International
കൊവിഡ് പ്രതിസന്ധി 2022 ലും തുടരുമെന്ന് ഡബ്ല്യുഎച്ച്ഒ
ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സീന്‍ സ്വീകരിച്ചിരിക്കുന്നത്.
ജനീവ| കൊവിഡ് പ്രതിസന്ധി 2022ലും തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങളിലെ വാക്സീന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ല്‍വാര്‍ഡ് മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സീന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ ഡോസുകള്‍ നല്‍കണമെന്ന് ബ്രൂസ് പറഞ്ഞു. മരുന്ന് കമ്പനികള്‍ അവരുടെ മുന്‍ഗണനാ പട്ടികയില്‍ ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടുപോകാതിരിക്കാന്‍ വേഗത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബ്രൂസ് പറഞ്ഞു. ആഗോള ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സീന്‍ 2021ല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വാക്‌സീനുകളും വികസിത രാജ്യങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. വാക്‌സീന്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങള്‍ അവരുടെ ജനങ്ങളുടെ ഉപയോഗത്തിന് വേണ്ടി കയറ്റുമതി നിയന്ത്രിച്ചുവെന്നും ഡോ. ബ്രൂസ് അയ്ല്‍വാര്‍ഡ് വ്യക്തമാക്കി.