Kerala
യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
മരിച്ചത് കുണ്ടറ പടപ്പക്കര സ്വദേശി സൂര്യ
കൊല്ലം | കുണ്ടറയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യ (23) യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ വഴിയാത്രക്കാരനാണ് യുവതിയെ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.
ആള്‍സഞ്ചാരം കുറഞ്ഞ ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പരിശോധനയില്‍ ഇവരുടെ ബാഗും തീപ്പെട്ടിയും ഇന്ധനം കൊണ്ടുവന്ന കുപ്പിയും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതോടെ പേരയത്തെ കടയില്‍ നിന്ന് യുവതി തിന്നര്‍ വാങ്ങിയതായി കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ യുവതിയുടെ പേരും വിലാസവും ലഭിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തി ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സൂര്യയുടെ മാതാവ് നേരത്തേ മരിച്ചിരുന്നു. പിതാവ് പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഏക മകളായിരുന്നു സൂര്യ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)