Connect with us

Pathanamthitta

കാട്ടുപന്നി ഇടിച്ച് സ്കൂട്ടറിൽ നിന്നും വീണു; നഴ്സിന് ഗുരതര പരുക്ക്

വനമേഖലയായ ചിറ്റാറിൽ ആനയും പുലിയും പന്നിയും ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.

Published

|

Last Updated

ചിറ്റാർ | കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടറിൽ നിന്നും വീണ് ചിറ്റാർ ഗവ. ആശുപത്രിയിലെ സ്റ്റാഫ് നഴ്സിന് ഗുരുതര പരുക്കേറ്റു. ആങ്ങമൂഴി പനച്ചിക്കൽ സുമേഷിന്റെ ഭാര്യ പ്രിയയ്ക്കാണ് (38) പരുക്കേറ്റത്. ഇരു കൈകൾക്കും കാലിനും ആഴത്തിൽ മുറിവേറ്റു. ശരീരമാസകലം ചതവുപറ്റി. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 9.40ന് ആങ്ങമൂഴി – ചിറ്റാർ മെയിൻ റോഡിൽ ചിറ്റാർ ഡെൽറ്റാപടിക്ക് സമീപമാണ് സംഭവം.ജോലിക്കായി ആശുപത്രിയിലേക്ക് പ്രിയ സ്‌കൂട്ടറിൽ പോകുമ്പോള്‍ റോഡിന്റെ ഒരു വശത്തുനിന്ന് ഓടിയെത്തിയ പന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഇടിയുടെ ആഘാതത്തിൽ പ്രിയ സ്‌കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു.

പ്രിയ ഉച്ചത്തിൽ നിലവിളിച്ചതോടെ പന്നി ഓടിപ്പോയി. ഇതേ സമയം ഇതുവഴി വാഹനത്തിലെത്തിയവരാണ് പ്രിയയെ ചിറ്റാർ ഗവ. ആശുപത്രിയിലെത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂട്ടറിന് കേടുപാടുകളുണ്ട്. വനമേഖലയായ ചിറ്റാറിൽ ആനയും പുലിയും പന്നിയും ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.

Latest