Connect with us

From the print

ബില്‍ തടഞ്ഞുവെക്കുന്നത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും; രാഷ്ട്രപതി ഭവനെതിരെ അസാധാരണ നീക്കം

രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ പരിഗണനയില്‍ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ അസാധാരണ നീക്കം.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ അംഗീകരിക്കാതെ രാഷ്ട്രപതി ഭവന്‍ തടഞ്ഞുവെക്കുന്നതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ ജുഡീഷ്യല്‍ പരിഗണനയില്‍ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ അസാധാരണ നീക്കം. സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലിന്മേല്‍ നടപടിയെടുക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നേരത്തേ നല്‍കിയ ഹരജി ഈ മാസം 22ന് പരിഗണിക്കുമ്പോള്‍ രാഷ്ട്രപതിയുടെ വിഷയവും കൂടി ഉന്നയിക്കാനാണ് ആലോചിക്കുന്നത്.

ഭരണഘടന പ്രകാരം നിയമനിര്‍മാണത്തിന് സംസ്ഥാനത്തിന് അധികാരം നല്‍കുന്ന സ്റ്റേറ്റ് പട്ടികയുടെ പരിധിയില്‍ വരുന്ന ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കാന്‍ പാടില്ലായിരുന്നുവെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിക്കും. രാഷ്ട്രപതിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമായ പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതല്ല നിലവില്‍ തടഞ്ഞുവെച്ചിരിക്കുന്ന ബില്ലുകളെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.

ബില്ലുകളില്‍ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതിന്റെ കാരണം അറിയില്ലായിരുന്നുവെന്നും കോടതിയെ അറിയിക്കും. സഭ പാസ്സാക്കി 2023 നവംബറില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ കൈമാറിയ ഏഴ് ബില്ലുകളില്‍ കേരള സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2021 എന്നിവ അംഗീകാരം നല്‍കാതെ രാഷ്ട്രപതി ഭവന്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അതേസമയം, കേരള ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളിലും രാഷ്ട്രപതി ഭവന്‍ തീരുമാനമെടുത്തിട്ടില്ല.

 

---- facebook comment plugin here -----

Latest