Connect with us

National

രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി

യുവതിയും നാല് വയസുകാരിയും മരിച്ചു.

Published

|

Last Updated

നോയിഡ| നോയിഡയിലെ ബോറോളയില്‍ മൂന്നും നാലും വയസുള്ള രണ്ട് പെണ്‍മക്കളെയുമെടുത്ത് യുവതി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി. അപകടത്തെതുടര്‍ന്ന് 32 വയസുള്ള യുവതിയും നാല് വയസുകാരിയും മരിച്ചു. ഇളയ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വകാര്യ ആശുപത്രി ക്യാന്റീനിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. ഇയാള്‍ ജോലിക്കുപോയ സമയത്താണ് യുവതി രണ്ട് കുട്ടികളെയുമെടുത്ത് കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയത്. ദമ്പതികളുടെ മൂത്ത മകള്‍ സംഭവം നടക്കുമ്പോള്‍ സ്‌കൂളിലായിരുന്നു. അപകടം നടന്ന വിവരം അയല്‍വാസിയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് സെക്ടര്‍ 49 പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നാല് വയസുകാരി ആശുപത്രിയില്‍ എത്തും മുമ്പ് മരിച്ചു. ആശുപത്രിയില്‍ എത്തിയശേഷമാണ് യുവതി മരിച്ചത്. മൂന്ന് വയസുകാരി സ്വകാര്യ ആശുപത്രിയില്‍ ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബാംഗങ്ങളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

തങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബ പ്രശ്‌നങ്ങളോ ഇല്ലെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി യുവതി അസ്വസ്ഥയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

 

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

 

Latest