Connect with us

siraj editorial

മരംമുറി വിവാദം വെളിച്ചത്തുകൊണ്ടുവരുന്നത്‌

ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമായ അന്തര്‍ ദേശീയ പ്രശ്‌നങ്ങളാണ് മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം. എന്നിട്ടും ബന്ധപ്പെട്ട മന്ത്രിമാര്‍ അറിയാതെ എങ്ങനെ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തു? ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്

Published

|

Last Updated

ര്‍ക്കാറിനെ നിഷ്‌ക്രിയമാക്കി ഉദ്യോഗസ്ഥ മേധാവികള്‍ ഭരണം കൈയാളിയതാണ് പശ്ചിമ ബംഗാളില്‍ ഇടതു സര്‍ക്കാറിന്റെയും ഇടതു പ്രസ്ഥാനത്തിന്റെയും തകര്‍ച്ചക്കു കാരണമായി പറയപ്പെടുന്നത്. മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ മന്ത്രിമാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതായി പറയപ്പെടുന്ന സംഭവം ബംഗാളിലെ ഇടതു ഭരണകാലത്തെ ബ്യൂറോക്രസിയെയാണ് ഓര്‍മപ്പെടുത്തുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതിന് 23 മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കേരള വനംവകുപ്പിന് നല്‍കിയ അപേക്ഷയില്‍, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് 15 മരം മുറിക്കാൻ അനുവാദം നൽകി വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈ അനുമതി ഉത്തരവ് ഞായറാഴ്ച വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ മരവിപ്പിക്കുകയുണ്ടായി. മരംമുറിക്ക് അനുമതി നല്‍കിയത് കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും വൈല്‍ഡ് ലൈഫ് ബോര്‍ഡ് ചെയര്‍മാനായ മുഖ്യമന്ത്രിയോ വൈസ് ചെയര്‍മാനായ വനംമന്ത്രിയോ ജലസേചന വകുപ്പ് മന്ത്രിയോ അറിയാതെയാണ് അനുമതിയെന്നുമാണ് മന്ത്രി പറയുന്നത്. അനുമതി നല്‍കിയതിന് നന്ദി അറിയിച്ചു കൊണ്ടുള്ള തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണത്രെ ഇവരെല്ലാം വിവരം അറിയുന്നത്. ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ക്രമക്കേട് കാണിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബേബി ഡാം ശക്തിപ്പെടുത്താനുള്ള നീക്കം തമിഴ്നാട് തുടങ്ങിയിട്ട് കാലങ്ങളായി. ഇത് ബലപ്പെടുത്തിക്കഴിഞ്ഞാല്‍ തമിഴ്‌നാടിന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനാകും. അതോടെ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന് പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും. ബേബി ഡാമിന് പരിസരത്തുള്ള മരങ്ങളാണ് അത് ബലപ്പെടുത്തുന്നതിന് പ്രധാന തടസ്സം. അവ മുറിച്ചു മാറ്റുന്നതിനുള്ള അനുമതിക്കായി തമിഴ്നാട് കേരള സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി വരികയാണെങ്കിലും കേരളം അനുമതി നല്‍കിയിരുന്നില്ല ഇതുവരെയും. ബേബി ഡാം ബലപ്പെടുത്തുകയല്ല, 35 ലക്ഷം ജനങ്ങളുടെയും അഞ്ച് ജില്ലകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ഡാം നിര്‍മിക്കുകയാണ് വേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം വേണമെന്നത് 1979ല്‍ തമിഴ്നാട് അംഗീകരിച്ചതുമാണ്. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനും തമിഴ്നാട്-കേരള സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് 1979ല്‍ നടത്തിയ സംയുക്ത പരിശോധനയെ തുടര്‍ന്നാണ് ദീര്‍ഘകാല പരിഹാരമായി പുതിയ ഡാം വേണമെന്ന് തീരുമാനിച്ചത്. തമിഴ്‌നാട് പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മുല്ലപ്പെരിയാറും അതിലെ വെള്ളവും തമിഴ്നാട് രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ച് വോട്ട് ബേങ്ക് കൂടിയാണ്. മരം മുറിക്കാനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചതോടെ തമിഴ്‌നാടിന്റെ നീക്കം തത്കാലം പൊളിഞ്ഞിരിക്കുകയാണ്. മരംമുറി ഉത്തരവ് കേരളത്തില്‍ വന്‍ വിവാദമാകുകയും അതിനെതിരെ പ്രതിപക്ഷം ഒന്നടങ്കവും ഭരണപക്ഷത്ത് നിന്ന് തന്നെ സി പി ഐയും രംഗത്തു വരികയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചത്.

മരങ്ങള്‍ മുറിക്കാനുള്ള വിവാദ ഉത്തരവ് ഉദ്യോഗസ്ഥതല യോഗ തീരുമാന പ്രകാരമാണെന്നും സുപ്രീം കോടതി നിര്‍ദേശം മാനിച്ചാണെന്നുമാണ് വനം വകുപ്പ് മേധാവി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ സുപ്രീം കോടതി ഇതുവരെയും കേരളത്തിന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.
2006ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് അണക്കെട്ട് ശക്തിപ്പെടുത്തണമെങ്കില്‍ 23 മരങ്ങള്‍ മുറിക്കേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് 2017 മാര്‍ച്ച് ഒന്നിന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. 2017 മെയ് നാലിന് ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ബഞ്ച് തമിഴ്‌നാടിന്റെ ഈ ആവശ്യത്തില്‍ കേരളത്തോട് നിലപാട് ആരാഞ്ഞതല്ലാതെ പിന്നീട് ഇതേക്കുറിച്ചൊരു പരാമര്‍ശവും കോടതി നടത്തിയിട്ടില്ല. മാത്രമല്ല, മരംമുറിക്കുള്ള അനുമതിക്കായി 2017ല്‍ തങ്ങള്‍ നല്‍കിയ അപേക്ഷ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്ന് കഴിഞ്ഞ വര്‍ഷം മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്നാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മരംമുറിക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥരുടെ വിശദീകരണത്തില്‍ അവിശ്വസനീയതയുണ്ട്.
ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമായ അന്തര്‍ ദേശീയ പ്രശ്‌നങ്ങളാണ് മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം. എന്നിട്ടും ബന്ധപ്പെട്ട മന്ത്രിമാര്‍ അറിയാതെ എങ്ങനെ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്തു? ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതു പോലെ, തമിഴ്‌നാടിനെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തിയോ എന്ന് സംശയിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേരത്തിലെ ഉദ്യോഗസ്ഥരെ വിലക്കെടുക്കുന്നതായും, ഡാമിലെ ജലനിരപ്പ് 136 അടിയായി കുറക്കാനുള്ള കേന്ദ്ര ജലകമ്മീഷന്റെ തീരുമാനം മറികടന്ന് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാട് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചത് കേരളത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും നേരേത്ത ആരോപണം ഉയര്‍ന്നതാണ്.

Latest