Connect with us

Articles

ഗാന്ധിജിയെ ലോകമറിയുന്നത്

ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ രണഭൂമികളിലേക്ക് ഇറക്കിക്കൊണ്ടുവന്ന അസാമാന്യമായ നയചാതുര്യവും രാഷ്ട്രീയ സമീപനവും ഗാന്ധിജിയുടെ സവിശേഷതയായിരുന്നു. ഇതൊക്കെതന്നെയാകാം മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് മുതല്‍ മണ്ടേല വരെയുള്ളവരെ പ്രചോദിപ്പിച്ചത്.

Published

|

Last Updated

ഗാന്ധിജിയെ ലോകമറിയുന്നത് 20ാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സുദീര്‍ഘവും ബൃഹത്തുമായ അധിനിവേശവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത മഹാത്മാവ് എന്ന നിലയിലാണ്. അതിനായി തടവറയില്‍ കിടന്നും സഹനസമരങ്ങള്‍ അനവധി അനുഷ്ഠിച്ചും മര്‍ദനങ്ങള്‍ സഹിച്ചും ദശകങ്ങള്‍ നീണ്ട ധീരമായ പോരാട്ടങ്ങള്‍ നയിച്ചും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തെ പരാജയപ്പെടുത്തിയ ലോക നേതാവെന്ന നിലയിലാണ്. അതൊന്നും മോദിയെ പോലെ ഒരാള്‍ക്ക് മനസ്സിലാക്കാനോ അറിയാനോ കഴിയണമെന്നില്ല. കാരണം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചന സമരങ്ങളുടെ വിപരീതദിശയില്‍ സഞ്ചരിച്ച സവര്‍ക്കറുടെയും ഹെഡ്ഗേവാറുടെയും ഗോള്‍വാള്‍ക്കറുടെയും തുടര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആളാണ് മോദി. ഇന്ത്യയെ രൂപപ്പെടുത്തിയ ചരിത്രാനുഭവങ്ങളുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലാത്ത ഒരാള്‍ക്ക് അതെങ്ങനെ മനസ്സിലാകും. “ഗാന്ധി’ സിനിമ കണ്ടാണ് ലോകം ഗാന്ധിയെ അറിഞ്ഞതെന്ന് പറയുന്ന ഒരാളുടെ ചരിത്രബോധത്തിന്റെ പരിതാപ ഗതിയില്‍ നമുക്ക് ലജ്ജിക്കാനേ കഴിയൂ.

ഇന്ത്യന്‍ ജനതക്ക് ഗാന്ധിജി മഹാത്മാവാണ്. അങ്ങനെയാണ് രവീന്ദ്രനാഥ ടാഗോറിനെ പിന്തുടര്‍ന്ന് ഗാന്ധിജിയെ ഇന്ത്യന്‍ ജനത ആദരവോടെ സ്മരിക്കുന്നത്. ഇംഗ്ലണ്ടില്‍ പഠനവും ദക്ഷിണാഫ്രിക്കയില്‍ രാഷ്ട്രീയ പരിശീലനവും നേടിയാണ് ഗാന്ധിജി ഇന്ത്യയിലേക്ക് വരുന്നത്. അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ മാര്‍ഗദര്‍ശനത്തില്‍ ഇന്ത്യന്‍ യാഥാര്‍ഥ്യത്തെക്കുറിച്ച് വ്യക്തത തേടിക്കൊണ്ടാണ് ഗാന്ധി രാജ്യമാകെ സഞ്ചരിച്ചത്. ആ അഖിലേന്ത്യാ പര്യടനമാണ് ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെയും പരിപ്രേക്ഷ്യത്തെയും രൂപപ്പെടുത്തിയതെന്നും സ്വാധീനിച്ചതെന്നും ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നുണ്ട്. മോദിക്കും ആര്‍ എസ് എസുകാര്‍ക്കും ഒരിക്കലും തിരിച്ചറിയാനാകാത്ത ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ബഹുസ്വരതയെയും മതനിരപേക്ഷ സ്വഭാവത്തെയും കണ്ടെത്തിയെന്നതാണ് ഗാന്ധിജിയുടെ രാഷ്ട്രീയ മീമാംസയുടെ സവിശേഷത തന്നെ.
മതരാഷ്ട്രവാദികളും ഉത്തരാധുനിക പണ്ഡിതരും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ ഗാന്ധിജിയെ അപനിര്‍മാണം നടത്തുന്നുണ്ട്. പ്രതിലോമപരതയുടേതായ ഈയൊരു സാഹചര്യത്തിലാണ് ഗാന്ധിജിയുടെ ജീവിതത്തെയും ചിന്തകളെയും സംബന്ധിച്ച വസ്തുനിഷ്ഠമായ വിശകലനങ്ങള്‍ ആവശ്യമായിത്തീരുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരെ ഇന്ത്യയിലെ ബഹുജനങ്ങളെയാകെ അണിനിരത്തുന്നതില്‍ വിസ്മയകരമായ പങ്കാണ് ഗാന്ധിജി വഹിച്ചിട്ടുള്ളത്. ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ രണഭൂമികളിലേക്ക് ഇറക്കിക്കൊണ്ടുവന്ന അസാമാന്യമായ നയചാതുര്യവും രാഷ്ട്രീയ സമീപനവും ഗാന്ധിജിയുടെ സവിശേഷതയായിരുന്നു. ഇതൊക്കെതന്നെയാകാം മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് മുതല്‍ മണ്ടേല വരെയുള്ളവരെ പ്രചോദിപ്പിച്ചത്. ഗാന്ധിജിയുടെ ഈയൊരു സ്വാധീന ശക്തി തന്നെയാകാം ഐന്‍സ്റ്റീനെ വിസ്മയഭരിതനാക്കിയത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന് ബഹുജന അടിത്തറയൊരുക്കുകയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് മണ്ണൊരുക്കുകയും ചെയ്തത് ഗാന്ധിജിയാണെന്ന് പറയാം.

ഇ എം എസ് എഴുതി; “ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യന്‍ ജനതയെ സംഘടിപ്പിക്കുന്നതില്‍- അദ്ദേഹത്തിന്റെ ഭാഷയില്‍ ദരിദ്ര നാരായണന്മാരായ കര്‍ഷക ജനസാമാന്യത്തെ രംഗത്തിറക്കുന്നതില്‍ വിശേഷിച്ചും- അദ്ദേഹം വഹിച്ച പങ്ക് ആദരണീയമാണ്. താന്‍ മുറുകെ പിടിച്ചതും ആത്മീയ പരിവേഷമുള്ളതുമായ സത്യം, അഹിംസ, ദരിദ്രനാരായണ സേവ മുതലായവ ഓരോന്നും അദ്ദേഹം ഉപയോഗിച്ചത് ദേശീയ സ്വാതന്ത്ര്യ സമരത്തിന് ശക്തമായ ബഹുജന അടിത്തറ ഉണ്ടാക്കാനാണ്. ഞാന്‍ കൂടി ഉള്‍പ്പെടുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും ഇത് സഹായിച്ചു.’

ഗാന്ധി ഇന്ത്യക്കാരുടെ മഹാത്മാവായി വളര്‍ന്നത് അദ്ദേഹം ജീവിച്ച കാലത്തെയും ജനങ്ങളുടെ വിചാരവികാരങ്ങളെയും സ്വാംശീകരിക്കുകയും അവയ്ക്ക് പ്രക്ഷോഭകരമായ രൂപം നല്‍കുകയും ചെയ്തതിലൂടെയാണ്. സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാന്‍ കഴിയുന്ന മുദ്രാവാക്യങ്ങളും പ്രതീകങ്ങളും അതിനുള്ള മാര്‍ഗാവിഷ്‌കരണവും നടത്തുന്നത് ഒരു കലയും ശാസ്ത്രവുമായി മാറ്റാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു.

എം എന്‍ റോയിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന “വാന്‍ഗാര്‍ഡി’ല്‍ എവ്്ലിന്റോയ് “ശാന്തീദേവി’ എന്ന തൂലികാ നാമത്തില്‍ സമഗ്രമായൊരു ഗാന്ധി വിശകലനം എഴുതുകയുണ്ടായി. ചൗരിചൗരക്കു ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഗാന്ധിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എവ്്ലിന്റോയ് പരിശോധിച്ചത്. രാഷ്ട്രീയ നയങ്ങളിലെ എല്ലാവിധ ദൗര്‍ബല്യങ്ങളെയും മറികടക്കുന്ന ഗാന്ധിയുടെ വ്യക്തിത്വത്തെയും ചിന്തകളെയും വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ എവ്്ലിന്റോയ് ചെയ്തത്.
അവര്‍ എഴുതി; “മെലിഞ്ഞ അര്‍ധ നഗ്‌നനായ ഈ മനുഷ്യന്റെ കറുത്ത ശരീരത്തെ പൂര്‍ണമായും അധീനപ്പെടുത്തിയിട്ടുള്ള ഒരു മനസ്സുണ്ട്. പടക്കപ്പലുകളോ യന്ത്രത്തോക്കുകളോ ഉപയോഗിച്ച് അതിനെ കഷണം കഷണമായി തകര്‍ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിനെ കീഴടക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല. ഇതറിഞ്ഞുകൊണ്ട് തന്നെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വവാദികള്‍ അദ്ദേഹത്തെ ഉപദ്രവിക്കാതിരുന്നത്. കഴിയുന്ന എല്ലാ സൗകര്യങ്ങളും കൊടുത്തുകൊണ്ട് ആറ് വര്‍ഷക്കാലത്തേക്ക് അദ്ദേഹത്തെ വെറും തടവില്‍ വെക്കാനേ അവര്‍ ധൈര്യപ്പെട്ടുള്ളൂ. ഇതാകട്ടെ അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ വേണ്ടി മാത്രമാണ് താനും. ഇന്ന് വീശുന്ന കൊടുങ്കാറ്റ് സ്വല്‍പ്പമൊന്ന് ശാന്തമായാല്‍ അദ്ദേഹത്തെ അവര്‍ വിടും. എന്തുകൊണ്ടെന്നാല്‍, മഹാത്മാവായ ഗാന്ധി ജയിലില്‍ കിടക്കുന്ന കാലത്തോളം ഇന്ത്യയുടെ ജനലക്ഷങ്ങളുടെ ആദരപാത്രമായ രക്തസാക്ഷി ഗാന്ധിയായിരിക്കും. ജയിലില്‍ കിടക്കുന്ന ഗാന്ധി സ്വതന്ത്രനായ ഗാന്ധിയേക്കാള്‍ അപകടകാരിയാണ് എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്.’

ഈ ലേഖനത്തില്‍ എവ്്ലിന്റോയ് ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ദാര്‍ശനിക വീക്ഷണത്തിലും രാഷ്ട്രീയത്തിലുമുള്ള വൈരുധ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്. അപ്പോഴും ജനങ്ങളുടെ വിചാര വികാരങ്ങളെ ഏകോപിപ്പിക്കുന്നതിനും ബഹുജന സമരങ്ങളിലൂടെ രാഷ്ട്രീയാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഗാന്ധിക്കുള്ള അസാമാന്യമായ രാഷ്ട്രീയ സംഘടനാപാടവമാണ് കോണ്‍ഗ്രസ്സിനെ വളര്‍ത്തിയതെന്ന ചരിത്ര സത്യത്തെ അടിവരയിട്ട് എവ്്ലിന്‍ സമര്‍ഥിച്ചു.
ഗാന്ധിജിയുടെ അനശ്വര വ്യക്തിത്വത്തെയും ചരിത്രത്തിലെ സ്ഥാനത്തെയും കുറിച്ച് എവ്്ലിന്റോയ് എഴുതിയത് നോക്കൂ; “ഇന്ത്യന്‍ ബഹുജന പ്രസ്ഥാനത്തില്‍ ഗാന്ധി ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ഈ നിഷ്പക്ഷ വിശകലനം അവസാനിപ്പിക്കുന്നതിന് മുമ്പ്, രാഷ്ട്രീയക്കാരനായ ഗാന്ധിയെ വാഴ്ത്തിക്കൊണ്ട് ചിലത് പറയേണ്ടിയിരിക്കുന്നു. ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ നാട്ടിലെ സഹോദരന്മാരോടുള്ള അഗാധമായ സ്നേഹത്താല്‍ പ്രേരിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. രാഷ്ട്രീയ അടവുകളുടെ കാര്യത്തില്‍ പല തെറ്റുകളും ചെയ്ത ഒരാളാണെങ്കിലും അദ്ദേഹത്തിന്റെ രാജ്യസ്നേഹം മഹത്താണ്. അദ്ദേഹത്തിന്റെ ഓരോ വാക്കിലും രാജ്യത്തെ സ്വതന്ത്രമാക്കി, അതിന്റെ സന്തതികള്‍ക്ക് സന്തോഷകരമായ ഒരു ജീവിതം നല്‍കാനുള്ള അഗാധമായ ആഗ്രഹം അടങ്ങിയിരിക്കുന്നു. കോടതിയില്‍ വെച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ തൊലിയുരിച്ച് കാണിച്ചുകൊണ്ടും ഭരണകൂടത്തിനെതിരായി അസംതൃപ്തി പരത്താന്‍ ശ്രമിച്ചുവെന്ന കുറ്റം സമ്മതിച്ചുകൊണ്ടും ഗാന്ധി ചെയ്ത പ്രസ്താവനയേക്കാള്‍ അനശ്വരമായിത്തീരുന്ന കാഴ്ചയും ചരിത്രവും കാണില്ല. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് പറ്റിയ രാഷ്ട്രീയ പരാജയങ്ങള്‍ വിസ്മരിക്കപ്പെട്ടതിനു ശേഷവും വളരെക്കാലത്തോളം രാജ്യത്തിന്റെ മഹാത്മാക്കളുടെയും ദേശാഭിമാനികളുടെയും കൂട്ടത്തില്‍ അദ്ദേഹം ജീവിക്കും.’
1886ലെ കൊല്‍ക്കത്ത എ ഐ സി സി സമ്മേളനം മുന്നോട്ടുവെച്ച മതനിരപേക്ഷ രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യയെന്ന ആശയവും ഇന്ത്യയെന്ന ജനങ്ങളുടെ ഐക്യവും എന്താണ് അര്‍ഥമാക്കുന്നതെന്ന് കൊല്‍ക്കത്ത സമ്മേളനത്തിന്റെ റിപോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കി; “മഹാഭൂരിപക്ഷം രാഷ്ട്രീയ പ്രശ്നങ്ങളില്‍ പരസ്പരം പ്രതിനിധാനം ചെയ്യാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് സമൂഹത്തോടുള്ള ലൗകിക താത്പര്യമാണ്. ഈ രാജ്യത്തെ പൊതുതാത്പര്യം ഒന്നായിരിക്കെ, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഹമ്മദീയരും പാര്‍സികളും അവരവരുടെ സമുദായങ്ങളിലെ അംഗങ്ങളായിരിക്കാനും യോഗ്യരായിരിക്കുന്നതു പോലെ പൊതുമതനിരപേക്ഷ ചര്‍ച്ചകളില്‍ പരസ്പരം പ്രതിനിധാനം ചെയ്യാനും യോഗ്യരാണ്.’ മതനിരപേക്ഷതയെ രാഷ്ട്ര മീമാംസയുടെ അടിസ്ഥാനമാക്കിയ ഗാന്ധിജിയെ ഉള്‍ക്കൊള്ളാന്‍ വര്‍ഗീയവാദികള്‍ക്ക് കഴിയുമായിരുന്നില്ല.

Latest