Kerala
ലഹരി വിപത്തിനെതിരെ നടത്തുന്നത് യുദ്ധം; പൊതുസമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
ലഹരി വിപത്ത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഈമാസം 17ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും. 16ന് മതമേലധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം | ലഹരിക്കെതിരായ യുദ്ധത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും തായ് വേരറുത്ത് വരും തലമുറകളെ കൊടുംവിപത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മഹായജ്ഞത്തിന് ഈ നാടിന്റെയാകെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ്. ഓപറേഷന്‍ ഡി ഹണ്ട് പദ്ധതി ഊര്‍ജിതമായി നടപ്പിലാക്കി വരികയാണെന്നും യോജിച്ച പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം കൈവരിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് സിന്തറ്റിക് ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതില്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയ ശേഷം കര്‍മപദ്ധതി തയ്യാറാക്കും. ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലഹരി വിപത്ത് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് ഈമാസം 17ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും. 16ന് മതമേലധ്യക്ഷന്മാരുടെ യോഗം വിളിക്കും.
ഓപറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി 2024 ല്‍ സംസ്ഥാനത്താകെ 27,578 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 29,889 പ്രതികളെ അറസ്റ്റ് ചെയ്തു. 45 കോടി വിലയുള്ള വിവിധ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. 2025ല്‍ മാര്‍ച്ച് 31 വരെ 12,760 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 13,449 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 12 കോടിയുടെ മയക്കുമരുന്നുകള്‍ പിടിച്ചു. സ്ഥിരം മയക്കുമരുന്ന് വ്യാപാരം നടത്തി ക്രൈം കേസുകളില്‍പ്പെട്ട ആള്‍ക്കാരുടെ പ്രത്യേകം പട്ടിക തയ്യാറാക്കി.
എക്‌സൈസ് സേനയും ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണ്. ഈ മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ 10,495 കേസുകളെടുത്തു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്നുള്ളതുള്‍പ്പെടെ 13,639 റെയ്ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങള്‍ ഇക്കാലയളവില്‍ പരിശോധിച്ചു.
എല്ലാ ജില്ലകളിലും സ്റ്റേഷന്‍ തലത്തില്‍ പ്രത്യേക ഓപറേഷന്‍ ഗ്രൂപ്പുകള്‍ (ടഛഏ)െ രൂപവത്കരിച്ചിട്ടുണ്ട്. മയക്കുമരുന്നിനെതിരെ സ്‌കൂളുകളിലും കോളജുകളിലും അവബോധം വളര്‍ത്തും. വിദ്യാര്‍ഥികളിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിനായി 4,469 സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സ്‌കൂള്‍ തലത്തിലും 1,776 ആന്റി നര്‍കോട്ടിക് ക്ലബുകള്‍ കോളജ് തലത്തിലും രൂപവത്കരിച്ചു.
ലഹരിക്കെതിരെയുള്ള യുദ്ധം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളില്‍ നിന്നു തന്നെയാണ്. രക്ഷിതാക്കള്‍ക്ക് ലഹരിയെ കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അവബോധം നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. ‘ജീവിതമാണ് ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള പോലീസിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ കാമ്പയിന്‍ നടത്തുകയാണ്.
പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളും വിഷയങ്ങളും നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പറായ നാഷണല്‍ നര്‍കോട്ടിക്‌സ് ഹെല്‍പ് ലൈന്‍ 1933 നമ്പറും എ ഡി ജി പി എല്‍ & ഓയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റി നര്‍കോട്ടിക് സെല്‍ വിഭാഗത്തിന്റെ 9497979794, 9497927797 നമ്പറുകളും, കേരളാ പോലീസ് ആരംഭിച്ച ‘യോദ്ധാവ്’ എന്ന പദ്ധതിയിലെ 9995966666 എന്ന വാട്ട്‌സാപ്പ് നമ്പറും 24 മണിക്കൂറും ലഭ്യമാണ്. 2025 മാര്‍ച്ച് മാസത്തില്‍ മാത്രം 1157 ഫോണ്‍ കോളുകള്‍ യോദ്ധാവ് നമ്പറിലേയ്ക്കും 3865 കോളുകള്‍ ആന്റി ഡ്രഗ് കണ്‍ട്രോള്‍ റൂമിലും ലഭിച്ചു.
ലഹരിമോചന ചികിത്സ നല്‍കുന്നതിന് 14 ജില്ലകളിലും വിമുക്തി ഡീ അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ/താലൂക്ക് ആശുപത്രിയോടനുബന്ധിച്ചാണ് ഈ സെന്ററുകള്‍. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററിലും കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ വിമുക്തി ഡീ അഡിക്ഷന്‍ സെന്ററിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ലഹരിമോചന ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം
നിലവിലെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വാര്‍ഷികാഘോഷങ്ങള്‍ക്ക് ഏപ്രില്‍ 21ന് കാസര്‍കോട്ട് തുടക്കം കുറിക്കും. എല്ലാ ജില്ലകളിലും ജില്ലാതല യോഗങ്ങള്‍ നടക്കും. അവയില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നേരിട്ട് പങ്കെടുക്കും. പ്രദര്‍ശന വിപണന മേളകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനമെന്നും മുഖ്യമന്ത്രി അറിയിച്ചു.