Kozhikode
പണ്ഡിതരുടെ വാക്കുകള്‍ ആധികാരികമാവണം: മര്‍കസ് മുല്‍തഖല്‍ അസാതിദ
ആവശ്യമായ വിഷയങ്ങളില്‍ ആഴത്തില്‍ അന്വേഷിച്ചും പഠനം നടത്തിയുമാവണം ഇടപെടേണ്ടത്.
ജാമിഅ മര്‍കസ് മുല്‍തഖല്‍ അസാതിദയില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
കോഴിക്കോട് | കൃത്യമായ റഫറന്‍സുകള്‍ അവലംബിച്ചതും ആധികാരികവുമാവണം പണ്ഡിതരുടെ സംസാരങ്ങളും ഇടപെടലുകളുമെന്ന് ജാമിഅ മര്‍കസ് മുല്‍തഖല്‍ അസാതിദ. പണ്ഡിതരുടെ വാക്കുകളാണ് സമൂഹത്തിലെ സാധാരണക്കാര്‍ ആശ്രയിക്കുകയും ഏറ്റുപിടിക്കുകയും ചെയ്യുക. അതുകൊണ്ടുതന്നെ ആധികാരികവും കൃത്യവുമല്ലാത്ത വാക്കുകള്‍ ഉണ്ടാവരുത്. ആവശ്യമായ വിഷയങ്ങളില്‍ ആഴത്തില്‍ അന്വേഷിച്ചും പഠനം നടത്തിയുമാവണം ഇടപെടേണ്ടത്. മതിയായ സമയം ഉപയോഗപ്പെടുത്തി സൂക്ഷ്മതയോടെയും സ്ഥിരതയോടെയുമാവണം ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ പഠിക്കേണ്ടതെന്നും മുല്‍തഖല്‍ അസാതിദ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജാമിഅ മര്‍കസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മുന്നൂറോളം മുദര്‍രിസുമാര്‍ പങ്കെടുത്ത സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജാമിഅ ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ഥന നിര്‍വഹിച്ചു.
ഇസ്ലാമിക വിജ്ഞാന കൈമാറ്റത്തിലെ പുതുപ്രവണതകളും വെല്ലുവിളികളും നവീകരണങ്ങളും ചര്‍ച്ചയായ സംഗമത്തില്‍ ജാമിഅ പ്രൊ. ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖഭാഷണം നടത്തി. റഈസുല്‍ ഉലമയുടെയും സുല്‍ത്വാനുല്‍ ഉലമയുടെയും പ്രത്യേക ഇജാസ സെഷനുകളും സംഗമത്തിന്റെ ഭാഗമായി നടന്നു.
ജാമിഅ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കുല്ലിയ്യ ശരീഅ മേധാവി അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി, പി സി അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, സി പി ഉബൈദുല്ല സഖാഫി, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ബശീര്‍ സഖാഫി കൈപ്പുറം, നൗശാദ് സഖാഫി കൂരാറ സംബന്ധിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.