p sathidevi
കേരളത്തിൽ സ്ത്രീകള്‍ക്ക് ഒറ്റക്ക് നടക്കാനാകുന്നില്ലെന്നത് ഗൗരവമേറിയതെന്ന് വനിതാ കമ്മീഷൻ
ഡി ജെ പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ച് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോകുന്നുവെന്നും സതീദേവി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം | തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നടക്കാന്‍ കഴിയുന്നില്ല എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. തിരക്കേറിയ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നത് കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ല. കൊച്ചിയില്‍ 19-കാരിയായ മോഡല്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഡി ജെ പാര്‍ട്ടികളില്‍ ആണും പെണ്ണും ഒന്നിച്ച് മദ്യപിക്കുകയും തെറ്റായ തലങ്ങളിലേക്ക് പോകുന്നുവെന്നും സതീദേവി ചൂണ്ടിക്കാട്ടി. ഡി ജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടത്തിന്റെ വേദികളാവുന്നു. ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും അത്തരം ആരോപണങ്ങള്‍ വരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനം കഴിയുന്ന വിധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും ജാഗ്രത വേണം. സംസ്ഥാനത്ത് സ്ത്രീസുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെന്ന്. പോലീസ് വളരെ പെട്ടെന്ന് ഇടപെട്ടതില്‍ സന്തോഷമുണ്ട്. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും വണ്ടി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യാത്രാസുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ നഗരങ്ങളിലും സി സി ടി വി ക്യാമറകള്‍ ആവശ്യമാണ്. പോലീസ് സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സതീദേവി പറഞ്ഞു.