Articles
കുരിശിന്റെ വഴിയും ഭരണകൂടത്തിന്റെ വഴിയേ!
2025ലെ ഓശാന ഞായര്‍ ദിനത്തിലെ സംഭവത്തിന്റെ പേരില്‍ മാത്രം ഒരു ഭരണ സംവിധാനം ക്രൈസ്തവ വിരുദ്ധമെന്നോ ന്യൂനപക്ഷവിരുദ്ധമെന്നോ വിലയിരുത്തുന്നത് തികച്ചും അവിവേകമാണ്. എന്നാല്‍ ഡല്‍ഹിയിലെ സംഭവം ഒറ്റപ്പെട്ട ഒന്നായി മാത്രം വിലയിരുത്താന്‍ 2014 മുതലുള്ള ചില കണക്കുകള്‍ അനുവദിക്കുന്നുമില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നു.

രാജ്യ തലസ്ഥാനത്ത്, ഡല്‍ഹി കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്താറുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് ഈ വര്‍ഷം ഡല്‍ഹി ഭരണകൂടം അനുമതി നിഷേധിച്ചത് ക്രൈസ്തവരില്‍ വലിയ വേദനക്കും നിരാശക്കും കാരണമായി. 2013 മുതല്‍ പതിവായി നടത്തുന്ന ആത്മീയാചാരമാണിത്. പീഡാനുഭവ വാരത്തില്‍ ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആത്മീയ അനുഷ്ഠാനമാണ് കുരിശിന്റെ വഴി. ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഡല്‍ഹി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്കാണ് ഈ പരിഹാര പ്രദക്ഷിണം നടത്താറുള്ളത്. 2024ലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദേവാലയത്തില്‍ വന്നത്, അന്ന് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു.
എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചത് എന്ന കാര്യം ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. അതും ഓശാന ഞായറിന്റെ തലേ ദിവസം രാത്രി ഒമ്പത് മണിക്ക്. ഒരു മാസം മുമ്പേ അനുമതി ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി അതിരൂപത അപേക്ഷ നല്‍കിയതാണ്. ഈ കുരിശിന്റെ വഴി നടത്തിയതുകൊണ്ട് എന്തെങ്കിലും സുരക്ഷാ പ്രശ്നമോ ഗതാഗത കുരുക്കോ ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ 13 വര്‍ഷം ഉണ്ടാകാത്ത എന്ത് സുരക്ഷാ പ്രശ്നമാണ് പുതിയതായി ഉണ്ടായിരിക്കുന്നത്? അറിയില്ല! ഡല്‍ഹി പോലീസാകട്ടെ അത് എന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല.
മലയാളിയായ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി പറഞ്ഞത്, ‘ഡല്‍ഹിയില്‍ ക്രൈസ്തവര്‍ക്ക് മാത്രമല്ല, ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്രക്കും അനുമതി നിഷേധിച്ചു’ എന്നാണ്. എന്നാല്‍ ഇക്കാര്യം വസ്തുനിഷ്ഠമല്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ജഹാംഗീര്‍ പുരിയില്‍ മാത്രമാണ് ശോഭായാത്രക്ക് അനുമതി നിഷേധിച്ചത്. അതാകട്ടെ 2022ല്‍ ശോഭായാത്രയോടനുബന്ധിച്ച് കലാപം ഉണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിനാലാണ്. മറ്റെല്ലായിടത്തും ശോഭായാത്രകള്‍ പ്രശ്നരഹിതമായി നടന്നു.
ഇന്ത്യയിലെ മൈക്രോ ന്യൂനപക്ഷങ്ങളിലൊന്നായ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ ആചരണത്തിന് സുരക്ഷ ഒരുക്കാന്‍ സാധിക്കാത്തത്ര ദുര്‍ബലമാണോ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം? അങ്ങനെ ആരെങ്കിലും കരുതുമെന്ന് തോന്നുന്നില്ല. അതും രാജ്യതലസ്ഥാന നഗരിയില്‍. രണ്ടായിരത്തില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുക്കുന്ന ഈ പരിഹാര പ്രദക്ഷിണത്തിന് സുരക്ഷാ കാരണങ്ങളാല്‍ അനുമതി നിഷേധിച്ചത് തികച്ചും സംശയകരമാണ്. ഭരണകൂടത്തിന്റെ മനോഭാവമാണ് ഇവിടെ പ്രധാനപ്പെട്ടത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ആചാരങ്ങള്‍ പരസ്യമായി അനുഷ്ഠിക്കാനും ഭരണഘടനയുടെ 25ാം അനുഛേദം നല്‍കുന്ന മൗലികാവകാശം മുഴുവന്‍ പൗരന്മാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നത് ഭരണകര്‍ത്താക്കള്‍ പലപ്പോഴും സൗകര്യപൂര്‍വം മറക്കുന്നു.
ഭയപ്പെടുത്തുന്ന കണക്കുകള്‍
2025ലെ ഓശാന ഞായര്‍ ദിനത്തിലെ സംഭവത്തിന്റെ പേരില്‍ മാത്രം ഒരു ഭരണ സംവിധാനം ക്രൈസ്തവ വിരുദ്ധമെന്നോ ന്യൂനപക്ഷവിരുദ്ധമെന്നോ വിലയിരുത്തുന്നത് തികച്ചും അവിവേകമാണ്. എന്നാല്‍ ഡല്‍ഹിയിലെ സംഭവം ഒറ്റപ്പെട്ട ഒന്നായി മാത്രം വിലയിരുത്താന്‍ 2014 മുതലുള്ള ചില കണക്കുകള്‍ അനുവദിക്കുന്നുമില്ല. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (യു സി എഫ്) കണക്ക് പ്രകാരം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഓരോ വര്‍ഷവും അടിക്കടി വര്‍ധിച്ചു വരുന്നു. പ്രതിദിനം രണ്ട് ക്രൈസ്തവരെങ്കിലും രാജ്യത്ത് മതത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. 2024ല്‍ 840 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2023ല്‍ ഇത് 740 ആയിരുന്നു. അതായത് ഒരു വര്‍ഷം നൂറ് അക്രമങ്ങളുടെ വര്‍ധന. 2014ല്‍ ഇത് 124 മാത്രമായിരുന്നു. 2025ല്‍ മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തന്നെ 196ല്‍ എത്തിയിരിക്കുന്നു. (ജനുവരിയില്‍ 55, ഫെബ്രുവരിയില്‍ 65, മാര്‍ച്ചില്‍ 76). കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആകെ 4,316 അക്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ട് പ്രകാരം ഉത്തര്‍ പ്രദേശില്‍ 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തന കുറ്റം ആരോപിച്ച് പോലീസ് 835ലധികം എഫ് ഐ ആര്‍ ഇടുകയും 1,682 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതില്‍ നാല് പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2022ല്‍ മാത്രം 89 പാസ്റ്റര്‍മാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളികള്‍ തകര്‍ത്തു. 127 ആക്രമണങ്ങളില്‍ 82 എണ്ണവും സംഘടിത കലാപങ്ങള്‍ക്ക് സമാനമായിരുന്നു.
സമകാലീന സംഭവങ്ങള്‍
മധ്യപ്രദേശിലെ ജബല്‍പൂരിലും ഒഡിഷയിലെ ബഹറാംപൂരിലും മലയാളി കത്തോലിക്കാ വൈദികരും വിശ്വാസികളും ആക്രമിക്കപ്പെട്ടു. ഒഡിഷയില്‍ നിയമം കാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് തന്നെയാണ് ആക്രമണം നടത്തിയതെങ്കില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ പോലീസ് സാന്നിധ്യത്തില്‍ ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണങ്ങള്‍ നടത്തിയത്. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലും ഉന്നയിക്കപ്പെട്ടിരുന്നു. ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയിലെ ഹോളി ക്രോസ്സ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന കുറ്റം ആരോപിച്ച് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു. ആ നഴ്സിംഗ് കോളജ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു കൊണ്ട് ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്. ജാഷ്പൂര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനമാണ് ഹോളി ക്രോസ്സ് ആശുപത്രിയും നഴ്സിംഗ് കോളജും.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്?
ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ഈ ആക്രമണങ്ങളെല്ലാം നടക്കുന്നത് എന്നൊന്നും ആരും പറയുന്നില്ല. എന്നാല്‍ അക്രമകാരികളോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുസമീപനവും അക്രമങ്ങളാട് കാണിക്കുന്ന നിസ്സംഗതയും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിലെ അലംഭാവവും വീണ്ടും അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ജബല്‍പൂരില്‍ നടന്നത് പരസ്യമായ ആള്‍ക്കൂട്ട ആക്രമണമാണ്. എന്നിട്ടും നാല് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒഡിഷയിലെ ബഹറാംപൂരില്‍ നടന്ന ആക്രമണത്തെ സംബന്ധിച്ച് ഏഴ് അഭിഭാഷകരും ഒരു സാമൂഹിക പ്രവര്‍ത്തകയും ഉള്‍പ്പെട്ട വസ്തുതാന്വേഷണ സമിതിയുടെ റിപോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. പോലീസ് ചെയ്ത അതിക്രമങ്ങള്‍ അതില്‍ അക്കമിട്ട് പറഞ്ഞിട്ടുമുണ്ട്.
ഇന്ത്യയില്‍ സംഭവിക്കുന്നത്
2014 മുതലുള്ള കാലഘട്ടത്തില്‍ അസഹിഷ്ണുതയും വിഭജന രാഷ്ട്രീയവും അപകടകരമാം വിധം വര്‍ധിച്ചു. മതസൗഹാര്‍ദത്തിന്റെ നാടായ കേരളത്തില്‍ പോലും അത് സംഭവിച്ചെങ്കില്‍ മധ്യ, ഉത്തരേന്ത്യയിലെ സ്ഥിതി പറയേണ്ടതില്ലല്ലോ. ഇന്നത്തെ ഇന്ത്യയില്‍ അസഹിഷ്ണുത എന്ന മാലിന്യം അപകടകരമായ അളവിനും അപ്പുറത്താണ്.
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ നടക്കുന്നു. ഏറ്റവും അവസാനമായി പാര്‍ലിമെന്റ്പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ്. തന്റെ പുസ്തകമായ ‘ദി ബേസിക് സ്ട്രക്ച്ചര്‍ ഡോക്ട്രിന്‍’ പ്രകാശനം ചെയ്യവേ, ജസ്റ്റിസ് രോഹിംഗ്ടന്‍ നരിമാന്റെ പ്രസംഗത്തില്‍ ഒരു മുന്നറിയിപ്പുണ്ട്: ‘ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഇല്ലാതായാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ആവര്‍ത്തിക്കും’. സുപ്രധാനമായ കേശവാനന്ദ ഭാരതി – സ്റ്റേറ്റ് ഓഫ് കേരള (1973) എന്ന കേസിലാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റാനോ റദ്ദ് ചെയ്യാനോ ഭേദഗതി ചെയ്യാനോ ആര്‍ക്കും അവകാശമില്ലെന്ന ചരിത്രപരമായ വിധി ഉണ്ടാകുന്നത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിത്.
മതത്തിന്റെ കാര്യത്തില്‍ മാത്രമല്ല സകല മേഖലകളിലും അസഹിഷ്ണുതയുടെ ആധിക്യം കാണാന്‍ സാധിക്കും. തങ്ങളുടെ ചിന്തക്ക് വിരുദ്ധമായ ഒന്നിനും- അത് രാഷ്ട്രീയ പാര്‍ട്ടിയോ, സംഘടനയോ പുസ്തകമോ സിനിമയോ എന്തുമാകട്ടെ- ഇവിടെ സ്ഥാനമില്ല എന്ന ചിന്തയെ ദേശീയവത്കരിക്കുന്ന പ്രവണത അളവില്ലാത്തവിധം വര്‍ധിക്കുന്നു.
ഫ്രഞ്ച് ചിന്തകനും മനഃശാസ്ത്രജ്ഞനുമായ ഫ്രാങ്ക് പാവ്ലോഫിന്റെ ‘തവിട്ടു പ്രഭാതം’ എന്ന നോവലെറ്റില്‍ സമകാലീന ഫാസിസ്റ്റ് പ്രവണതകളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആ പുസ്തകത്തില്‍, ഭരണകൂടം പൗരന്മാരോട് പറയുന്നു: ‘നിങ്ങള്‍ക്ക് പൂച്ചകളെ വളര്‍ത്താം; എന്നാല്‍ അത് തവിട്ടു നിറമുള്ളതായിരിക്കണം. നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാം; എന്നാല്‍ അത് തവിട്ടു നിറത്തെ മഹത്വവത്കരിക്കുന്നതാകണം. നിങ്ങള്‍ക്ക് ഏത് ഭക്ഷണവും കഴിക്കാം; എന്നാല്‍ അത് തവിട്ടു നിറത്തില്‍ പാകം ചെയ്തതാകണം’. ഫാസിസ്റ്റ് മനസ്സുള്ള ഭരണകൂടത്തിന്റെ ഉത്തരവുകളും സമാനമാണ്. നിങ്ങള്‍ക്ക് കുരിശിന്റെ വഴി നടത്താം; എന്നാല്‍ ഞങ്ങള്‍ നിശ്ചയിക്കുന്ന സ്ഥലത്ത് ഞങ്ങള്‍ പറയുന്നതുപോലെ നടത്തണം. നിങ്ങള്‍ക്ക് ഈദ്ഗാഹുകള്‍ നടത്താം; എന്നാല്‍ അത് എവിടെ, എങ്ങനെ നടത്തണമെന്ന് ഭരണകൂടം പറയും. വീടിന്റെ മട്ടുപ്പാവില്‍ പെരുന്നാള്‍ നിസ്‌കാരം നടത്തരുത് എന്ന് ഒരു ഭരണകൂടം ഉത്തരവിറക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ.
‘തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പൗരന്മാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം’ എന്ന ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ വാക്കുകള്‍ക്ക് ഈ കാലഘട്ടത്തില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറുടെ വാക്കുകള്‍ കാലം ചെല്ലവെ കൂടുതല്‍ പ്രസക്തമാകുകയാണ്. ‘ഭരണഘടന എത്ര നല്ലതായാലും മോശം ഭരണകര്‍ത്താക്കള്‍ കൈകാര്യം ചെയ്താല്‍ ഭരണഘടനയും മോശമാകും’. അദ്ദേഹം ഇങ്ങനെ പറഞ്ഞത് ഈ കാലഘട്ടത്തെ മുന്‍കൂട്ടി കണ്ടിട്ടായിരുന്നോ?