Editors Pick
ഒരു മരം സംരക്ഷിക്കാൻ 738 ദിവസം അതിൽ താമസിച്ച യുവതി; അറിയാം ജൂലിയ ബട്ടർഫ്ളൈയെ
വനനശീകരണം തടയുന്നതിൽ സീജവമായ ജൂലിയ ലോകപ്രശസ്‌തയായത് ഈ വ്യത്യസ്തമായ സമരത്തിലൂടെയാണ്.

1997 ഡിസംബർ 10. ഒരു 23 വയസ്സുകാരിയായ പെൺകുട്ടി ലോകത്തെ അപൂർവവും പഴക്കം ചെന്നതുമായ മരങ്ങളിലൊന്ന് സംരക്ഷിക്കാനായി അതിൽ കയറി ഇരുന്നു. പിന്നീട് അവൾ ആ മരത്തിൽ നിന്ന് ഇറങ്ങിയത് 738 ദിവസം കഴിഞ്ഞാണ്! അതെ ജൂലിയ ബട്ടർഫ്ളൈ ഹിൽ എന്ന അമേരിക്കക്കാരിയാണ് ചരിത്രത്തിൽ ഇടംപിടിച്ച ആ പോരാളി.
വനനശീകരണം തടയുന്നതിൽ സീജവമായ ജൂലിയ ലോകപ്രശസ്‌തയായത് ഈ വ്യത്യസ്തമായ സമരത്തിലൂടെയാണ്.അമേരിക്കയിലെ വടക്കൻ കലിഫോർണിയയിലെ ഹംബോർട്ടിൽ വളരുന്ന റെഡ്‍വുഡ് (സെക്വയ) എന്ന മരം സംരക്ഷിക്കാനായിരുന്നു ജൂലിയയുടെ പോരാട്ടം. വളരെക്കാലം നിലനിൽക്കുകയും പ്രകൃതിസന്തുലനത്തിൽ വിലപ്പെട്ട സംഭാവന നൽകുകയും ചെയ്യുന്ന ഈ മരം പ്രദേശത്ത് ധാരാളമുണ്ടായിരുന്നു.എന്നാൽ 1996ൽ പെസഫിക് ലുംബർ എന്ന കമ്പനി വ്യാപകമായി ഈ മരങ്ങൾ മുറിച്ച് വ്യവസായിക ആവശ്യത്തിന് ഉപയോഗിച്ച് തുടങ്ങി. ഇത് വനനശീകരണത്തിന് ഇടയാക്കി. പ്രകൃതിസ്നേഹികളുടെ ശ്രദ്ധയിൽപെട്ടതോടെ ഇതു തടയാനുള്ള ശ്രമം ആരംഭിച്ചു.
നിരവധി പ്രക്ഷോഭങ്ങൾ നടന്നെങ്കിലും വനനശീകരണം തുടർന്നുകൊണ്ടേയിരുന്നു. അവസാനം അവശേഷിക്കുന്ന മരങ്ങളെ സംരക്ഷിക്കുവാൻ അവയ്ക്കു കാവൽ നിൽക്കുവാൻ പ്രകൃതിസ്നേഹികൾ തീരുമാനിച്ചു.പരിസ്ഥിതി പ്രവർത്തകയായ 23 വയസുകാരി ജൂലിയ അങ്ങനെയാണ് സമര രംഗത്തേക്ക് എത്തുന്നത്. ആയിരത്തോളം വർഷം പ്രായമുള്ള ലൂണ എന്ന് അവർ പിന്നീട് വിളിച്ച ഒരു റെഡ്‌വുഡ് മരത്തിന് മുകളിൽ കയറി ജൂലിയ കാവൽ ആരംഭിച്ചു.
180 അടി ഉയരമുള്ള മരത്തിന് മുകളിൽ ഒരു ചെറിയ മാടമുണ്ടാക്കി 1997 ഡിസംബർ 10 മുതൽ ജൂലിയ അവിടെ പാർക്കാൻ തുടങ്ങി. പ്രതികൂല കാലാവസ്ഥയെയും കമ്പനിയുടെയും സർക്കാരിന്‍റെയും എതിർപ്പുകളെ കൂസാതെയായിരുന്നു സമരം. സഹപ്രവർത്തകർ എത്തിച്ചുനൽകിയ ഭക്ഷണം മാത്രം കഴിച്ച് അവർ ദിവസങ്ങൾ കഴിച്ചു. മാസങ്ങൾ പിന്നിട്ടതോടെ സമരം ലോക ശ്രദ്ധയിലേക്ക് എത്തി. ഒടുവിൽ ജൂലിയയുടെ സമരത്തിനുമുന്നിൽ കമ്പനി കീഴടങ്ങി. 1999 ഡിസംബർ 18ന് സമരം അവസാനിപ്പിച്ച് ജൂലിയ താഴെ ഇറങ്ങി. റെഡ്‌വുഡ് മരങ്ങൾ സംരക്ഷിക്കാൻ തീരുമാനമുണ്ടായി.
ഇപ്പോഴും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ജൂലിയ സജീവമാണ്.സർക്കിൾ ഓഫ് ലൈഫ് ഫൗണ്ടേഷൻ എന്ന സംഘടനയ്‌ക്ക് നേതൃത്വം നൽകി വന നശീകരണത്തിനെതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു.ജൂലിയയുടെ ജീവിതം നിരവധി സാഹിത്യകൃതികളിലും പോപ്പ് സംഗീതങ്ങളിലും വിഷയമായിട്ടുണ്ട്.