winter session
ശൈത്യകാല സമ്മേളനം നാളെ തുടങ്ങും; പ്രതിപക്ഷ ആവശ്യങ്ങളില്‍ സഭ പ്രക്ഷുബ്ധമായേക്കും
ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ സുപ്രധാന സര്‍വ്വ കക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല

ന്യൂഡല്‍ഹി | രാജ്യസഭയുടേയും പതിനേഴാം ലോക്‌സഭയുടേയും ശൈത്യകാല സമ്മേളനം നാളെത്തുടങ്ങാനിരിക്കെ വിവിധ നിയമ നിര്‍മ്മാണ ആവശ്യങ്ങളുമായി പ്രതിപക്ഷം. തങ്ങളുടെ ആവശ്യങ്ങള്‍ തള്ളിയാല്‍ സഭ പ്രക്ഷുബ്ധമായേക്കും എന്ന സൂചന ഇന്ന് നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമ നിര്‍മ്മാണങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആദ്യ ദിനം തന്നെ ഇതിനുള്ള ബില്ല് അവതരിപ്പിക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
പുതിയ 26 ബില്ലുകള്‍ അടക്കം ആകെ 29 ബില്ലുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തേ പാര്‍ലമെന്റിന്റെ അനുവാദം വാങ്ങിയിരുന്നു. ഇതില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലും ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണ ബില്ലും ഉണ്ടെന്നാണ് സൂചന. ആദ്യ ദിനം തന്നെ എല്ലാ ബി ജെ പി എം പിമാരോടും രാജ്യസഭയില്‍ പൂര്‍ണ്ണ സമയം ഉണ്ടാവണമെന്ന് വിപ്പ് നല്‍കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ആദ്യ ദിനം തന്നെ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു.
താങ്ങുവില ഉറപ്പാക്കാനുള്ള നിയമ നിര്‍മ്മാണം നടത്തണമെന്നും പെഗാസസ് ചാര നിരീക്ഷണത്തിലും ഇന്ധന വില വര്‍ധനയിലും രാജ്യത്തെ തൊഴിലില്ലായ്മയിലും ചര്‍ച്ച വേണമെന്നും ഇന്ന് നടന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യമുന്നയിച്ചു. തങ്ങളുടെ ആവശ്യം അംഗീകരിച്ചിലെങ്കില്‍ സഭ തടസ്സപ്പെടുത്തിയേക്കും എന്ന സൂചനകള്‍ പ്രതിപക്ഷ കക്ഷികള്‍ നല്‍കി. താങ്ങുവില ഉറപ്പാക്കാന്‍ പെട്ടെന്നുള്ള നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് മല്ലികാര്‍ജ്ജുന്‍ ഘാര്‍ഖെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനവും ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിലും ചര്‍ച്ചയുണ്ടാവണം. ബി എസ് എഫിന്റെ അധികാര പരിധി വര്‍ധിപ്പിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍, ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ സുപ്രധാന സര്‍വ്വ കക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരം ഒരു പതിവില്ല എന്നായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയുടെ മറുപടി. സമ്മേളനത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളുടേയും സഹകരണം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭ്യര്‍ഥിച്ചു.
അതേസമയം, യോഗത്തില്‍ സംസാരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ഇറങ്ങിപ്പോയി.