Connect with us

Kerala

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സ്ത്രീ മരിച്ചു; ചികിത്സാ പിഴവെന്ന് ഭര്‍ത്താവും മകളും, അല്ലെന്ന് സി പി എമ്മുകാരായ ബന്ധുക്കള്‍

പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമള (53) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെച്ചൊല്ലി കുടുംബാംഗങ്ങളും സി പി എം പ്രവര്‍ത്തകരായ ബന്ധുക്കളും തമ്മില്‍ തര്‍ക്കം. പന്തളം ചേരിക്കല്‍ സ്വദേശിനി ശ്യാമള (53) ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ശ്യാമളയുടെ ഭര്‍ത്താവും മകളും ആരോപിച്ചപ്പോള്‍, അല്ലെന്നാണ് മറ്റ് ബന്ധുക്കളുടെ വാദം. ഇതേച്ചൊല്ലി രൂക്ഷമായ തര്‍ക്കമാണ് ആശുപത്രി വാര്‍ഡിന് മുന്നിലുണ്ടായത്. രണ്ട് ചേരിയായി തിരിഞ്ഞതോടെ ഇടയ്ക്ക് അടിയും പൊട്ടി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്റോ ആന്റണി എം പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രതിഷേധമുണ്ടായി. ബന്ധുക്കളാണ് എം പി യടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എം പി എത്തിയതെന്നായിരുന്നു അവരുടെ ആരോപണം. എന്നാല്‍, കുടുംബാംഗങ്ങള്‍ വിവരമറിയിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്ന് ആന്റോ ആന്റണി പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറു ദിവസം മുമ്പാണ് ശ്യാമളയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ശ്യാമളയെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐ സി യുവില്‍ പ്രവേശിപ്പിക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്ന് ഹൈക്കോടതി അഭിഭാഷക കൂടിയായ മകള്‍ യാമി സേതുകുമാര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ശ്യാമളയുടെ നില വഷളാവുകയും 11ഓടെ മരിക്കുകയുമായിരുന്നു.

ആശുപത്രി അധികൃതര്‍ ചികിത്സ നല്‍കുന്നതില്‍ കാട്ടിയ അലംഭാവമാണ് മാതാവിന്റെ മരണ കാരണമെന്ന് യാമി സേതു കുമാര്‍ പത്തനംതിട്ട പോലീസിന് മൊഴി നല്‍കി. നഴ്സുമാര്‍ ഉള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കുടുംബം ആരോപിച്ചു.

കുടുംബാംഗങ്ങളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ മൃതശരീരം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പത്തനംതിട്ട പോലീസ് പറഞ്ഞു. അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. ഗുരുതരമായ ഹൃദ്രോഗമാണ് ശ്യാമളക്ക് ഉണ്ടായിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.

 

Latest