Editorial
ഗസ്സക്ക് പിറകേ വെസ്റ്റ് ബാങ്ക്; വെടിയൊച്ച നിലക്കുന്നില്ല
ഗസ്സ ജനരഹിത ഇടമാക്കി മാറ്റി ഇസ്‌റാഈൽ നിയന്ത്രണത്തിൽ കൊണ്ടുവരിക. വെസ്റ്റ് ബാങ്കിൽ ജൂതൻമാരെ കൂടുതൽ കുടിയിരുത്തുക. ഇതാണ് തന്ത്രം. ഫലസ്തീനെ പൂർണമായി മായ്ച്ച് കളയാനുള്ള ഈ നീക്കത്തിന് ലോകം കൂട്ടുനിൽക്കരുത്.
![](https://assets.sirajlive.com/2021/08/editorial.jpg)
വെടിനിർത്തൽ കരാർ അതിന്റെ ആദ്യഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഹൃദയഹാരിയായ തിരിച്ചുവരവുകളുടെയും ആട്ടിയിറക്കപ്പെട്ട മണ്ണിലേക്ക് തിരിച്ചു ചെല്ലുന്നതിന്റെയും ആവേശമാണ് ഗസ്സയിൽ കാണുന്നത്. ഹമാസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നിരവധി ഫലസ്തീൻ തടവുകാരെ ഇസ്‌റാഈൽ വിട്ടയക്കുന്നുണ്ട്. ഈജിപ്തിന്റെയും ഖത്വറിന്റെയും യു എസിന്റെയും മാധ്യസ്ഥ്യത്തിൽ നേരത്തേ തയ്യാറാക്കിയ ധാരണകൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇസ്‌റാഈലിൽ തിരിച്ചെത്തുന്ന ബന്ദികളെ സ്വീകരിക്കാൻ തെൽ അവീവിൽ വലിയ ആഘോഷരാവുകളാണ് ഒരുക്കുന്നത്. മോചിതരായ തടവുകാരും ബന്ദികളും അവരുടെ ഉറ്റവർക്കും ഉടയവർക്കും സുഹൃത്തുക്കൾക്കും ഇടയിലെത്തുന്നത് വികാരഭരിതമായ രംഗങ്ങൾ സൃഷ്ടിക്കുന്നു. കൂടിച്ചേരലിന്റെ ഈ നിമിഷങ്ങൾ മനുഷ്യത്വമുള്ള മുഴുവൻ പേരിലും സുസ്ഥിര സമാധാനത്തിലേക്കുള്ള പ്രതീക്ഷകളും പ്രാർഥനകളും ഉണർത്തുന്നു.
“ഗസ്സക്കാരെ കൊന്നത് മതി, ഇത് ഞങ്ങൾക്ക് വേണ്ടിയല്ല’ എന്ന് മുദ്രാവാക്യം മുഴക്കിയവരാണ് ബന്ദികളുടെ ബന്ധുക്കൾ. വംശഹത്യാ ആക്രമണം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതിച്ഛായ കുത്തനെ ഇടിക്കുകയാണ് ചെയ്തത്. ഇസ്‌റാഈലിൽ നടന്ന സർവേകളെല്ലാം ആക്രമണം ആനുപാതികമായിരുന്നില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. പ്രതിപക്ഷ നേതാവ് യേർ ലാപിഡ് ഈ കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. “ഗസ്സ പുനർനിർമിക്കാൻ അനുവദിക്കണം. നമുക്ക് നമ്മുടെ ജീവിതവും മുന്നോട്ട് കൊണ്ടുപോകണം. അതിന് ഇടങ്കോലിടുന്ന ഒന്നും അനുവദിക്കില്ല. യുദ്ധത്തിലേക്ക് മടങ്ങിപ്പോകലല്ല നമ്മുടെ ലക്ഷ്യം. ഇത് ഇസ്‌റാഈൽ സമ്പദ്്വ്യവസ്ഥയും സമൂഹവും സാധാരണനിലയിലേക്ക് മടങ്ങിവരേണ്ട സമയമാണ്’ എന്നായിരുന്നു ലാപിഡിന്റെ വാക്കുകൾ. എന്നാൽ ഇതൊന്നും ചെവികൊള്ളാതെ പുതിയ ആക്രമണ ലക്ഷ്യങ്ങൾ സൃഷ്ടിക്കുകയാണ് നെതന്യാഹു ഭരണകൂടം. വെസ്റ്റ് ബാങ്കിലെ ജെനീനിൽ നടക്കുന്ന മനുഷ്യക്കുരുതി ഇതിന് തെളിവാണ്. ഇന്നലെയും ജെനീനിൽ കുട്ടിയെയടക്കം അഞ്ച് പേരെ വധിച്ചിട്ടുണ്ട്. ആക്രമണ വിരാമം നെതന്യാഹുവിന്റെ അജൻഡയിലില്ല. ആഭ്യന്തര പ്രതിസന്ധികൾ മറച്ചുവെക്കാൻ ആക്രമണവ്യാപനം മാത്രമാണ് വഴിയെന്ന് അദ്ദേഹം കരുതുന്നു. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ നെതന്യാഹു ക്യാബിനറ്റിലെ എല്ലാ പാർട്ടികളും തയ്യാറായിട്ടില്ല. ഭരണസഖ്യത്തിൽ കൂട്ടരാജി തുടങ്ങിയിരിക്കുന്നു. സംഘർഷ അന്തരീക്ഷത്തിന് ശമനമായതോടെ ഇസ്‌റാഈലിലെ പൗരസമൂഹം രാഷ്ട്രീയ അടിയന്തരാവസ്ഥയിൽ നിന്ന് പുറത്തുകടക്കുകയും ചോദ്യങ്ങൾ ഉന്നയിച്ച് തുടങ്ങുകയും ചെയ്യുന്നുണ്ട്. ഇസ്‌റാഈലി മാധ്യമങ്ങൾ നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളിൽ വിചാരണ പുനരാരംഭിക്കുന്നതിനെ കുറിച്ച് എഡിറ്റോറിയലുകൾ എഴുതുന്നു. ജനാധിപത്യ പ്രക്ഷോഭങ്ങളിലേക്ക് ഇസ്‌റാഈലിലെ തെരുവുകൾ ഉണർന്നേക്കാം. സുപ്രീം കോടതിയെ ദുർബലമാക്കാൻ നെതന്യാഹു സർക്കാർ കൊണ്ടുവരാനിരുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാകും. ഇത്തരമൊരു സാഹചര്യം രൂപപ്പെടാതിരിക്കണമെങ്കിൽ യുദ്ധാന്തരീക്ഷം തുടർന്നേ മതിയാകൂ എന്നതുകൊണ്ടാണ് വെസ്റ്റ് ബാങ്കിൽ ആക്രമണം അഴിച്ചുവിടുന്നത്. ലബനാൻ അതിർത്തിയിലും ആക്രമണം തുടങ്ങിയിട്ടുണ്ട്. ഫലസ്തീനികൾക്ക് നഷ്ടപ്പെട്ട ഭൂമിയുടെ കാൽ ഭാഗമെങ്കിലും ചേർത്ത് രാഷ്ട്രം പണിയാൻ വഴിയൊരുക്കിയ ഓസ്‌ലോ കരാറിൽ ഒപ്പുവെച്ചതിന് യിഷ്താഖ് റബീനെ വെടിവെച്ച് കൊന്നവരാണ് സയണിസ്റ്റുകൾ. അതുകൊണ്ട് പുതിയ വെടിനിർത്തൽ കരാർ ഇസ്‌റാഈൽ രാഷ്ട്രീയത്തിൽ എന്തൊക്കെ സ്‌ഫോടനങ്ങൾക്ക് വഴിവെക്കുമെന്ന് പ്രവചിക്കാനാകില്ല. വെടിനിർത്തലിൽ അമർഷം കൊള്ളുന്ന തീവ്ര സയണിസ്റ്റുകളെ അടക്കിനിർത്താനും കൂടിയാണ് വെസ്റ്റ് ബാങ്കിലേക്ക് സൈന്യത്തെ അയക്കുന്നത്.
ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള, ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായ പ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഇസ്‌റാഈൽ, ജോർദാൻ, ചാവുകടൽ എന്നിവയാൽ ചുറ്റപ്പെട്ട പ്രദേശം. ഫലസ്തീൻ കുടുംബങ്ങളിൽ നിന്ന് ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ ഭൂമിയിൽ അനധികൃത കുടിയേറ്റങ്ങളും ഔട്ട്പോസ്റ്റുകളും നിർമിച്ച് അധിനിവേശം തുടരുകയാണ് ഇസ്‌റാഈൽ. ലോകത്ത് ഏറ്റവും വേഗം അധിനിവേശം നടക്കുന്ന ഭൂവിഭാഗമായാണ് ഈ പ്രദേശത്തെ യു എൻ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിൽ രജിസ്റ്റർ ചെയ്ത 8,71,000 അഭയാർഥികളുണ്ട്. ഇസ്‌റാഈൽ രൂപവത്കരണ ഘട്ടത്തിൽ, 1948ലെ നഖ്ബയിൽ കുടിയിറക്കപ്പെട്ടവരും അവരുടെ പിൻമുറക്കാരുമാണ്് ജെനിൻ അടക്കമുള്ള അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്. 1967ലെ ആറ്്ദിന യുദ്ധത്തിലാണ് വെസ്റ്റ് ബാങ്കിന്റെ ഒരു ഭാഗത്ത് ഇസ്‌റാഈൽ ആധിപത്യം സ്ഥാപിച്ചത്. ഈ പ്രദേശം ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നതിന് 1949ലെ ജനീവ കൺവെൻഷന്റെയും പിന്നീട് വന്ന ഓസ്‌ലോ കരാറിന്റെയും നിരവധി രക്ഷാസമിതി പ്രമേയങ്ങളുടെയും ഏറ്റവും ഒടുവിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെയും പിൻബലമുണ്ട്. എല്ലാമുണ്ടായിട്ടും ഈ പശ്ചിമ തീരത്ത് അധിനിവേശം നിർബാധം നടക്കുന്നു. വെസ്റ്റ് ബാങ്കിന്റെ ചെറുഭാഗം മാത്രമാണ് ഇപ്പോൾ ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ളത്.
നീതിയുക്തമായ ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കുന്നതിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൂടുതൽ തെളിച്ചത്തോടെ പതിയാൻ 2023 ഒക്‌ടോബർ ഏഴിന് ശേഷമുള്ള വംശഹത്യാ ആക്രമണം കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെയും അന്താരാഷ്ട്ര നീതിന്യായ കോടതിയിലെയും നടപടികളും നെതന്യാഹു അടക്കമുള്ളവർക്കെതിരായ അറസ്റ്റ് വാറണ്ടും ഇസ്‌റാഈലിനെ തുറന്ന് കാണിക്കുന്നതായിരുന്നു. ഈ ഘട്ടത്തിൽ ഫലസ്തീനികൾക്ക് അനുകൂലമായ ആഗോള കൂട്ടായ്മ രൂപപ്പെടുമോയെന്ന ആശങ്ക ഇസ്റാഈലിനും അമേരിക്കക്കുമുണ്ട്. അമേരിക്കൻ പിന്തുണയോടെ വെസ്റ്റ് ബാങ്കിൽ കടന്നുകയറാൻ ഈ സാഹചര്യം കൂടി കാരണമാണ്. ഗസ്സയിലെ ജനങ്ങളെ ഈജിപ്തിലേക്കോ ജോർദാനിലേക്കോ മാറ്റണമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും ഇതിനോട് ചേർത്ത് വായിക്കണം. ഗസ്സ ജനരഹിത ഇടമാക്കി മാറ്റി ഇസ്‌റാഈൽ നിയന്ത്രണത്തിൽ കൊണ്ടുവരിക. വെസ്റ്റ് ബാങ്കിൽ ജൂതൻമാരെ കൂടുതൽ കുടിയിരുത്തുക. ഇതാണ് തന്ത്രം. ഫലസ്തീനെ പൂർണമായി മായ്ച്ച് കളയാനുള്ള ഈ നീക്കത്തിന് ലോകം കൂട്ടുനിൽക്കരുത്.
ട്രംപിന്റെ കുടിയൊഴിപ്പിക്കൽ ആഹ്വാനത്തിനെതിരെ ഈജിപ്തും ജോർദാനും ഖത്വറും സഊദി അറേബ്യയും യു എ ഇയും സംയുക്ത പ്രസ്താവനയിറക്കിയത് ആശാവഹമാണ്.