Connect with us

prathivaram story

വീട്ടിലേക്കുള്ള വഴി

നീല ഞരമ്പ് എഴുന്ന് നിൽക്കുന്ന കൈകളിൽ ഞാൻ പതിയെ പിടിച്ചു കൊണ്ട് പുറത്തിറക്കി. കുന്നിൻ മുകളിലേക്കാണ് അമ്മയുടെ നോട്ടം. ഞാനൊന്ന് ഞെട്ടി കാരണം അവിടെയാണ് ഞങ്ങളുടെ തറവാട്. ഇടയ്ക്കിടക്ക് ബോധക്കേടിന്റെ ഭാഷയിൽ സംസാരിക്കുന്ന അമ്മക്ക് കൃത്യമായി തറവാടെങ്ങനെ മനസ്സിലായി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു.

Published

|

Last Updated

നേരം പുലർന്നു വരുന്നതേയുള്ളൂ. വീടിന്റെ വരാന്തയില്‍ രാവിലത്തെ പത്രവും ചായയുമായി ഞാൻ ഇരിക്കുകയായിരുന്നു, അപ്പോഴാണ് അകത്തെ മുറിയില്‍നിന്നും അമ്മയുടെയും ഭാര്യ സുജയുടെയും ശബ്ദം പുറത്തേക്ക് കേട്ടത്.

“അമ്മയെന്തിനാ ഈ ബെഡ്ഷീറ്റും, തലയിണയുമൊക്കെ വാരിക്കൂട്ടി ചുരുട്ടിവെച്ചിരിക്കുന്നേ, ഞാനിപ്പോ വിരിച്ചുവെച്ചതല്ലേ ഉള്ളൂ!’.
“അതോ, ഞാനും പാപ്പുവും കൂടി കുറച്ച് കഴിഞ്ഞ് ഞങ്ങടെ വീട് വരെയൊന്ന് പോവ്വാ!’.
“അതിന് എന്തിനാ ഇതൊക്കെ ഇങ്ങനെ ആക്കി വെച്ചിരിക്കുന്നത്’.
” അങ്ങോട്ട് പോവുമ്പോ കൊണ്ടുപോവാനാടീ’.
“ഇതല്ലേ അമ്മേടെ വീട്…’
“ഓ.. പിന്നേയ് ഇത് എന്റെ വീടൊന്നും അല്ല’.
“പിന്നെ ആരുടെ വീടാ…’

“ആ എനക്കറിയാമ്മേല’ ചുമലുകൾ ഒരു പ്രത്യേക താളത്തിലാക്കി കൊണ്ട് നിഷ്കളങ്കമായി മറുപടി പറയുന്ന അമ്മയെ നോക്കി കൊണ്ടാണ് ഞാൻ റൂമിലേക്ക് കയറിച്ചെന്നത്. അമ്മയ്ക്ക് എൺപത്തിനാല് വയസ്സുണ്ട്. കാണാൻ ആരോഗ്യത്തിന് വല്ല്യ പ്രശ്നമൊന്നുമില്ല. പക്ഷേ, രക്തത്തിൽ സോഡിയം കുറയുന്ന അവസ്ഥ അമ്മയിലും ഉണ്ട്. അതു കൊണ്ട് തന്നെ ചില അവസരങ്ങളിൽ സംസാരങ്ങളിലും പെരുമാറ്റങ്ങളിലും അസാധാരണത്വം കടന്നു വരും. അത് നന്നായി അറിയാവുന്ന സുജ അമ്മയുമായി നന്നായി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു എന്നറിയാം.

“അമ്മയേയും കൂട്ടി എനിക്ക് മൂന്ന് മക്കളാ പപ്പേട്ടാന്ന്’ ചിരിയോടെയവൾ പറയും. അമ്മയുടെ കുറുമ്പത്തരങ്ങളും വാശിയും നന്നായിട്ട് അവൾ ആസ്വദിക്കുന്നുണ്ടെന്നറിയാം.
അച്ഛന്റെ മരണത്തോടെയായിരുന്നു. അമ്മയിൽ ഓർമക്കുറവ് കലശലായത്. ചില സമയങ്ങളിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നിട്ട് ചോദിക്കും.
“നീ എവിടത്തെയാ കൊച്ചനേ…’
“ഞാനമ്മയുടെ മോനല്ലേ…’ എന്ന് തിരികെ മറുപടി പറയുമ്പോൾ നരച്ച മുടിയിഴകൾ മാന്തിക്കൊണ്ട് കുറേ സമയം ആലോചിച്ചിരിക്കും.
“ആണോടാ.. നീയെന്റെ മോനാണോ. ആ… ആയിരിക്കും. ഈയിടെയായി എനക്കിച്ചിരി മറവി കൂടുതലാ…!’. പിന്നെ കിടപ്പിൽ നിന്നും നോക്കിയാൽ കാണുന്ന അച്ഛന്റെ ചുമർചിത്രത്തിലേക്ക് മിഴികൾ പായിക്കും. പിന്നെ സ്വയമേ പറയും.
” പോസ്റ്റാഫീസറ് ഇത് വല്ലോം കേക്കുന്നുണ്ടോ…? പാപ്പു നമ്മടെ മോനാന്ന്’.
വയസ്സിത്രയും ആയിട്ടും കൊഴിയാത്ത വെണ്മയുള്ള പല്ലുകൾ വെളിയിൽ കാട്ടി കുട്ടികളെ പോലെ ചിരിക്കാൻ തുടങ്ങും.

പോസ്റ്റാഫീസിലായിരുന്നു അച്ഛന് ജോലി “പോസ്റ്റാഫീസറേ…’ എന്നായിരുന്നു എല്ലാവരും വിളിച്ചോണ്ടിരുന്നത്. അതോണ്ട് അമ്മയും അച്ഛനെ, അങ്ങനെയായിരുന്നു വിളിച്ചിരുന്നത്.
അമ്മയെ തന്നെ നോക്കി നിൽക്കുന്നതു കണ്ടാവണം ചോദ്യം വന്നു.
“പാപ്പു തന്നെയല്ലേടാ അത്!’.
” അതേയമ്മേ…’
“ഹോ ഭാഗ്യം ഇന്നെങ്കിലും അമ്മ; മോനെ നേരെ ചൊവ്വേ ഓർത്തെടുത്തല്ലോ?’ സുജ കളിയായി പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“നീ പോടീ…’
“ആ.. ഞാൻ പോയാ പിന്നേ അമ്മേടെ കാര്യമൊക്കെ ആരാ നോക്ക്വാ’.
“അതൊക്കെ എന്റെ പാപ്പൂന്റെ പെണ്ണ് നോക്കിക്കോളും’.
” പാപ്പൂന്റെ പെണ്ണേതാ… അമ്മേ!!’
“പാപ്പൂന്റെ പെണ്ണ് സുജ!’
“അപ്പൊ ഞാനാരാ അമ്മേ?’
“നീ ആ മോളിലത്തെ വീട്ടിലെ ശാന്തയല്ലേടീ’. അതു കേട്ടപ്പോൾ സുജ ചിരിച്ചു പോയി. കൂട്ടത്തിൽ ഞാനും.
അമ്മ അതൊന്നും ശ്രദ്ധിക്കാതെ എനിക്കു നേരെ തിരിഞ്ഞു.
“ഡാ… പാപ്പുവേയ്!’
“എന്താമ്മേ…’
“നമ്മക്കൊന്ന് വീട് വരെ പോയാലോ?’
“അയിനെന്താ പോയേക്കാം’.
സുജ എന്നെ നോക്കി കണ്ണു മിഴിച്ചു. ചെറുചിരിയോടെ അവൾക്കു നേരെ കണ്ണടച്ചു കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“ഡീ.. സുജേ ഞാൻ അമ്മയേയും കൂട്ടി വീട് വരെയൊന്ന് പോയേച്ചും വെരാം’.
അതു കേട്ടപ്പോൾ അമ്മയുടെ മുഖം പൂർണചന്ദ്രനെ പോലെ തിളങ്ങി.
“ഡീ പെണ്ണേ; എന്റെ മുണ്ടും നേര്യതും ഇങ്ങെടുത്തേ..! പോസ്റ്റാഫീസറ് അവ്ടെ കാത്ത് നിപ്പുണ്ടാവും. പെട്ടെന്ന് പോയില്ലേ ശരിയാവൂല. മഴ വെര്ന്ന്ണ്ട് വാട്ട് പൂള് ( മരച്ചീനി ) പുഴുങ്ങി ഒണക്കാൻ മുറ്റത്ത് ഇട്ടിട്ടാ ഉള്ളേ, ആഫീസർക്ക് അയിന്റെ വെല്ല്യ വിചാരൊന്നും കാണുകേലാ…’ അങ്ങനെ എന്തൊക്കെയോ പറഞ്ഞ് പോകാൻ വേണ്ടി അമ്മ തിടുക്കം കാട്ടിത്തുടങ്ങി.
“ന്റെ അമ്മേ… കുളിക്കാതേം, പല്ലു തേക്കാതെയും ആണോ പോകുന്നേ?’
“ഓ ഞാനത് മറന്നു’. പൊതുവെ കുളിക്കാൻ മടിയാണ്, പക്ഷെ ഇന്ന് ഉത്സാഹത്തോടെ കിടക്ക വിട്ട് എഴുന്നേറ്റു.

സുജ അമ്മയെ ഒരുക്കുന്നതും നോക്കി ഞാൻ നിന്നു. പല്ലു തേപ്പിക്കുകയും, കുളിപ്പിക്കുകയും ചെയ്ത്, ഡ്രസ് ചെയ്യിക്കുന്നതിനിടയിൽ നിർബന്ധിച്ച് ഡയപ്പർ ധരിപ്പിക്കുന്നു. അറിയാതെ മൂത്രം പോവുകയും വയറ്റീന്ന് ഒഴിയുകയും ചെയ്യും. പലപ്പോഴുമത് അമ്മ അറിയാറില്ല.
നീണ്ടു നരച്ച മുടി കോതി പിന്നിയിട്ട് തുമ്പ് കെട്ടിക്കൊടുത്തു. ചെമ്പകത്തിന്റെ മണമുള്ള പൗഡർ മുഖത്ത് പുരട്ടുന്നതിനിടയിൽ ചോദ്യം വന്നു.

“ഇതൊക്കെ എന്നാത്തിനാടീ…’
“അമ്മക്ക് പോസ്റ്റാഫീസറെ കാണണ്ടേ! അപ്പൊ സുന്ദരിയായിട്ട് വേണ്ടെ പോവാൻ’.
“ആഹ് അത് നേരാണല്ലോടീ…’ അത് ശരി വയ്ക്കുന്ന മട്ടിൽ അമ്മ തലയാട്ടി.
അവസാനമൊരു ചന്ദനക്കുറി കൂടി വരച്ചു കൊടുത്ത് സുജ അമ്മയെ ആകമാനമൊന്ന് നോക്കി.
“ആഹാ എന്റെ അമ്മയിപ്പോ സുന്ദരിയായല്ലോ…? അതും പറഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു. അമ്മ തിരികെയും.
പുണ്യം ചെയ്ത അമ്മയാണ്, അതല്ലേ ഇതു പോലൊരു മരുമകളെ കിട്ടിയത്. മലവും മൂത്രവും കോരി വൃത്തിയാക്കി സ്വന്തമെന്ന് പറഞ്ഞ് ചേർത്തുനിർത്തി അഭിമാനിക്കുന്ന ഇങ്ങനെയൊരു ഭാര്യയെ കിട്ടിയത് തന്റെയും ഭാഗ്യം തന്നെ.

അച്ഛൻ സമ്പാദിച്ച ഏക്കറു കണക്കിന് സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ സുജ ആദ്യമായിട്ട് പറഞ്ഞൊരു കാര്യമാണ് “പപ്പേട്ടാ അമ്മയെ നമ്മക്ക് കൂടെ കൂട്ടാന്ന്’. അത്തും പിത്തും ആയ അമ്മയെ കൂടെക്കൂട്ടിയാൽ നിനക്ക് തന്നെ ഒരു ബാധ്യതയാവുമെന്ന് പറഞ്ഞപ്പോൾ നാല് തത്വം പറഞ്ഞ് അവൾ തന്റെ വായ അടപ്പിച്ചു. അമ്മയെ ഒപ്പം കൂട്ടുന്നതിന് മറ്റ് അഞ്ച് മക്കൾക്കും യാതൊരു പ്രശ്നവും ഇല്ലായിരുന്നു. കാരണം അവരെല്ലാം ജോലിക്കാരാണ്. അമ്മയെ നോക്കാൻ പിന്നെ ഹോം നഴ്സിനെ വയ്ക്കേണ്ടി വരും. അതവർക്ക് നന്നായിട്ടറിയാം. സുജയുടെ ആ മനഃസ്ഥിതി കണ്ടപ്പോൾ അവരെല്ലാം അവളെ വാനോളം പുകഴ്ത്തി. അവളാണെങ്കിൽ അതിലൊന്നും വീഴാതെ അമ്മയെ ചേർത്തു പിടിച്ചു.

കുന്നിൻ മുകളിലുള്ള തറവാട്ടുവീട് വാടകയ്ക്ക് കൊടുത്ത്, റോഡരികിൽ ഒരു വീട് വച്ചത്; ഇടക്കിടെ ആസ്പത്രി സന്ദർശനം വേണ്ടിവരുന്ന അമ്മയുടെ സൗകര്യാർഥം നോക്കി തന്നെയാണ്.
“നീയെന്താടാ… പാപ്പൂ നിന്ന് ആലോചിക്ക്ന്നത്. നമ്മക്ക് പോവണ്ടേ?” കുട്ടികളെ പോലെ ചെരുപ്പ് വലതുകാലിന്റേത്, ഇടതിനും ഇടത് കാലിന്റേത് വലതിനും ഇടുന്ന തിരക്കിൽ അമ്മ വിളിച്ചു ചോദിച്ചു. അവസാനം സുജ തന്നെ അത് നേർക്ക് ഇട്ടു കൊടുക്കുകയും ചെയ്തു.
“ആ പോകാമ്മേ.. അമ്മ എന്റെ കൂടെ ബൈക്കിൽ കയറോ?’

“ഓ എനക്കാ കുന്ത്രാണ്ടത്തിലൊന്നും പോകണ്ടേ..!’
“എന്നാ നമ്മക്ക് കാറിൽ തന്നെ പോകാം’.
വണ്ടിയിൽ കയറാൻ നേരം എന്നോടായ് ചോദിച്ചു.
“പാപ്പുവേയ്… നമ്മക്ക് ഇവളെ കൂടെ അങ്ങ് കൂട്ടിയാലോ? കൊറേ നാളായില്ലേ വീട്ടിലോട്ടൊന്ന് പോയിട്ട്. മൊത്തം ചുക്കിലിയും പൊടിയും പിടിച്ചിട്ടുണ്ടാവും. അടിച്ചു വാരാൻ ഒരാള് വേണ്ടായോ..?’
“അമ്പടി കള്ളി അമ്മേ.. ഞാനൊന്നും വരുന്നില്ല. വല്ല പണിക്കാരി പെണ്ണുങ്ങളോടും പറ വീട് വൃത്തിയാക്കാൻ, ഇപ്പോ അമ്മയും, മോനും കൂടെ പോയാമതി. എനക്കേ പിടിപ്പത് പണിയ്ണ്ട്’. വാൽസല്യത്തോടെ അമ്മയുടെ താടിയിലുഴിഞ്ഞു കൊണ്ട് കൈ വീശി യാത്ര പറയുന്നതിനിടയിൽ

“അമ്മയെ നന്നായി ശ്രദ്ധിക്കണേ’ എന്നു പറയാനും അവൾ മറന്നില്ല.
ഊടുവഴികളിലൂടെയുള്ള യാത്രയിൽ ഒരു കുട്ടിയുടെ കൗതുകത്തോടെ അമ്മ പുറത്തേക്ക് നോക്കിയിരുന്നു. ശിവക്ഷേത്രവും, ക്ഷേത്രത്തിനു മുന്നിലെ വലിയ ആൽമരവും അമ്പലക്കുളവും പോലീസ് സ്റ്റേഷനും ക്രിസ്ത്യൻ പള്ളിയും നാരായണേട്ടന്റെ ചായക്കടയും എല്ലാം ഒട്ടൊരു കൗതുകത്തോടെ അമ്മയുടെ മിഴികളും മനസ്സും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് കാർ നിർത്താൻ പറഞ്ഞ് ഇടവഴിയിലെ യാത്രക്കാരോട് കുശലം പറഞ്ഞു. പിന്നെയും യാത്ര മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു. പോസ്റ്റോഫീസ് കഴിഞ്ഞുള്ള ഇടവഴി എത്തിയപ്പോൾ
“പാപ്പുവേയ് ഒന്ന് ഇവിടെ ചവിട്ടിയേ…’
വണ്ടി ഞാൻ സൈഡിലേക്ക് നിർത്തി. പുറത്തേക്കിറങ്ങാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടെന്ന് എനിക്ക് തോന്നി.

നീല ഞരമ്പ് എഴുന്ന് നിൽക്കുന്ന കൈകളിൽ ഞാൻ പതിയെ പിടിച്ചു കൊണ്ട് പുറത്തിറക്കി. കുന്നിൻ മുകളിലേക്കാണ് അമ്മയുടെ നോട്ടം. ഞാനൊന്ന് ഞെട്ടി കാരണം അവിടെയാണ് ഞങ്ങളുടെ തറവാട്. ഇടയ്ക്കിടക്ക് ബോധക്കേടിന്റെ ഭാഷയിൽ സംസാരിക്കുന്ന അമ്മക്ക് കൃത്യമായി തറവാടെങ്ങനെ മനസ്സിലായി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു.

തറവാട്ടിലേക്ക് എത്താൻ ഇരുപത്തിമൂന്ന് പടികൾ ചവിട്ടി കയറണം. അത് കണ്ടാവണം അമ്മയുടെ മുഖം ഇരുളുകയും, മ്ലാനമാവുകയും ചെയ്തത്. അവശതകൾ ഏതുമില്ലെങ്കിൽ ഇപ്പോ ചാടിക്കേറി പോയേനെ. ഒട്ടൊരു നിരാശയോടെ എന്നോട് പറഞ്ഞു.
“പാപ്പുവേയ് നമ്മക്ക് തിരിച്ച് പോവാം…’ അത് പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയത് ഞാനറിഞ്ഞു.

കുറച്ചു നിമിഷം ഞാനൊന്ന് ആലോചിച്ചു. പിന്നെ മുണ്ട് മടക്കിക്കുത്തി. പ്രായം അമ്പത്തഞ്ചാണെന്നും ശ്വാസം മുട്ടലിന്റെ അസഹ്യതയുണ്ടെന്നും മറന്ന് ശോഷിച്ചു തുടങ്ങിയ ആ പഞ്ഞിക്കെട്ടിനെ! കുഞ്ഞിനെ മുറിയനെ എടുക്കുന്നതു പോലെ ഞാനെന്റെ നെഞ്ചോട് ചേർത്ത് പടികൾ കയറാൻ തുടങ്ങി. അമ്മയാകെ അന്തംവിട്ടു.
“നീയെന്താ കൊച്ചേ ഈ കാണിക്ക്ന്നേ…!’

“ചെറുപ്പത്തില് എത്രയോ വട്ടമാണ് എന്നെയും ഒക്കത്തെടുത്ത് അമ്മയീ പടികൾ കയറിയിട്ടുള്ളത്. ഇന്ന് അമ്മക്ക് വയ്യ അതോണ്ട് ഞാൻ അമ്മയേയും കൊണ്ട് പടി കയറുന്നു’. ഇത്തിരി കിതപ്പോടെ ഞാനത് പറഞ്ഞ് മുഴുമിപ്പിച്ചപ്പോഴേക്കും അമ്മയുടെ ചുളിഞ്ഞ കണ്ണുകളിൽ നിന്നും നീരുറവ പൊടിഞ്ഞ് എന്റെ ഷർട്ട് നനച്ചു. അതിന്റെ ചൂടിൽ എന്റെ നെഞ്ചകം പൊള്ളി.
അവസാനത്തെ പടിയും കടന്ന് മുറ്റത്തെത്തിയപ്പോൾ കണ്ടു വാതിൽ പൂട്ടി കിടക്കുന്നു. താമസക്കാര്, ജോലിക്കോ പുറത്തോ പോയിട്ടുണ്ടാവുമെന്ന് ഞാനൂഹിച്ചു.
“നീ ചാവി എട്ത്തില്ലേ പാപ്പുവേയ്’.
ഇല്ലെന്ന് കിതപ്പോടെ ഞാൻ തലയിളക്കി.
“സാരല്ല അട്ത്ത ദെവസം ആകട്ടെ’ എന്ന് സമാധാനിച്ച് അവിടത്തെ ശുദ്ധവായുവൊക്കെ ശ്വസിച്ച് ചുറുചുറുക്കോടെ അമ്മ അവിടമൊക്കെ ചുറ്റി നടന്നു.

വീട്ടിലേക്ക് തിരികെ പോകുമ്പോൾ ഞാനമ്മയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് വിടർന്ന പ്രസരിപ്പിലും നിർവൃതിയിലുമെല്ലാം എത്ര ഡ്രസ് വാങ്ങി കൊടുത്താലോ, ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങി നൽകിയാലോ കാണാറില്ലല്ലോ എന്ന് ഞാൻ ഊഹിച്ചു. ചിലപ്പോൾ അവരുടേതായ ഇത്തരം കൊച്ചുകൊച്ചു സന്തോഷങ്ങളും ആഗ്രഹങ്ങളുമൊക്കെയാവാം അവരെന്നും മനസ്സിൽ കൊണ്ട് നടക്കുന്നത്. അത്തരം സന്തോഷങ്ങൾ തേടി കണ്ടുപിടിച്ച് നേടിക്കൊടുക്കുമ്പോഴാണ് മക്കളായ് പിറന്നതിൽ അഭിമാനിക്കേണ്ടതെന്ന് മനസ്സിലുറപ്പിച്ചു കൊണ്ട് കാറ് ഞാൻ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.

Latest