Connect with us

Kerala

വളവുകള്‍ നിവര്‍ത്തല്‍ പ്രവര്‍ത്തി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും; സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത വര്‍ധിക്കുമെന്ന് റെയില്‍വെ

കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നതിന്, പിടിച്ചിടുന്നത് മൂലം മറ്റു ട്രെയിനുകള്‍ വൈകുന്നതായുള്ള ആരോപണങ്ങള്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിഷേധിച്ചു

Published

|

Last Updated

തിരുവനന്തപുരം |  ട്രെയിനുകളുടെ സഞ്ചാര വേഗം വര്‍ധിപ്പിക്കുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ. മൂന്ന് മാസത്തിനകം വളവുകള്‍ നിവര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മനീഷ് തപ്ലിയാല്‍ വ്യക്തമാക്കി

ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത പ്രവര്‍ത്തികളാണ് നടക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകള്‍ക്ക് വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ നിവര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള റെയില്‍വേ ലൈനുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നതിന്, പിടിച്ചിടുന്നത് മൂലം മറ്റു ട്രെയിനുകള്‍ വൈകുന്നതായുള്ള ആരോപണങ്ങള്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിഷേധിച്ചു. മറ്റു ട്രെയിനുകളുടെ സമയത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ട്രെയിനുകള്‍ക്ക് കാലതാമസമില്ലെന്നും മനീഷ് തപ്ലിയാല്‍ പറഞ്ഞു. ‘ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം’ പദ്ധതി അനുസരിച്ച് ഡിവിഷന് കീഴില്‍ 17 കടകള്‍ പ്രവര്‍ത്തിക്കുന്നതായും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. അതേ സമയം കൊല്ലം- തിരുപ്പതി ട്രെയിന്‍ സര്‍വീസിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും

Latest