Connect with us

National

കൊറിയര്‍ തട്ടിപ്പില്‍ യുവതിക്ക് 1.5 കോടി നഷ്ടപ്പെട്ടു

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സഞ്ചയ് പട്ടേല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും യുവതിയുടെ പേരില്‍ ഒരു ബേങ്ക് അക്കൗണ്ട് ഉള്ളതായി ഇയാള്‍ പറഞ്ഞതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Published

|

Last Updated

ചെന്നൈ |  കൊറിയര്‍ തട്ടിപ്പില്‍ ചെന്നൈയിലെ യുവതിക്ക് 1.5 കോടി നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് , ജുഡീഷ്യറി , സെന്‍ട്രല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ എന്നീ ടീമുകളില്‍ ഉള്ളവരെന്ന് അവകാശപ്പെട്ടയാളുകള്‍ യുവതിയെ സമീപിക്കുന്നത്. തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ യുവതി ചെന്നൈ സൈബര്‍ ക്രൈം വിങില്‍ പരാതി നല്‍കിയെങ്കിലും 20 ദിവസങ്ങള്‍ക്ക് ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

2023 നവംബര്‍ 2 നാണ് ചെന്നൈ സ്വദേശിയായ യുവതിക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. ആശിശ് ശര്‍മയെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ലക്നൗ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിളിക്കുകയാണെന്നാണ് പറഞ്ഞിരുന്നത്. ബ്ലൂ ഡാര്‍ട്ട് കൊറിയര്‍ വഴി യുവതിയുടെ പേരില്‍ കംബോഡിയയിലേക്കയച്ച ഒരു കൊറിയര്‍ തങ്ങളുടെ കൈവശമുണ്ടെന്നായിരുന്നു ആശിശ് ശര്‍മ പറഞ്ഞത്. കൊറിയറില്‍ 20 പാസ്പോര്‍ട്ട് , 4 കിലോഗ്രാം വസ്ത്രം , മനുഷ്യക്കടത്തിന് ഉപയോഗിച്ച ഒരു ലാപ്ടോപ് എന്നിവ കണ്ടെത്തിയതായും തട്ടിപ്പുകാര്‍ യുവതിയെ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉദ്യോഗസ്ഥനുമായി നിരന്തരം സ്‌കൈപ്പില്‍ സംസാരിക്കാന്‍ യുവതി നിര്‍ബന്ധിതയായി. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സമ്പാദ്യം മുഴുവന്‍ 8 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റാനും അവര്‍ യുവതിയെ നിര്‍ബന്ധിച്ചു.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സഞ്ചയ് പട്ടേല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായും യുവതിയുടെ പേരില്‍ ഒരു ബേങ്ക് അക്കൗണ്ട് ഉള്ളതായി ഇയാള്‍ പറഞ്ഞതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഈ ബേങ്ക് അക്കൗണ്ടില്‍ 38 കോടിയോളം രൂപയുടെ നിക്ഷേപമുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തട്ടിപ്പുകാരുടെ മാന്യമായ രീതിയിലുള്ള ചോദ്യം ചെയ്യലില്‍ യുവതി തന്റെ ബേങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തട്ടിപ്പുകാരെ അറിയിച്ചു. എല്ലാ പണവും നിര്‍ദ്ദിഷ്ട അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ പറഞ്ഞു. നവംബര്‍ 2 നും 8 നുമിടയില്‍ തന്റെ ആജീവനാന്ത സമ്പാധ്യമായ 1.5 കോടി രൂപ 8 വ്യത്യസ്ഥ അക്കൗണ്ടുകളിലേക്ക് മാറ്റി. നവംബര്‍ 8 ന് 55 ലക്ഷം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം പണം തിരികെ ലഭിക്കുന്നതിനായി കുറച്ചു പേപ്പറുകളില്‍ ഒപ്പുവെക്കണമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു.

ദിവസങ്ങളോളം നീണ്ട മാനസിക സമ്മര്‍ദ്ദത്തിനൊടുവില്‍ യുവതി ബാംഗ്ലുരുവിലുള്ള മകളെ വിവരമറിയിക്കുകയും , മകള്‍ക്ക് പെട്ടന്ന് തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലാവുകയും ഉടന്‍ തന്നെ ചെന്നൈയിലെത്തി പരാതി നല്‍കുകയുമായിരുന്നു. മകള്‍ എത്തിയ ശേഷം ബേങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ബാക്കിയുള്ള 18.97 ലക്ഷം രൂപ സുരക്ഷിതമാക്കിയതായും യുവതി പറയുന്നു. നവംബര്‍ 9 ന് പൊലീസില്‍ ഓണ്‍ലൈന്‍ പരാതി നല്‍കിയെങ്കിലും 20 ദിവസം കഴിഞ്ഞാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

---- facebook comment plugin here -----

Latest