International
ലോകാരോഗ്യ സംഘടന കൊവിഡ് അടിയന്തരാവസ്ഥ പിൻവലിച്ചു
6.9 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കുകയും സമൂഹങ്ങളെ നശിപ്പിക്കുകയും ചെയ്ത പകർച്ചവ്യാധിയുടെ അവസാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.
ജനീവ | കൊവിഡ് അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പിൻവലിച്ചു. മേലിൽ കൊവിഡ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായ ഒന്നല്ലെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി. 6.9 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കുകയും സമൂഹങ്ങളെ നശിപ്പിക്കുകയും ചെയ്ത പകർച്ചവ്യാധിയുടെ അവസാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പ്രഖ്യാപനം.
2020 ജനുവരി 30-ന്, ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റി യോഗമാണ് കൊവിഡിനെതിരെ ഏറ്റവും വലിയ ജാഗ്രത പ്രഖ്യാപിച്ചത്. ആരോഗ്യ ഭീഷണിയിൽ അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും വാക്സിനുകളിലും ചികിത്സകളിലും സഹകരണം വർദ്ധിപ്പിക്കാനും ഇത് വഴിയൊരുക്കി. ഇപ്പോൾ അടിയന്തരാവസ്ഥ നീക്കുന്നത് ഈ മേഖലകളിൽ ലോകം കൈവരിച്ച പുരോഗതിയുടെ അടയാളമാണ്. കൊവിഡ് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് ഇനിയൊരു അടിയന്ത സാഹചര്യമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, മരണനിരക്ക് 2021 ജനുവരിയിൽ ആഴ്ചയിൽ ഒരു ലക്ഷത്തിലധികം ആളുകൾ എന്നതിൽ നിന്ന് നിന്ന് ഏപ്രിൽ 24 വരെയുള്ള ആഴ്‌ചയിൽ 3,500 ആയി കുറഞ്ഞിട്ടുണ്ട്.