന്നും കാരാഗൃഹങ്ങളില്‍ കഴിയുന്നു.

രാജ്യത്താകമാനം അരലക്ഷത്തിനടുത്ത് കേസുകള്‍ എടുത്തു. കേസുകള്‍ പിന്‍വലിക്കുമെന്ന ബി ജെ പിയിതര സംസ്ഥാനങ്ങളുടെ വാഗ്്ദാനം തമിഴ്‌നാട്ടില്‍ മാത്രമാണ് പ്രാവര്‍ത്തികമായത്. 2,282 കേസുകള്‍ പിന്‍വലിച്ചു. കേരളത്തിലെ 835 കേസുകളില്‍ 63 എണ്ണം മാത്രമാണ് പിണറായി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറായത്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങള്‍ ജനാധിപത്യപരമായും സമാധാനപൂര്‍ണമായും മുഖ്യധാരയോടു ചേര്‍ന്നുമാവണം നടക്കേണ്ടത്.
നിയമവ്യവഹാരങ്ങളില്‍ ഏകോപനം ആവശ്യമാണ്. ഭൂരിപക്ഷ സമുദായാംഗങ്ങളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും സംശയങ്ങള്‍ ദൂരീകരിച്ച് ഒപ്പം നിര്‍ത്താനുള്ള നടപടികളും അനിവാര്യമാണ്.

വര്‍ഗീയ അജൻഡയോടൊപ്പം സാമ്പത്തിക താത്പര്യങ്ങളും ബില്ലിന് പിറകിലുണ്ട്. ബെംഗളൂരുവിലെ ഐ ടി സി വിന്‍ഡ്‌സര്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ മുതല്‍ കല്‍ക്കട്ട ടോളിഗഞ്ച് ഗോള്‍ഫ് പാര്‍ക്ക് വരെയുള്ള പൊന്നും വിലയുള്ള കണ്ണായ ഭൂമികള്‍ വഖ്ഫുമായുള്ള സിവില്‍ വ്യവഹാരത്തിലാണ്. ഒരു വെടിക്ക് പല പക്ഷികളെ വീഴ്ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിന് അതുകൊണ്ടുതന്നെ കോര്‍പറേറ്റ് അനുഗ്രഹാശിസ്സുകളുമുണ്ട്.

മുസ്്ലിം വിഭാഗത്തെ ലക്ഷ്യമിടുന്നത് സംഘ്പരിവാര്‍ അജൻഡകളുടെ അവസാന എപ്പിസോഡല്ല, മറിച്ച് ആദ്യ ചുവട് മാത്രമാണെന്ന് ചുറ്റുമുള്ളവര്‍ മനസ്സിലാക്കേണ്ടതുണ്ട്. നെഹ്‌റു ഇന്ത്യയെ കണ്ടെത്തലില്‍ നിരീക്ഷിച്ചതു പോലെ സഹസ്രാബ്്ദങ്ങളുടെ പാരമ്പര്യമുള്ള മഹത്തായ ഭാരത ദേശത്തെ ചെറിയ ഇടവേളകളില്‍ അസ്വസ്ഥപ്പെടുത്താമെന്നല്ലാതെ സ്ഥായിയായി ഗ്രസിക്കാന്‍ തിന്മകളുടെ അച്ചുതണ്ടിന് ഒരിക്കലും സാധിക്കില്ല. ആത്മവിശ്വാസത്തോടെയും ശുഭാപ്തി കൈവിടാതെയും ഈ നിമിഷങ്ങളെയും നാം അതിജീവിക്കും.

 

Latest