Connect with us

Health

ലോകത്തിലെ ആദ്യത്തെ ആര്‍എസ് വി വാക്സീന്‍ ഉടന്‍ വിപണിയിലെത്തും

ഈ വര്‍ഷം സെപ്തംബറിനു ശേഷം യുഎസിലെ ഫാര്‍മസികളിലും ക്ലിനിക്കുകളിലും വാക്സീന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്ന ഒരു വൈറസാണ് ആര്‍ എസ് വി(റെസ്പിറേറ്ററി സിന്‍സിറ്റിയല്‍). ഇത് സാധാരണയായി ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ കുട്ടികളിലും പ്രായമായവരിലും അതുപോലെ പ്രതിരോധശേഷി കുറഞ്ഞവരിലും മാരകമായേക്കാം. ജലദോഷമെന്നു കരുതി മിക്ക ആളുകളും അതിന്റെ ലക്ഷണങ്ങളെ അവഗണിക്കുന്നു. എന്നാല്‍ അത് വളരെ ഉയര്‍ന്ന വേഗതയില്‍ പടരുന്നു.

ആര്‍എസ്.വിയുടെ ലക്ഷണങ്ങള്‍ സാധാരണയായി വൈറസ് ബാധിച്ച് നാലോ ആറോ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രത്യക്ഷപ്പെടുക. മൂക്കൊലിപ്പ്, വരണ്ട ചുമ, നേരിയ പനി, തൊണ്ടവേദന, ഇടയ്ക്കിടെ തുമ്മല്‍, തലവേദന, ശ്വാസം മുട്ടല്‍, ദ്രുത ശ്വസനം, ഓക്സിജന്റെ അഭാവം മൂലം ചര്‍മ്മത്തിന് നീല നിറം എന്നിവയാണ് ലക്ഷണങ്ങള്‍.

റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് അഥവാ ആര്‍എസ്വി കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായ എന്നിവയിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്. ആര്‍എസ് വി ഉള്ള ഒരാള്‍ നിങ്ങളുടെ അടുത്ത് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് അണുബാധയുണ്ടാകാം. ഷേക്ക് ഹാന്‍ഡ് പോലെയുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഈ വൈറസ് പകരും. ഇത് ആദ്യം രോഗിയുടെ ശ്വാസകോശത്തെയും ശ്വാസനാളത്തെയുമാണ് ആക്രമിക്കുക. ഇതുകാരണം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു.

ആര്‍എസ് വിയെ ചെറുക്കുന്നതിനുള്ള ആദ്യത്തെ വാക്‌സീന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു. ആര്‍എസ് വി മൂലം ജീവന്‍ നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ വാക്സീന്‍ സഹായിക്കും. പതിറ്റാണ്ടുകള്‍ക്കൊടുവിലാണ് വാക്സീന്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.

60 വയസും അതിനുമുകളില്‍ പ്രായമുള്ള 25,000 പേരെ മുന്‍നിര്‍ത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാക്സീന്‍ അംഗീകരിച്ചത്. ആര്‍എസ്.വി മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ഈ വാക്സീന്‍ ഒരു ഡോസ് 83 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ജൂണ്‍ മാസത്തോടെ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഈ വാക്സീന്‍ അംഗീകരിക്കും. ഈ വര്‍ഷം സെപ്തംബറിനു ശേഷം യുഎസിലെ ഫാര്‍മസികളിലും ക്ലിനിക്കുകളിലും വാക്സീന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഎസിലുടനീളം 60,000-160,000 പേര്‍ ആര്‍എസ് വി അണുബാധ മൂലം ആശുപത്രിയിലാണ്. അവരില്‍ 6,000-10,000 പേര്‍ മരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

Latest