Connect with us

Articles

വൈകാരികതയുടെ യുദ്ധവഴി

ഏറെ പ്രതീക്ഷിച്ച നാറ്റോ അംഗത്വവും അതു വഴിയുള്ള സുരക്ഷയും ലഭിക്കില്ലെന്നുറപ്പായി, മൂന്ന് വര്‍ഷം തുടര്‍ന്ന യുദ്ധം മൂലം വലിയ ആള്‍നാശവും സാമ്പത്തിക നഷ്ടവുമുണ്ടായി, സമ്പദ് വ്യവസ്ഥ താറുമാറായി, രാജ്യം വലിയ കടക്കെണിയിലകപ്പെട്ടു, രാജ്യത്തിന്റെ നാലിലൊന്നു ഭാഗം ശത്രുക്കളുടെ കൈവശമായി. അമേരിക്കയെ വിശ്വസിച്ചും സ്വന്തം വൈകാരികതയില്‍ ആവേശം പൂണ്ടും യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട സെലന്‍സ്‌കി തന്റെ രാജ്യത്തിനുണ്ടാക്കി വെച്ച നഷ്ടങ്ങളാണിവയെല്ലാം.

Published

|

Last Updated

യുക്രൈന്‍- റഷ്യ യുദ്ധത്തിന്റെ ആദ്യ നാളുകളില്‍, യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലന്‍സ്‌കിക്ക് വീരനായക പരിവേഷം നല്‍കുന്ന ആഖ്യാനങ്ങളായിരുന്നു മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും ധാരാളമായിക്കണ്ടിരുന്നത്. പാശ്ചാത്യ മാധ്യമങ്ങളായിരുന്നു ഈ പ്രചാരണത്തിന്റെ മുന്‍ നിരയില്‍. റഷ്യന്‍ പട കീവ് ലക്ഷ്യമാക്കി വന്നപ്പോള്‍ ജീവനും കൊണ്ട് ഓടിപ്പോയില്ല എന്നത് ഒരു ധീരത തന്നെയാണ്. താലിബാനു മുന്നില്‍ തന്റെ ജനതയെ ഉപേക്ഷിച്ച് ഓടിപ്പോയ അഫ്ഗാന്‍ പ്രസിഡന്റ് അബ്ദുല്ല ഗനിയുടെ കാര്യമോര്‍ക്കുമ്പോള്‍ സെലന്‍സ്‌കിയുടെ ധീരത അത്ര ചെറുതല്ല. എന്നാല്‍ ധീരതക്കപ്പുറം ഒരു ഭരണാധികാരിക്കു വേണ്ട എന്തെങ്കിലുമൊരു ഗുണം സെലന്‍സ്‌കിയിലുണ്ടോ എന്നത് സംശയകരമാണ്. കാരണം ഒരു ഭരണാധിപന് ഏറ്റവും പ്രധാനമായി വേണ്ടത്, തന്റെ ജനതയെക്കുറിച്ചും നാടിനെക്കുറിച്ചുമുള്ള യാഥാര്‍ഥ്യ ബോധമാണ്, ആ ബോധ്യത്തിനു മുകളില്‍ പണിതുയര്‍ത്തിയ പ്രതീക്ഷകളാണ്.

റഷ്യന്‍ കളിപ്പാവയായിരുന്ന വിക്ടര്‍ യാനുകോവിച്ച് 2014ല്‍ ജനകീയ പ്രക്ഷോഭം കാരണം പുറത്തായതിനെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന പോറെഷെങ്കോ തികഞ്ഞ യൂറോപ്യന്‍ പക്ഷപാതി ആയിരുന്നുവെങ്കിലും അടിത്തട്ടില്‍ നിന്നുയര്‍ന്നുവന്ന രാഷ്ട്രീയക്കാരനായതിനാല്‍ അദ്ദേഹത്തിന് യൂറോപ്യന്‍ പക്ഷപാതിത്വത്തോടൊപ്പം തന്നെ യാഥാര്‍ഥ്യ ബോധം കൂടി ഉണ്ടായിരുന്നു. അതിനാല്‍ യൂറോപ്പിനോട് പരമാവധി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ഒരു വിധത്തിലും റഷ്യയെ പ്രകോപിപ്പിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷക്കാലം റഷ്യക്ക് ഹിതകരമല്ലെങ്കില്‍ക്കൂടി വലിയ പൊട്ടലും ചീറ്റലുമില്ലാതെ മുന്നോട്ട് പോയി. എന്നാല്‍ ഇതിനു വിപരീതമായിരുന്നു സെലന്‍സ്‌കി. ടെലിവിഷന്‍ ഷോയിലൂടെ ജനപ്രീതി നേടി, ഷോയുടെ തന്നെ പേരില്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കി, ഒരു പോപ്പുലിസ്റ്റ് മൂവ്മെന്റിലൂടെ അധികാരത്തില്‍ വന്ന വ്യക്തിയാണദ്ദേഹം. അടിത്തറയോ അനുഭവങ്ങളോ ഇല്ലാത്ത രാഷ്ട്രീയക്കാരന്‍. വൈകാരിക പ്രസംഗങ്ങളും ഉട്ടോപ്യന്‍ പ്രതീക്ഷകളുമായിരുന്നു മുഖ്യം. റഷ്യക്കെതിരെ ഒരുങ്ങിയിറങ്ങിയാല്‍ ആളും അര്‍ഥവും നല്‍കി അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്പും തന്നെ പിന്തുണക്കുമെന്ന മോഹം, പുടിനോടേറ്റുമുട്ടി വിജയം വരിച്ചാല്‍ പടിഞ്ഞാറിന്റെയാകെ മാനസപുത്രനാകാമെന്ന പ്രതീക്ഷ, പടിഞ്ഞാറിന്റെ പിന്തുണയും സ്വന്തം നാട്ടിലെ വീരനായക ഇമേജും വഴി ദീര്‍ഘകാലം അധികാരത്തില്‍ തുടരാമെന്ന കണക്കുകൂട്ടല്‍ ഇതൊക്കെയായിരുന്നു സെലന്‍സ്‌കിയെ നയിച്ചിരുന്നത്. ആ വൈകാരികതയുടെ പുറത്തേറി പ്രഖ്യാപിത ശത്രു റഷ്യയെ പരമാവധി പ്രകോപിപ്പിച്ചു. നിരന്തരം റഷ്യന്‍ വിരുദ്ധ പ്രസ്താവനകള്‍, റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് പോകുന്ന വാതക പൈപ്പ് ലൈന്‍ കട്ട് ചെയ്യുമെന്ന ഭീഷണി, എല്ലാത്തിനുമൊടുവില്‍ നാറ്റോ സഖ്യത്തില്‍ ചേര്‍ന്ന് റഷ്യയെ സൈനികമായി വെല്ലുവിളിക്കാനുള്ള ശ്രമം. ആ പ്രകോപനങ്ങളുടെ അനന്തര ഫലമാണ് റഷ്യന്‍ അധിനിവേശം. വെറും സ്വപ്നങ്ങളുടെ പുറത്തായിരുന്നു തന്റെ വൈകാരിക പ്രകടനങ്ങളെല്ലാം എന്നതിന്റെ തെളിവാണ്, ആക്രമണം തുടങ്ങിയപ്പോള്‍ തങ്ങള്‍ ഒറ്റക്കായിപ്പോയെന്ന വിലാപം. റഷ്യയെപ്പോലൊരു സൈനിക ശക്തിക്കെതിരെ നേരിട്ടൊരേറ്റുമുട്ടലിന് അമേരിക്കയോ യൂറോപ്യന്‍ ശക്തികളോ തയ്യാറാകില്ല എന്ന് തിരിച്ചറിയാന്‍ സെലന്‍സ്‌കിക്ക് റഷ്യന്‍ ടാങ്കുകള്‍ യുക്രൈനിലെത്തുന്നതു വരെ കാത്തിരിക്കേണ്ടിവന്നു.

ആക്രമണം തുടങ്ങിയതിനു ശേഷം അതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും വൈകാരികതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അതിലൊന്നാണ് എ കെ 72 പോലുള്ള മാരകായുധങ്ങള്‍ (എ കെ 47ന്റെ കുറേക്കൂടി മുഴുത്ത വേര്‍ഷന്‍) ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള തീരുമാനം. മറ്റൊന്ന് പെട്രോള്‍ ബോംബുണ്ടാക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി ജനങ്ങളെ പഠിപ്പിക്കലായിരുന്നു. ഇതെല്ലാം നാട്ടില്‍ നിത്യ അശാന്തി വിതയ്ക്കാനുള്ള മാര്‍ഗങ്ങളാണെന്ന് അന്നേ പലരും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം പൊതുജനത്തിന് ആയുധം നല്‍കി യുദ്ധമുന്നണിയിലേക്ക് അയച്ച് അവരെ കൊന്നുതള്ളാന്‍ ശത്രുസൈന്യത്തിന് ലൈസന്‍സ് നല്‍കുക കൂടി ചെയ്തു.

ഇതിനിടയിലും അമേരിക്ക യുക്രൈന് വന്‍ തോതില്‍ ആയുധങ്ങള്‍ നല്‍കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ അത് വെറും പ്രചാരണം മാത്രമായിരുന്നു. കാരണം അമേരിക്കന്‍ സേനയുടെ ഏറ്റവും വലിയ കരുത്ത് ആകാശ യുദ്ധത്തിലാണ്. എന്നാല്‍ അമേരിക്ക യുക്രൈന് നല്‍കിയ ആയുധങ്ങളില്‍ വിമാനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. അതുതന്നെ യുദ്ധത്തിനുപയോഗിക്കാന്‍ അനുമതി നല്‍കിയത് ഏറെ വൈകിയും. യഥേഷ്ടം ഉപയോഗിക്കാന്‍ പാകത്തില്‍ നല്‍കിയത് പ്രധാനമായും മിസൈലുകളായിരുന്നു. പക്ഷേ, ലോകത്തെ തന്നെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമാണ് റഷ്യയുടേത് എന്നതിനാല്‍ ലഭിച്ച മിസൈലുകള്‍ യുക്രൈന് കാര്യമായി പ്രയോജനപ്പെട്ടതുമില്ല. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ യുദ്ധം തുടങ്ങി നാല് മാസത്തിനകം തന്നെ യുക്രൈന്റെ നാല് പ്രവിശ്യകള്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. മൂന്ന് വര്‍ഷത്തിനിപ്പുറവും അവ തിരിച്ചു പിടിക്കാന്‍ യുക്രൈന് സാധിച്ചിട്ടില്ല. ഈ പ്രദേശങ്ങള്‍ പിടിച്ചെടുത്തത് വഴി 2014ല്‍ തന്നെ റഷ്യയുടെ അധീനതയിലായ ക്രീമിയ ഉപദ്വീപിലേക്ക് റഷ്യയില്‍ നിന്ന് കരമാര്‍ഗമുള്ള പാത സാധ്യമായി എന്നതും, ഈ നാല് പ്രവിശ്യകള്‍ക്കപ്പുറത്ത് റഷ്യ കാര്യമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല എന്നതും ചേര്‍ത്ത് വായിച്ച് യുദ്ധം കൊണ്ട് മോസ്‌കോ ലക്ഷ്യം വെച്ചത് നേടിക്കഴിഞ്ഞു എന്ന് അനുമാനിക്കപ്പെടുന്നുണ്ട്.

എന്നാല്‍ മറുവശത്ത് യുക്രൈന്റെ അവസ്ഥ നേര്‍ വിപരീതമാണ്. നാറ്റോ അംഗത്വം വേണമെന്ന യുക്രൈന്റെ നിലപാടാണ് യുദ്ധത്തിന് വഴിവെച്ചത്. പക്ഷേ, യുദ്ധം തുടങ്ങിയതോടെ യുക്രൈന് നാറ്റോ അംഗത്വം നല്‍കുന്നതില്‍ പുനരാലോചന വേണമെന്ന നിര്‍ദേശം പല അംഗരാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ബൈഡന്‍ പ്രസിഡന്റായ കാലത്തു തന്നെ അംഗത്വം ഉറപ്പ് നല്‍കുന്ന നിലപാടില്‍ നിന്ന് അമേരിക്ക പിറകോട്ട് പോയിരുന്നു. ട്രംപ് അധികാരത്തിലെത്തിയതോടെ ഇനി യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ലെന്ന് പച്ചയായി തന്നെ പറഞ്ഞു. അമേരിക്കയുമായി നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ റഷ്യ പ്രധാനമായും മുന്നോട്ട് വെക്കുന്നതും യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ലെന്ന ഉറപ്പ് വേണമെന്നതാണ്. അതിനു പുറമേ ഇത്രയും കാലം അമേരിക്ക നല്‍കിയ ആയുധങ്ങളുടെ വിലയായി 4,700 കോടി ഡോളര്‍ യുക്രൈന്‍ തിരിച്ചടക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു. അത് പണമായി നല്‍കാനാകില്ലെങ്കില്‍ അത്രയും തുകയുടെ ധാതു വിഭവങ്ങള്‍ യുക്രൈനില്‍ നിന്ന് ഖനനം ചെയ്യാന്‍ അമേരിക്കയെ അനുവദിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. അതോടൊപ്പം ഇനിയങ്ങോട്ട് ആയുധങ്ങള്‍ നല്‍കില്ലെന്നും റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങള്‍ അവര്‍ക്ക് വിട്ടുനല്‍കി യുദ്ധമവസാനിപ്പിക്കണമെന്നു കൂടി ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നു. നിലവില്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെക്കപ്പെട്ട അവസ്ഥയിലാണെങ്കിലും അത് പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ഇതില്‍ നിന്ന് വിഭിന്നമായൊരു നിലപാട് മോസ്‌കോയില്‍ നിന്നോ ട്രംപില്‍ നിന്നോ പ്രതീക്ഷിക്കാവുന്ന യാതൊന്നും പുതുതായി സംഭവിച്ചിട്ടില്ല. ഇതിനിടയില്‍ രണ്ടായിരം ചതുരശ്ര കിലോമീറ്ററോളം വരുന്ന കുര്‍സ്‌ക് പ്രദേശം റഷ്യയില്‍ നിന്ന് യുക്രൈന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അത് തുറുപ്പ് ചീട്ടായി ഉപയോഗിക്കാം എന്നായിരുന്നു അവരുടെ സ്വപ്നം. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുര്‍സ്‌ക് റഷ്യന്‍ സേന തിരിച്ചു പിടിച്ചിട്ടുണ്ട്. അതോടെ ആ സ്വപ്നവും പൊലിഞ്ഞു.

ചുരുക്കത്തില്‍ ഏറെ പ്രതീക്ഷിച്ച നാറ്റോ അംഗത്വവും അതു വഴിയുള്ള സുരക്ഷയും ലഭിക്കില്ലെന്നുറപ്പായി. മൂന്ന് വര്‍ഷം തുടര്‍ന്ന യുദ്ധം മൂലം വലിയ ആള്‍നാശവും സാമ്പത്തിക നഷ്ടവുമുണ്ടായി, സമ്പദ് വ്യവസ്ഥ താറുമാറായി, രാജ്യം വലിയ കടക്കെണിയിലകപ്പെട്ടു, രാജ്യത്തിന്റെ നാലിലൊന്നു ഭാഗം ശത്രുക്കളുടെ കൈവശമായി. അമേരിക്കയെ വിശ്വസിച്ചും സ്വന്തം വൈകാരികതയില്‍ ആവേശം പൂണ്ടും യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ട സെലന്‍സ്‌കി തന്റെ രാജ്യത്തിനുണ്ടാക്കി വെച്ച നഷ്ടങ്ങളാണിവയെല്ലാം.

എന്നാല്‍ ഈ വീഴ്ചകളൊന്നും യുദ്ധകാലത്ത് തുടങ്ങിയതല്ല. അഴിമതിവിരുദ്ധ മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്ന സെലന്‍സ്‌കിയുടെ ഭരണകാലത്ത് ആഗോള അഴിമതി സൂചികയില്‍ യുക്രൈന്‍ പിറകോട്ട് പോകുകയാണുണ്ടായത്. കൊവിഡ് പ്രതിരോധത്തിലാണെങ്കില്‍ ആളോഹരി മരണ നിരക്കില്‍ ആദ്യത്തെ പത്ത് രാജ്യങ്ങളിലൊന്ന് യുക്രൈനാണ്. വാക്സീനേഷനില്‍ യൂറോപ്പിലെ ഏറ്റവും പിന്നില്‍ സഞ്ചരിച്ച രാജ്യവും യുക്രൈനാണ്.

ചുരുക്കത്തില്‍ വൈകാരികതയിലൂന്നിയ സ്റ്റേജ് പെര്‍ഫോമന്‍സ് മാത്രം കൈമുതലായുള്ള ഒരു വ്യക്തിയെ രാജ്യത്തിന്റെ ഭരണമേല്‍പ്പിച്ചതിന്റെ ദുരന്തം കൂടിയാണ് യുക്രൈന്‍ ഇന്ന് അനുഭവിക്കുന്നത്. ഇന്ത്യയിലിരുന്ന് യുക്രൈനിലെ ഈ വൈകാരിക പ്രസംഗകനെ നിരീക്ഷിക്കുമ്പോള്‍ ശരിക്കും പേടി തോന്നുന്നുണ്ട്.

 

Latest