Connect with us

feature

കാടിറങ്ങുന്ന വന്യത

മാർച്ചോടെ കേരളത്തിലെ മിക്ക കാടുകളിലും അത്യുഷ്ണം പടർന്നിട്ടുണ്ട്.വെള്ളത്തിനും ഭക്ഷണത്തിനുമായി ജീവികൾ കാടിറങ്ങുന്നു.ഇത്തരത്തിൽ എളുപ്പത്തിൽ ഭക്ഷണം കിട്ടിത്തുടങ്ങിയാൽ ആനകൾ ഉൾപ്പെടെയുള്ള ജീവികൾ ഇതൊരു ശീലമാക്കും.കൂടെക്കൂടെ കാടിറങ്ങും. ഈ രീതിയിൽ വന്യജീവികളുടെ ഭക്ഷണദാരിദ്ര്യം മൃഗ– മനുഷ്യ സംഘർഷത്തിന്‌ കാരണമാകും.

Published

|

Last Updated

മീപകാലങ്ങളിലായി മനുഷ്യ വന്യജീവി സംഘർഷം ചർച്ച ചെയ്യാത്ത ദിവസങ്ങൾ നമ്മുടെ ജീവിതത്തിലില്ല എന്നു തന്നെ പറയാം. ആന മുതൽ കാട്ടുപന്നി വരെ വനാതിർത്തിയിലും പരിസരങ്ങളിലും എത്തുന്നത്‌ പതിവ്‌ സംഭവമായിട്ടുണ്ട്‌. വ്യപകമായി കൃഷി നശിപ്പിക്കപ്പെടുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്നു. വയനാട്‌ ഉൾപ്പെടെയുള്ള വനങ്ങളുള്ള ജില്ലയിലുള്ളവർ കടുത്ത പ്രതിഷേധം ഈ വിഷയത്തിൽ ഉയർത്തുന്നുണ്ട്‌. കാടുള്ളതാണിതിനെല്ലാം കാരണം എന്ന തരത്തിലേക്ക്‌ ചുരുക്കി ഈ വിഷയത്തെ കാണാനും കഴിയില്ല. കാടില്ലാതെ മനുഷ്യന് നിലനിൽപ്പില്ല. ഇത് ഒരു വസ്തുതയാണെന്നിരിക്കെ മനുഷ്യന്റെ ജീവനും നിലനിൽപ്പിനും കാടുതന്നെ ഭീഷണിയാകുന്നുവെങ്കിൽ പാരസ്പര്യത്തിൽ ഉലച്ചിൽ വരുമെന്ന് തീർച്ചയാണ്‌.
വന്യജീവികൾ കാടിറങ്ങാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്‌. കാടിന്റെ ഘടനയിലുണ്ടായ മാറ്റമാണ്‌ ഒന്നാമത്‌.

ഇതിനെത്തുടർന്നുകൂടിയുണ്ടായ വന്യജീവികളുടെ സ്വഭാവസവിശേഷതയിലെ മാറ്റമാണ്‌ മറ്റൊരു കാരണം. ഇരുപത്‌ വർഷം മുമ്പ്‌ വരെ ധാരാളം മുളങ്കാടുകളും പുൽമൈതാനങ്ങളും മൊട്ടക്കുന്നുകളും അരുവികളും വെള്ളക്കെട്ടുകളും കുളങ്ങളുമൊക്കെ ഉണ്ടായിരുന്ന തണുത്ത വയനാടൻ കാട് ഇന്ന് ഓർമയിൽ മാത്രമാണുള്ളത്‌. അഞ്ച്‌ വർഷത്തിനിടെ വയനാട്ടിലെ താപനില രണ്ട്‌ ഡിഗ്രി വർധിച്ചു എന്നത്‌ പ്രധാന പ്രശ്നമാണ്‌. പുൽപ്പള്ളി, മുള്ളൻകൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ ഡക്കാൻ പീഠഭൂമിയുടെ വരണ്ട കാലാവസ്ഥ പ്രകടമായി അനുഭവപ്പെടാനും തുടങ്ങിയിട്ടുണ്ട്‌. പച്ചപ്പ്‌ സമൃദ്ധമാക്കിയ മുളങ്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത്‌ കാടിന്റെ സ്വാഭാവികതക്ക് കോട്ടമുണ്ടാക്കി.

ഇത്‌ ആനയുൾപ്പെടെയുള്ളവയുടെ ഭക്ഷ്യലഭ്യതയിലും കുറുവുണ്ടാക്കാൻ ഇടവരുത്തിയിട്ടുണ്ട്‌. ഫെബ്രുവരിയാകുന്നതോടെ കാട്ടിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങുന്ന സ്ഥിതിയാണുള്ളത്‌. ഈ ഘട്ടത്തിൽ ജലലഭ്യത നന്നേ കുറയുന്ന നീലഗിരി കാടുകളിൽനിന്ന് മൃഗങ്ങൾ വയനാടൻ കാടുകളിലേക്കെത്തുന്ന സ്ഥിതിയുണ്ട്. ഇതും വയനാടൻ കാടിന്റെ സ്വഭാവസവിശേഷതയിൽ ദോഷകരമായ മാറ്റമുണ്ടാക്കുന്നു. മാർച്ചോടെ കേരളത്തിലെ മിക്ക കാടുകളിലും അത്യുഷ്ണം പടർന്നിട്ടുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ജീവികൾ കാടിറങ്ങുന്നു. ഇത്തരത്തിൽ എളുപ്പത്തിൽ ഭക്ഷണം കിട്ടിത്തുടങ്ങിയാൽ ആനകൾ ഉൾപ്പെടെയുള്ള ജീവികൾ ഇതൊരു ശീലമാക്കും. കൂടെക്കൂടെ കാടിറങ്ങും. ഈ രീതിയിൽ വന്യജീവികളുടെ ഭക്ഷണദാരിദ്ര്യം മൃഗ– മനുഷ്യ സംഘർഷത്തിന്‌ കാരണമാകുന്നു. വന്യജീവികൾക്ക് ആഹാരം ലഭ്യമായിക്കൊണ്ടിരുന്ന ഫലവൃക്ഷങ്ങളുടെ എണ്ണം കാടുകളിൽ വലിയ അളവിൽ കുറഞ്ഞു. ജനവാസ കേന്ദ്രങ്ങളിൽ മാങ്ങയും ചക്കയും വിളഞ്ഞുനിൽക്കുന്ന കാലമാണ്‌ വേനൽ എന്നതിനാൽ വേഗത്തിൽ ഭക്ഷണം ലഭിക്കുന്ന ഏരിയയായി മൃഗങ്ങൾ ജനവാസമേഖലയെ കണക്കാക്കുന്നു. കാട്ടിലിപ്പോൾ വളർന്ന്‌ നിൽക്കുന്നത്‌ മഞ്ഞക്കൊന്നയും നാറ്റപ്പൂച്ചെടിയും കമ്യൂണിസ്റ്റ്‌ പച്ചയുമാണ്‌. ഇവ മൃഗങ്ങൾ ഭക്ഷിക്കില്ല. പുൽമേടുകളും വയലുകളും ഈ അധിനിവേശ സസ്യങ്ങൾ കീഴടക്കി. പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ചെന്തുരുണിയിലുമെല്ലാം അധിനിവേശ സസ്യങ്ങൾ വ്യാപകമായി വളരുന്നുണ്ട്‌.

വന്യജീവികൾ മനുഷ്യനെ ഭയപ്പെടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്‌. മുമ്പ്‌ ഇതായിരുന്നില്ല അവസ്ഥ. മനുഷ്യസാമീപ്യം പോലും വന്യജീവികളെ ഭയപ്പെടുത്തിയിരുന്നു. വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമാക്കുന്നതിനുമുമ്പ് കേരളത്തിൽ ഉൾപ്പെടെ കാട്ടിനുള്ളിൽ മൃഗവേട്ടകളും കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യജീവികളെ തോക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് നേരിടുന്നതും പതിവായിരുന്നു. എന്നാൽ വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ നായാട്ട് ഒരു പരിധിവരെ ഇല്ലാതായി. കൃഷിയിടത്തിലേക്കിറങ്ങുന്ന വന്യജീവികളെ ഭയപ്പെടുത്തി തിരിച്ചയക്കുന്ന രീതിയും ഇല്ലാതായി. ക്രമേണ മനുഷ്യർ ഉപദ്രവകാരികളാണെന്ന ചിന്ത തലമുറകൾ കഴിയുന്തോറും വന്യജീവികളിൽ ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുണ്ട്‌.

മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ കുറഞ്ഞുവരുന്നതും മനുഷ്യന്റെ കടന്നുകയറ്റത്താൽ സ്വാഭാവിക വനമേഖലകൾ ചെറിയ തുരുത്തുകളായി രൂപാന്തരപ്പെടുന്നതും അനിയന്ത്രിതമായ ക്വാറികളും വന്യജീവികളുടെ വംശവർധനവും സ്വാഭാവിക ആനത്താരകൾ ഇല്ലാതായതും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്ന കാരണങ്ങളാണ്‌.കേരളത്തിലെ വനമേഖല വർഷങ്ങളായി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 1954ൽ വനവിസ്തൃതി 9,846 ചതുരശ്ര കിലോമീറ്ററായിരുന്നു. എന്നാലിപ്പോഴിത്‌ 11,525 ചതുരശ്ര കിലോമീറ്ററായി വർധിച്ചിട്ടുണ്ട്‌. കാട്‌ വർധിച്ചിട്ടും എന്തുകൊണ്ട്‌ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നു എന്നത്‌ ഗൗരവപഠനത്തിന്‌ വിധേയമാക്കണം.

വന്യമൃഗശല്യത്തിൽ മനംമടുത്ത്‌ കേരളത്തിലെ മന്ദഗതിയിലാണെങ്കിലും വിപരീത കുടിയേറ്റ പ്രവണത രൂപപ്പെട്ടിട്ടുണ്ട്‌. മധ്യതിരുവിതാംകൂറിൽ നിന്നുള്ള പൂർവികർ ഇടുക്കിയിലെയും മലബാറിലെയും കുന്നുകളിൽ വനങ്ങൾ വെട്ടിത്തെളിച്ച് വിളകൾ നട്ടുപിടിപ്പിച്ചതിന്‌ ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്‌. എന്നാലിപ്പോൾ ഇവർ വന്യമൃഗ ശല്യവും മണ്ണിന്റെ മേന്മകുറഞ്ഞ സാഹചര്യത്തിലും പുതിയ തലമുറ മറ്റ്‌ തൊഴിൽമേഖലകളിലേക്ക്‌ മാറിയതിനാലും സമതലങ്ങളിലേക്ക്‌ മാറുകയാണ്‌.

ആനയും കടുവയും പുലിയും കാടിറങ്ങുന്നു. അവയുടെ ആക്രമണത്താൽ സാധാരണ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാകുന്നുവെന്നത് വളരെ ഗൗരവമുള്ള പ്രശ്നമാണ്. മനുഷ്യജീവൻ സംരക്ഷിക്കാനുതകുന്ന തരത്തിൽ 1972 ലെ വനം-വന്യജീവി നിയമം അടിയന്തരമായി ഭേദഗതി ചെയ്യണമെന്നാണ്. നിലവിലുള്ള നിയമത്തിന് വലിയ പരിമിതികളുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയിൽനിന്നും വളരെ വ്യത്യാസമുള്ളതാണ് പശ്ചിമഘട്ടവും അവിടെയുള്ള കാടുകളുടെ സ്വഭാവവും അതിനോടുചേർന്നുള്ള ജനവാസമേഖലകളും. കേരളത്തിൽ ഭൂവിസ്‌തൃതിയുടെ 29 ശതമാനമുള്ള കാടിന്റെ പരിസരം ജനവാസമേഖലയാണ്‌. തോട്ടങ്ങളിലും കൃഷി നടത്താത്ത ഭൂമികളിലും അടിക്കാടുകൾ വളർന്നത്‌ മൃഗങ്ങളുടെ ഒളിയിടമായി മാറുന്നു.

വേലികെട്ടിത്തിരിച്ച്‌ കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുക എന്നത്‌ പ്രായോഗികമല്ല. കാട്ടിലെ എല്ലാ മൃഗങ്ങളേയും അതിനുള്ളിൽ തടഞ്ഞുനിർത്തും വിധമുള്ള ഒരു സംവിധാനവും പൂർണമായും സാധ്യമല്ല. കാരണം, കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ചും ഇണചേരലിനും മറ്റുമായി നിരവധി കിലോമീറ്ററുകൾ സഞ്ചരിക്കുന്നവയാണ്‌ വന്യമൃഗങ്ങൾ. നെറ്റ്‌ ഫെൻസിംഗ് പോലുള്ള തടസ്സങ്ങൾ പുലികളെയും കടുവകളെയും തടഞ്ഞുനിർത്താൻ എപ്പോഴും സഹായകരമാകില്ല. ആനകളെ സംബന്ധിച്ചിടത്തോളം അവയുടെ ശക്തിയും കരുത്തും ചെറിയ വേലികളെ എളുപ്പത്തിൽ തകർക്കാൻ തക്ക നിലയിലുള്ളതാണ്‌.

പതിറ്റാണ്ടുകളായി കേരളത്തിൽ വനഭൂമികൈയേറ്റം നടക്കുന്നില്ല. മാത്രമല്ല കാടുകളോട് ചേർന്നുള്ളവ സർക്കാർ പണം കൊടുത്ത് ഭൂമി വാങ്ങി വനവൃസ്തൃതി വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.വനവിസ്തൃതിയുടെ പരിധിയിലധികം മൃഗങ്ങൾ വളരുന്ന സാഹചര്യം കേരള വനാതിർത്തികളിലുണ്ടോയെന്ന്‌ പഠിച്ച് ഇത്‌ പരിഹരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ നടപ്പിലാക്കേണ്ടിവരും. മനുഷ്യ -വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ചില സന്നദ്ധ സംഘങ്ങളും സമൂഹ മാധ്യമങ്ങളും ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്നത് പ്രശ്ന പരിഹാരത്തിന് തടസ്സമായി മാറുന്നുണ്ട്‌.

വനം വകുപ്പിന് മാത്രം പൂർണ ഉത്തരവാദിത്വം നൽകുന്ന രീതി മാറ്റുകയും കൃഷി വകുപ്പ്, അനിമൽ ഹസ്ബന്ററി, റവന്യൂ വകുപ്പുകളെയും ഉൾച്ചേർത്തുക്കൊണ്ടുള്ള ഇന്റർഡിപ്പാർട്ട്മെന്റൽ പ്രവർത്തനങ്ങളും സന്നദ്ധ പ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും രാഷ്ട്രീയക്കാരെയും മാധ്യമ പ്രവർത്തകരെയും സ്വതന്ത്ര ഗവേഷകരെയും വിദ്യാർഥികളെയും യുവജനങ്ങളെയുമെല്ലാം ഉൾച്ചേർത്ത്‌ നടത്തുകയും വേണം.

---- facebook comment plugin here -----

Latest