സാഹിത്യം
ലോകത്തിന്റെ കഥാമുത്തശ്ശി
ലോകമെമ്പാടും ഏറ്റവും കൂടുതലായി വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ബെവെർലി ക്ലയറി. അവരുടെ തൂലികയിൽനിന്ന് പിറവിയെടുത്ത നാൽപ്പതിലധികം പുസ്തകങ്ങളുടെ തൊണ്ണൂറ് ദശലക്ഷത്തിലധികം കോപ്പികൾ ലോകമെമ്പാടും വിറ്റുപോയെന്നറിയുമ്പോഴാണ് ഇവർക്കു ലഭിച്ച ജനപ്രീതിയുടെ ആഴവും പരപ്പും നമുക്ക് ബോധ്യമാവുക. എല്ലാ രചനകളും ബെസ്റ്റ് സെല്ലറുകളാകുക എന്നത് അക്ഷരലോകത്തെ അപൂർവം ചില പ്രതിഭകൾക്കു മാത്രം വന്നുചേരുന്ന ബഹുമതിയാണ്.

ലോകത്തിന്റെ കഥാമുത്തശ്ശിയായിരുന്നു ബെവെർലി ക്ലയറി (Beverly Atlee Cleary). ബാലസാഹിത്യകാരി എന്ന നിലയിൽ രാജ്യാന്തരതലത്തിൽ പ്രശസ്തി നേടിയ ഈ എഴുത്തുകാരിയെ അക്ഷരലോകത്തെ ഇതിഹാസം എന്നാണ് യു എസിലെ ലൈബ്രറി ഓഫ് കോൺഗ്രസ് വിശേഷിപ്പിച്ചിരുന്നത്. 2021 മാർച്ച് 25 ന് നൂറ്റിനാലാമത്തെ വയസ്സിലാണ് ഇവർ അന്തരിച്ചത്.
ലോകമെമ്പാടും ഏറ്റവും കൂടുതലായി വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് ബെവെർലി ക്ലയറി. അവരുടെ തൂലികയിൽനിന്നും പിറവിയെടുത്ത നാൽപ്പതിലധികം പുസ്തകങ്ങളുടെ തൊണ്ണൂറ് ദശലക്ഷത്തിലധികം കോപ്പികൾ ലോകമെമ്പാടും വിറ്റുപോയെന്നറിയുമ്പോഴാണ് ഇവർക്ക് ലഭിച്ച ജനപ്രീതിയുടെ ആഴവും പരപ്പും നമുക്ക് ബോധ്യമാവുക. എല്ലാ രചനകളും ബെസ്റ്റ് സെല്ലറുകളാകുക എന്നത് അക്ഷരലോകത്തെ അപൂർവം ചില പ്രതിഭകൾക്കു മാത്രം വന്നുചേരുന്ന ബഹുമതിയാണ്.
1916 ഏപ്രിൽ 12ന് യു എസിലെ ഒറിഗോണിൽ ഒരു കർഷക കുടുംബത്തിലാണ് ബെവെർലി ക്ലയറി ജനിച്ചത്. അവർക്ക് ആറ് വയസ്സായപ്പോൾ കുടുംബം പോർട്ട് ലാൻഡിലേക്ക് താമസം മാറ്റി. ചെറുപ്പം മുതൽ ഒരെഴുത്തുകാരിയാകാൻ ആഗ്രഹിച്ചിരുന്ന ബെവെർലി ഒരു പുസ്തകത്തിൽ ഓരോ ദിവസവും തന്റെ സ്വപ്നങ്ങളും വിചാരങ്ങളും രേഖപ്പെടുത്തിവെക്കുമായിരുന്നു. A Girl From Yamhill എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിൽ അവർ പറയുന്നു. “സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ നിരവധി ബാലപുസ്തകങ്ങൾ വായിച്ചിരുന്നു. അവയൊന്നും പക്ഷെ എന്റെ മനസ്സിനെ സ്പർശിച്ചില്ല. അമേരിക്കയിലെ പ്രഭുകുടുംബങ്ങളിലെ കുട്ടികളുടെ കഥകളാണ് അവയിലെല്ലാം പ്രതിപാദിച്ചിരുന്നത്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളുടെ കുസൃതിത്തരങ്ങളും സാഹസികകൃത്യങ്ങളും അവയൊന്നും പറഞ്ഞുതന്നില്ല.’
ബിരുദം നേടിയ ശേഷം ലൈബ്രേറിയനായി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴും എഴുതാനുള്ള മോഹം ബെവെർലി കൈവിട്ടില്ല. ഒരിക്കൽ കുറെ കുട്ടികൾ ലൈബ്രറിയിൽ ചെന്ന് തങ്ങൾക്കുപറ്റിയ പുസ്തകങ്ങൾ എവിടെയാണുള്ളതെന്ന് അവരോട് അന്വേഷിച്ചു. അതിനെത്തുടർന്നുള്ള ആലോചനയാണ് ഹെൻറി ഹഗ്ഗിൻസ് എന്ന കുട്ടിയേയും അവന്റെ റിബ്‌സി എന്ന നായയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരു പുസ്തകപരമ്പര തന്നെ രചിക്കാൻ തനിക്ക് പ്രേരണയായതെന്ന് അവർ വെളിപ്പെടുത്തുന്നു. 1950ൽ വെളിച്ചം കണ്ട ആദ്യപുസ്തകം Henry Huggins ആറ് പരമ്പരകളായാണ് പുറത്തുവന്നത്. ഈ കഥാപാത്രങ്ങൾക്ക് പുറമെ കുസൃതിക്കുടുക്കയായ റമോണ, സഹോദരി ബീസസ്, റാൾഫ് എന്ന ചുണ്ടെലി, എല്ലൻ ടെബിറ്റ്സ് തുടങ്ങിയവരും ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന കഥാപാത്രങ്ങളാണ്. ഹഗ്ഗിൻസിലും റമോണയിലും ബീസസിലും കുട്ടികൾ തങ്ങളെത്തന്നെ ദർശിച്ചതോടെ ആ കഥാപാത്രങ്ങൾ അനശ്വരരായി. അവരോടൊപ്പം ബെവെർലി ക്ലയറി എന്ന എഴുത്തുകാരിയും ലോകശ്രദ്ധ നേടി.
കുട്ടികളുടെ ലോകം മുതിർന്നവർ നോക്കിക്കാണുന്നതുപോലെ അത്ര മധുരതരമോ ലളിതമോ അല്ലെന്നും പലപ്പോഴും അത് തീക്ഷ്ണവും സങ്കീർണതകൾ നിറഞ്ഞതുമാണെന്നും ബെവെർലിയുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു. അവമതിയും അധിക്ഷേപവും ശകാരവും ശാരീരികപീഡകളും കൊണ്ട് ഓരോ ബാല്യവും വർണരഹിതമാണെന്നതാണ് സത്യം. പക്ഷെ അവരുടെ കളിയും ചിരിയും തമാശയും ആ ഇരുണ്ട യാഥാർഥ്യങ്ങളെ മൂടിവെക്കുകയാണെന്ന് അവർ പറയുന്നു. മധ്യവർഗ കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതചിത്രങ്ങളാണ് രചനകളിലെല്ലാം ബെവെർലി വരച്ചിടുന്നത്. അവരുടെ ദൈനംദിന ജീവിതത്തിലെ ഓരോ ചലനവും സൂക്ഷ്മമായി നിരീക്ഷിച്ച അവർ അവയെല്ലാം അക്ഷരങ്ങളിലൂടെ വിസ്മയകരമായ നൈസർഗികതയോടെ പുനഃസൃഷ്ടിക്കുകയും ചെയ്തു. അതേസമയം, തന്റെ രചനകളൊന്നും കുട്ടികളെ പഠിപ്പിക്കാനുള്ളവയല്ലെന്നും നേരെമറിച്ച് അവരെ രസിപ്പിക്കാനുള്ളതാണെന്നുമാണ് അവർ പ്രസ്താവിക്കുന്നത്. The Pest, Mouse and the Motorcycle, Beesas and Ramona, Ribsy എന്നിവയാണ് ഈ എഴുത്തുകാരിയുടെ ശ്രദ്ധേയമായ മറ്റു രചനകൾ.
കഥയെഴുത്തിന്റെ രഹസ്യം തേടി നിരവധി കുട്ടികൾ പലതവണ ബെവെർലിയെ സന്ദർശിച്ചിട്ടുണ്ട്. നിരന്തരം വായിച്ചുകൊണ്ടിരിക്കുക എന്ന ഉപദേശമാണ് അവർക്കെല്ലാം എഴുത്തുകാരി നൽകിയത്. നിരന്തരമായ വായന നൈസർഗികമായ എഴുത്തിനു വഴിയൊരുക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. കുട്ടികളുടെ വായനയെക്കുറിച്ച് അവർ പറയുന്നത് നോക്കൂ. “വായന ആനന്ദദായകമായൊരു കാര്യമാണെന്ന് കുട്ടികൾ മനസ്സിലാക്കണം. പക്ഷേ അത് നമ്മുടെ സ്കൂളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കേണ്ട വിരസമായൊരു പ്രവൃത്തിയാകരുതെന്നു മാത്രം.’
ലോകത്തിന്റെ പ്രിയപ്പെട്ട കഥാമുത്തശ്ശിയായിരുന്നു ബെവെർലി ക്ലയറി. അവരുടെ മുഖത്ത് സദാ വിടർന്നു നിന്നത് നിഷ്കളങ്കവും ശിശുസഹജവുമായ പുഞ്ചിരിയാണ്. അതവരുടെ ജീവിതത്തെ മാത്രമല്ല എഴുത്തിനേയും പ്രസാദാത്മകമാക്കി. അതിന്റെ സൗരഭ്യം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു കുഞ്ഞു വായനക്കാരിലേക്കും പ്രസരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് അവരുടെ രചനകളെ സംബന്ധിച്ച ഏറെ സവിശേഷമായ വസ്തുത.