Story
ജാലകങ്ങൾ
തിരൂരിലേക്കുള്ള തീവണ്ടിയും കാത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിരിക്കുകയായിരുന്നു. ഇതിനിടയിലാണാ കാഴ്ച. സ്ഥിരം കാണുന്നതല്ലാത്ത ഏതൊരു കാഴ്ചയും നമ്മളിൽ ഒരു ചെറുചലനമുണ്ടാക്കും. അതുകൊണ്ടു കൂടിയാവണം നമ്മൾ കാണാക്കാഴ്ചകൾ തേടി യാത്ര പോകുന്നതും.
തിരൂരിലേക്കുള്ള തീവണ്ടിയും കാത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിരിക്കുകയായിരുന്നു. ഇതിനിടയിലാണാ കാഴ്ച. സ്ഥിരം കാണുന്നതല്ലാത്ത ഏതൊരു കാഴ്ചയും നമ്മളിൽ ഒരു ചെറുചലനമുണ്ടാക്കും. അതുകൊണ്ടു കൂടിയാവണം നമ്മൾ കാണാക്കാഴ്ചകൾ തേടി യാത്ര പോകുന്നതും.
ഒരു പറ്റം സ്റ്റുഡന്റ്്സ് വരിവരിയായി സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്തുനിന്നും തെക്കേ അറ്റത്തേക്ക് പതുക്കെ കളിചിരിയോടെ നടന്നു നീങ്ങുന്നു. അന്വേഷിച്ചപ്പോഴറിഞ്ഞു, അവർ ഒരു യാത്രക്കുള്ള പുറപ്പാടിലാണ്. അതും രാജ്യതലസ്ഥാനത്തേക്ക്. നല്ല കാര്യം. അവർ ചരിത്രം അറിയട്ടെ; പഠിക്കട്ടെ. കാരണം ആർക്കും വളച്ചൊടിക്കാനാകാത്ത ചരിത്രസ്മാരകങ്ങൾ ഇന്നും അവിടെയുണ്ടല്ലോ….!
സന്തോഷം തോന്നാതിരുന്നില്ല. ഞാനും അടുത്തിരുന്ന അപരിചിതനും പരസ്പരം നോക്കിയൊന്ന് ചിരിച്ചു. മുപ്പത്തഞ്ച് കൊല്ലം മുമ്പ് മുന്നൂറ് രൂപയൊപ്പിക്കാനാകാതെ നനഞ്ഞ നയനങ്ങളുമായി, വിയർത്തു കുഴങ്ങി നിന്നപ്പോൾ മുടങ്ങിയ സ്കൂൾ ടൂറിനെപ്പറ്റിയോർത്തു.
“ടൂർ പോരാൻ താത്പര്യമുള്ളവർ കൈ പൊക്കൂ…” ക്ലാസ് ടീച്ചർ സത്യവതിയമ്മ.
പൊങ്ങുന്ന കൈകളെ കൊതിയാടെ നോക്കിയിരുന്നു. പൊക്കാത്ത നാലഞ്ച് കൈകൾ തല താഴ്ത്തിയിരിക്കുന്നത് കണ്ടപ്പോഴാണ് ചെറിയൊരാശ്വാസം വീണത്.
അടുത്തിരുന്ന പ്രിയ സ്നേഹിതൻ രമേഷ് മേനോൻ അവസ്ഥയറിഞ്ഞെന്നെ സഹായിക്കാമെന്നേറ്റു. വീണ്ടും ആശ്വാസക്കാറ്റ്. കടലും കാഴ്ചകളും തന്നെത്തേടി വന്ന പ്രതീതി.
പക്ഷേ, കഷ്ടകാലക്കാരന് ഉറുമ്പ് കടിച്ചാലും വിഷം തീണ്ടുമല്ലോ..!
കുടുക്ക പൊട്ടിക്കാൻ അമ്മ സമ്മതിക്കില്ലാന്നുറപ്പിച്ച് പറഞ്ഞുവെത്രെ. നിസ്സഹായാവസ്ഥയുടെ നിറനിമിഷങ്ങൾ…!
“നീ പോയി വാടാ… ഞാൻ അടുത്ത കൊല്ലം വരാം…’
കൊല്ലം പലത് മറിഞ്ഞെങ്കിലും, സമൃദ്ധിയുടെ പൂവും കായും തളിർക്കാത്ത, ദൈവ പരീക്ഷണാലയമായി മാറിയ ജൻമങ്ങൾക്ക്, ധനമെന്ന രണ്ടു വാക്ക് കേൾക്കാൻ മാത്രമല്ലാതെ കാണാൻ വിധിക്കപ്പെടാതായതോടെ, പിന്നെ സഹായം ചോദിക്കാനോ പറയാനോ പാർശ്വവത്കരിക്കപ്പെട്ടവന്റെ കുഞ്ഞഭിമാനവും ധൃതി കൂട്ടിയില്ല. പിന്നെ യാത്രകൾ, സ്വപ്നസഞ്ചാരം മാത്രമായി മാറി. അല്ല, അങ്ങനെയൊതുക്കാൻ പഠിച്ചു.
പ്ലാറ്റ്ഫോമിൽ, ആണും പെണ്ണും ചേർന്ന കൗമാരക്കാരുടെ കലമ്പലുകൾ. മൗനത്തിന്റെ ഓടാമ്പൽ കുറ്റികൾ അവർ യാത്രക്കിറങ്ങിയപാടെ ഇളക്കി കളഞ്ഞിരിക്കുന്നു. മാത്രമല്ല, ഇപ്പോൾ അവർ പുസ്തകങ്ങൾ പാടെ മറന്നിരിക്കുന്നുവെന്നു കൂടി മനസ്സിലായി. എനിക്ക് പണ്ട് നഷ്ടമായതും ഇതൊക്കെയായിരുന്നില്ലേ….!? തിരിച്ചു പിടിക്കാനാകാത്ത തീരാനഷ്ടങ്ങളിലൊന്ന്. മങ്ങിയ രൂപങ്ങളിൽ ആ കൂട്ടത്തെ കണ്ടപ്പോഴാണ് ഓർമകൾ ഈറൻ തേവിയ
തറിഞ്ഞത്. ചിലത് ഇരുമ്പും തുരുമ്പും പോലെയാണ്. എത്ര മാറ്റി നിർത്തിയാലും വന്നു കൂടിക്കൊണ്ടിരിക്കും.
കുട്ടികൾ ആനന്ദിക്കട്ടെ… ഭാവിയിൽ ഓർക്കാനും പറയാനും ഈ നല്ല നാളുകളൊക്കെയേ കാണൂ. കാരണം, ജീവിതം ഒരു വലിയ യുദ്ധമാണ് എന്നും.
അങ്ങനെ ചിന്തിച്ചിരിക്കേ, അടുത്തിരുന്നയാൾ വീണ്ടും എന്നെ നോക്കി ചിരിച്ചു.
“എന്റെ മോളും ഇക്കൂട്ടത്തിലുണ്ട്. എനിക്കിതിനൊന്നും സാധിച്ചില്ല. ആ കുറവ് മക്കൾക്കുണ്ടാവരുതല്ലോ.’
അതു പറഞ്ഞപ്പോൾ, അയാളുടെ മുഖം മേടത്തിലെ അർക്കരശ്മി കണക്കെ തിളങ്ങുന്നതായി കണ്ടു. എങ്ങനെ തിളങ്ങാതിരിക്കും.? അനുഭവിച്ചവർക്കേ അതിന്റെ വിങ്ങലറിയൂ.
“നന്നായി, നല്ലത്…’
എന്റെ വാക്കിൽ അയാൾ അഭിമാനിയായ അച്ഛനായതു പോലെ കൺവിടർത്തി പുഞ്ചിരിച്ചു. തുടർന്ന്, ശിശിരം വസന്തത്തിനു വഴി മാറിയതറിഞ്ഞ താഴ്‌വരയിലെ സഞ്ചാരിയെ പോലെ തന്റെ മകളെയും നോക്കിയിരുന്നു.
ആരെങ്കിലും യാത്ര തുടരുന്നുണ്ടോ..? കുറവാണ്. വർഷങ്ങൾക്കിപ്പുറം ഗെറ്റ് ടുഗെതറിൽ കണ്ടപ്പോൾ പലരും അന്ന് കണ്ട കോവളത്തിനും കവടിയാർ കൊട്ടാരത്തിനും കന്യാകുമാരിക്കുമപ്പുറമൊന്നും നാൽപ്പത്തഞ്ചാണ്ട് പിന്നിട്ടിട്ടും കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ, ഞാനെന്റെ വിസയടിക്കാൻ പേജ് തികയാതെ മാറ്റിക്കൊണ്ടിരിക്കുന്ന പാസ്പോർട്ടിന്റെ കനത്തെപ്പറ്റി പറയാതെ, മൗനമായി ചിരിച്ചതോർത്തു.
ട്രെയിൻ വരാറായ അറിയിപ്പ്. വീണ്ടും ആരവാരവം. അവർ അകത്ത് കയറി. വിൻഡോ സീറ്റിനായ് അടിപിടികൾ. ജനാലകൾ തുറക്കപ്പെടുന്നു. കാഴ്ചയിലേക്ക് കണ്ണും നട്ടിരിക്കുന്നു. പുറം നോട്ടം മാത്രമല്ല, കാറ്റും വെളിച്ചവും, വായുവും കടന്നു തിമിർത്തുല്ലസിക്കട്ടെയകത്ത് എന്നവർ കരുതി കാണും.
പക്ഷേ, എന്നെ ചിന്തിപ്പിച്ച കാര്യം, നാളെ ഇവരൊക്കെ എത്ര തുറക്കാത്ത ജാലകങ്ങളുള്ള വീടുകൾ നിർമിച്ചു ജീവിക്കുന്നവരാകാം. തുറക്കുന്നില്ലെങ്കിൽപ്പിന്നെ ഒരു ജനാലയെന്തിന്…!?