International
വാനര വസൂരി ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
യൂറോപ്യൻ രാജ്യങ്ങളിലാണ് മങ്കിപോക്സ് കേസുകളിൽ ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 70 ശതമാനവും ഇവിടെയാണ്.
വാഷിംഗ്ടൺ | ആഗോള തലത്തിൽ പടരുന്ന വാനര വസൂരി ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിൽ 16,000-ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഡബ്ല്യൂ എച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
യൂറോപ്യൻ രാജ്യങ്ങളിലാണ് മങ്കിപോക്സ് കേസുകളിൽ ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 70 ശതമാനവും ഇവിടെയാണ്. ആഗോളതലത്തിൽ എല്ലാ പ്രദേശങ്ങളിലും കുരങ്ങുപനി സാധ്യത മിതമായതാണെന്നും എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ അപകട സാധ്യത ഏറെയാണെന്നും ലോകാരോഗ്യ സംഘടന തലവൻ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിലയിരുത്തി.
ഇന്ത്യയിൽ മൂന്ന് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇത് മൂന്നും കേരളത്തിലാണ്. കൊല്ലം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ വിദേശത്ത് നിന്ന് വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.