Kerala
കാറിനകത്തുണ്ടായിരുന്ന സ്ത്രീ മൂന്ന് തവണ ഡോര്‍ തുറക്കാന്‍ ശ്രമിച്ചു; അടൂര്‍ അപകടത്തില്‍ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍
കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്നും ദൃക്‌സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍.
പത്തനംതിട്ട | അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ ചരക്കു ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓടുന്ന കാറിന് അകത്തുണ്ടായിരുന്ന സ്ത്രീ താന്‍ ഇരുന്നിരുന്ന വശത്തെ ഡോര്‍ മൂന്ന് തവണ തുറക്കാന്‍ ശ്രമിച്ചതായി ശ്രദ്ധയില്‍ പെട്ടുവെന്ന് ദൃക്‌സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കര്‍ മാരൂര്‍ വെളിപ്പെടുത്തി. കാറിനുള്ളില്‍ മല്‍പ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു.
നൂറനാട് സ്വദേശിനി അനൂജ രവീന്ദ്രന്‍ (37), ചാരുംമൂട് സ്വദേശി ഹാഷിം (31) എന്നിവരാണ് വ്യാഴാഴ്ച രാത്രി 11.15 ഓടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.
അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ മരിച്ച അനൂജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരുടെ മൊഴി. തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങിവരുന്നതിനിടെ കാറുമായി എത്തിയ ഹാഷിം എം സി റോഡില്‍ കുളക്കട ഭാഗത്തു വെച്ച് വാന്‍ തടയുകയായിരുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനൂജ ആദ്യം തയ്യാറായില്ല. കോപാകുലനായി ഹാഷിം വാനില്‍ കയറിയതോടെയാണ് അനൂജ കാറില്‍ കയറാന്‍ തയ്യാറായത്. ചിറ്റപ്പന്റെ മകനാണെന്നാണ് അനൂജ സഹ അധ്യാപകരോട് പറഞ്ഞത്. കാറില്‍ കയറിപ്പോയതിന് പിന്നാലെ, സംശയം തോന്നി അധ്യാപകര്‍ വിളിച്ചപ്പോള്‍ അനുജ പൊട്ടിക്കരയുകയായിരുന്നു.
കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചപ്പോള്‍ സുരക്ഷിതയാണെന്നാണ് സഹപ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ച് വിവരം പറഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു സഹോദരന്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അടൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് അപകട വിവരം അറിയുന്നത്.
നൂറനാട് സ്വദേശിനിയാണ് അനൂജ. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറാണ്. ഹാഷിം വിവാഹിതനാണ്. ഒരു കുട്ടിയുണ്ട്. അനൂജയും വിവാഹിതയാണ്.