Connect with us

തെളിയോളം

പിന്തുടരുന്നവരുടെ വഴി

താൻ പുലർത്തുന്ന പൊതു വിശ്വസ്തത സ്വകാര്യ സ്വാധീനത്തിലേക്ക് നയിക്കുമെന്ന് മികച്ച അനുയായികൾക്ക് അറിയാം. നേതാവും അനുയായികളും ഒരേ ലക്ഷ്യം നേടുന്നതിനായി പ്രവർത്തിക്കുന്നവരാണ്.അവരുടെ ബന്ധം സ്നേഹം, പരസ്പര പരിചരണം, തുറന്ന മനസ്സ് എന്നിവയിൽ അധിഷ്ഠിതമായിരിക്കണം. ഫീഡ് ഫോർവേഡ് നൽകുമ്പോൾ, അനുയായികൾ നേതാവിനോട് ദയയും സ്നേഹവും പുലർത്തേണ്ടതും ആവശ്യമാണ്.

Published

|

Last Updated

“കൊമ്പൻ പോയതു മോഴക്കും വഴി’ എന്നത് ഏറെ അർഥവ്യാപ്തിയുള്ള ഒരു പഴഞ്ചൊല്ലാണ്. പുതുവഴി വെട്ടുക എന്ന ശ്രമകരവും അപകടസാധ്യത കൂടിയതുമായ “വിജയ വഴി’യുടെ നേർ വിപരീതമായി ഒരു രീതിയിൽ അതിനെ വായിക്കാം. മുന്പേ നടന്നവരുടെ വഴിയിൽ ക്ലേശരഹിതമായി നടക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. ചില സമയങ്ങളിൽ അത് കുറേക്കൂടി മികച്ച ഒരു രീതി കുടിയാണ്. “കൊമ്പൻ’മാർക്ക് ഉള്ള പല സാധ്യതകളും മോഴകൾക്ക് ഉണ്ടാകില്ല. അത് കൊണ്ട് ആ വഴി എളുപ്പമുള്ളത് മാത്രമല്ല വെളിച്ചമുള്ളതു കൂടിയാകും.

ആ പിന്തുടരലിൽ ലാഭിക്കുന്ന എനർജിയും റിസോഴ്സുകളും കൂടുതൽ ഫലപ്രദമായി ചില എക്സ്ട്രാ കുതിപ്പുകൾക്ക് ഉപയോഗിക്കുകയുമാവാം. നയിക്കുന്നത് പോലെ പ്രധാനമാണ് അനുനയിക്കുന്നതുമെന്നർഥം. മെഴുകുതിരിയാണ് നേതാവെങ്കിൽ അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് അനുയായികൾ.

“ഒരാൾ അത്യുന്നതമായ സ്ഥാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ, രണ്ടാമനായിരിക്കുന്നത് അവന് അപമാനമല്ല.’ എന്ന സിസറോയുടെ വാക്കുകൾ അനുയായികളെ പ്രചോദിപ്പിക്കുന്നതാണ്. ഒരു നേതാവിന്റെ കാഴ്ചപ്പാടുമായോ ലക്ഷ്യവുമായോ സ്വമേധയാ അണിനിരക്കുന്നവരാണ് അനുയായികൾ. നേതാവിന്റെ കഴിവുകളിൽ വിശ്വസിക്കുകയും പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അവരുടെ മാർഗനിർദേശം പിന്തുടരുകയും ചെയ്യുക എന്നതാണ് അനുയായികളുടെ കർമവഴി.

പിന്തുടരുക എന്നത് കാമ്പുള്ളതാകുന്നത് അത് അന്ധമായ ഒരു പാച്ചിലാവാതിരിക്കുമ്പോഴാണ്. കാണുന്ന വഴിക്ക് വെച്ചുപിടിക്കുകയല്ല, നിർണയിച്ച ദിശയിൽ കൃത്യതയോടെ, അന്വേഷണ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള ഇൻപുട്ടുകൾ ശരിയാം വിധം സ്വായത്തമാക്കി എന്ന് ഉറപ്പുവരുത്തി മുന്നോട്ടു നടക്കണം. “ഈ കലങ്ങിയ വെള്ളത്തിലൂടെ നിങ്ങളെ നയിക്കാൻ എന്നെ വിശ്വസിക്കൂ.’ എന്ന ഒരു ശരിയായ നേതാവിന്റെ ഉറച്ച ചുവടിനെ ധീരമായി ആശ്ലേഷിക്കുന്ന അനുയായികൾ സ്വന്തം വളർച്ചയെ ശക്തമായി പ്രചോദിപ്പിക്കുകയാണെന്നറിയുക.

ഒരാള്‍ ഓടി വന്നു വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന മുല്ലായോടു ചോദിച്ചു “നിങ്ങള്‍ ഈ വഴിയെ ഒരു പന്നി ഓടി വരുന്നത് കണ്ടോ? അതെങ്ങോട്ടാണ് പോയത്?’
മുല്ലാ പറഞ്ഞു : “ദാ ആ വഴിയെ പോയി’. ഇത് കേട്ട് അയാള്‍ നന്ദി പോലും പറയാതെ മുല്ല ചൂണ്ടിയ വഴിയെ കുറെ മുന്നോട്ടു പോയി, കുറെ കഴിഞ്ഞ് തിരിച്ചു വന്നു.

അയാള്‍ : “നിങ്ങൾക്ക് ഉറപ്പുണ്ടോ, ഈ വഴി തന്നെയാണോ അത് പോയത്?’
മുല്ല: “തീർച്ചയായും, ഏതാണ്ടു രണ്ടു വർഷം മുമ്പായിരുന്നു എന്ന് മാത്രം!!’. നേതാവായിരിക്കുക എന്നതിനേക്കാൾ ശ്രമകരമാണ് അനുയായിയാവുക എന്നത് ബോധ്യപ്പെടുത്തുന്ന ഒരു മുല്ലാക്കഥയാണിത്.

പറയുന്നത് കേൾക്കുക എന്നതിനെയാണ് നാം അനുസരണം എന്ന് പറയുന്നത്. അത് നിഷ്ക്രിയത്വത്തിന്റെയോ അന്ധമായ അനുകരണത്തിന്റെയോ പര്യായമല്ല; മറിച്ച്, അതിൽ സജീവമായ ഇടപെടലും വിമർശനാത്മക ചിന്തയും ഉൾച്ചേരണം. ഫലപ്രദമായ അനുയായികൾക്ക് മുൻകൈയെടുക്കൽ, മാറ്റങ്ങളോടുള്ള പോസിറ്റീവ് ആയ സമീപനം, ഒരു ടീമിനുള്ളിൽ നന്നായി പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളുണ്ടാകണം. അവർ നേതാക്കൾക്ക് വിലപ്പെട്ട ഫീഡ്ബാക്ക് നൽകുക മാത്രമല്ല ആവശ്യമുള്ള സന്ദർഭങ്ങളിൽ ഫീഡ് ഫോർവേഡ് നൽകുകയും ചെയ്യും. ഭൂതകാലത്തിന്റെ കണക്കെടുപ്പായ ഫീഡ്ബാക്ക് തിരുത്തലുകൾക്ക് സഹായിക്കുമെങ്കിലും വരുംകാലത്തേക്കുള്ള കാമ്പുറ്റ ആശയങ്ങളും ഉൾക്കാഴ്ചകളും നൽകുന്ന ഫീഡ് ഫോർവേഡ് ഏറ്റവും പ്രധാനമാണ്.

താൻ പുലർത്തുന്ന പൊതു വിശ്വസ്തത സ്വകാര്യ സ്വാധീനത്തിലേക്ക് നയിക്കുമെന്ന് മികച്ച അനുയായികൾക്ക് അറിയാം. നേതാവും അനുയായികളും ഒരേ ലക്ഷ്യം നേടുന്നതിനായി പ്രവർത്തിക്കുന്നവരാണ്. അവരുടെ ബന്ധം സ്നേഹം, പരസ്പര പരിചരണം, തുറന്ന മനസ്സ് എന്നിവയിൽ അധിഷ്ഠിതമായിരിക്കണം. ഫീഡ് ഫോർവേഡ് നൽകുമ്പോൾ, അനുയായികൾ നേതാവിനോട് ദയയും സ്നേഹവും പുലർത്തേണ്ടതും ആവശ്യമാണ്. നേതാവിനെ മെച്ചപ്പെടാൻ അനുയായികൾ സഹായിക്കുമ്പോൾ, എല്ലാവർക്കും അതിൽ നിന്ന് പ്രയോജനം ലഭിക്കുകയും സ്ഥാപനവും സംഘടനയും എല്ലാം ശ്രദ്ധേയമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്യുന്നു.
അനുയായികൾക്ക് നല്ല നിരീക്ഷണ പാടവമുണ്ടാകും.

നേതാവിനെ അവന്റെ അല്ലെങ്കിൽ അവളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് അവർ ശ്രദ്ധിക്കുന്നു. എന്നിട്ട് അവർ സന്തോഷത്തോടെ, പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്യാതെ ആവേശപൂർവം അത് ചെയ്യുന്നു. അവർ ഒരിക്കലും തങ്ങളുടെ മേലധികാരിയെക്കുറിച്ച് മോശമായി സംസാരിക്കില്ല. ഇതിനർഥം അവർ വിയോജിക്കുകയോ വിമർശിക്കുകയോ അരുത് എന്നല്ല.

“യെസ്’ എന്ന് മാത്രം പറഞ്ഞ് ശീലമുള്ളവർ ദീർഘകാലാടിസ്ഥാനത്തിൽ ഒരു സ്ഥാപനത്തിന് സഹായകമാവുകയുമില്ല. മികച്ച ഒരു നേതാവാകാൻ താത്പര്യമുള്ള അനുയായി “എനിക്ക് എങ്ങനെ മികച്ച അനുയായിയാകാൻ കഴിയും?’ എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കണം. മുന്നിൽ വഴിവെട്ടി നടക്കുന്ന നേതാവിന് പിന്നിൽ ആ വഴി കൂടുതൽ വെളിച്ചമുള്ളതാക്കാൻ സമർപ്പണം നടത്തി മുന്നേറണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ: “എന്റെ ബോസിനെ എനിക്ക് എങ്ങനെ കൂടുതൽ വിജയിപ്പിക്കാനാകും?’ എന്ന നിരന്തരമായ അന്വേഷണമാണ് ഒരു അനുയായിയുടെ നേതൃയാത്രക്കുള്ള തെളിമയുള്ള വഴി.

Latest