rajyasabha
ഇന്നലെ ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയില്‍
ഒ ബി സി സംവരണം പ്രതിപക്ഷം രാജ്യസഭയിലും ആവര്‍ത്തിക്കും
ന്യൂഡല്‍ഹി | ഇന്നലെ ലോക്സഭ പാസാക്കിയ വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവില്‍ വരും. പ്രതിപക്ഷം ഇന്നലെ ലോക്‌സഭയില്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒ ബി സി സംവരണം രാജ്യസഭയിലും ആവര്‍ത്തിക്കും.
അടുത്ത സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും കഴിഞ്ഞ ശേഷം എന്ന് മുതല്‍ സംവരണം നടപ്പാകും എന്നു സര്‍ക്കാരിനു പറയാന്‍ കഴിയാത്തത് രാജ്യസഭയില്‍ പ്രതിപക്ഷം ആയുധമാക്കും. വിയോജിപ്പുകള്‍ക്കിടയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതിനാല്‍ രാജ്യസഭയിലും ബില്ല് പാസാകാന്‍ വഴിയൊരുങ്ങുമെന്നാണു കരുതുന്നത്. രാജ്യസഭയില്‍ ബി ജെ പിക്ക് മൃഗീയ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കൈ ഉണ്ടാകും. എങ്കിലും കാര്യമായ ഭേദഗതി കൂടാതെ ബില്ല് പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ഭരണകക്ഷി.
ഒ ബി സി ഉപ സംവരണം അടക്കം ഭേദഗതികള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും വോട്ടിങ്ങില്‍ നിന്നും പിന്മാറിയതോടെയാണ് ലോക്‌സഭയില്‍ ബില്ല് എളുപ്പം പാസാക്കാന്‍ കഴിഞ്ഞത്. 454 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ബില്ല് ലോക്‌സഭ കടന്നത്. ആറു ഭേദഗതികള്‍ ലോക്‌സഭാ സ്ലിപ് വഴിയാണ് വോട്ടിനിട്ട് അംഗീകരിച്ചത്. പട്ടിക ജാതി -പട്ടിക വര്‍ഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള ഉപസംവരണം പുതിയ ബില്ലിന്റെ പ്രത്യേകതയാണ്. ലോകസഭാ പാസാക്കിയ ബില്ലില്‍ തെറ്റുകളോ പോരായ്മകളോ രാജ്യസഭയില്‍ കണ്ടുപിടിച്ചാല്‍ ഈ ബില്ല് ലോക്‌സഭാ ഒരിക്കല്‍ കൂടി പാസാക്കേണ്ടിവരും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പഴുതടച്ച ശ്രദ്ധയോടെയാണ് ബില്ല് തയാറാക്കിയത്.