National
ഇന്‍ഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാന്‍ഡ് വിച്ചില്‍ പുഴുവിനെ കണ്ടെത്തി; പരാതിയുമായി യുവതി
ഡല്‍ഹിയില്‍ നിന്നും മുബൈയിലേക്കുള്ള വിമാനത്തില്‍ നിന്നുമാണ് കുശ്ബു ഗുപ്തക്ക് ദുരനുഭവം നേരിട്ടത്
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണലും ഡയറ്റീഷ്യനുമായ കുശ്ബു ഗുപ്തക്ക് സാന്‍ഡ് വിച്ചില്‍ നിന്നും പുഴു ലഭിച്ചു.ഇന്‍സ്റ്റഗ്രാമിലാണ് യുവതി സംഭവത്തെകുറിച്ച് വെളിപ്പെടുത്തിയത്. ഡല്‍ഹിയില്‍ നിന്നും മുബൈയിലേക്കുള്ള വിമാനത്തില്‍ നിന്നും തനിക്ക് ദുരനുഭവം നേരിട്ടു എന്ന് പറഞ്ഞായിരുന്നു കുശ്ബു രംഗത്തെത്തിയത്.
സാന്‍ഡ്‌വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ അറിയിച്ചിട്ടും മറ്റുള്ള യാത്രക്കാര്‍ക്ക് അതേ സാന്‍ഡ്വിച്ച് വിളമ്പുന്നത് തുടര്‍ന്നു. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാല്‍ എന്തു ചെയ്യുമായിരുന്നുവെന്നുമുള്ള ആശങ്കയാണ് യുവതി പങ്കുവച്ചത്.
മറ്റ് യാത്രക്കാരില്‍ പരിഭ്രാന്തി വരുന്നത് ഒഴിവാക്കാനാണ് ജീവനക്കാരോട് കാര്യം പറഞ്ഞത്. എന്നാല്‍ ഇവര്‍ യാത്രക്കാരോട് കാര്യം പറയാതെ ഭക്ഷണം നല്‍കുന്നത് തുടരുകയും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തും എന്ന വിശദീകരണം നൽകുകയുമാണ് ചെയ്തതെന്നാണ് യുവതിയുടെ വാദം. യാത്രക്കാരുടെ ആരോഗ്യത്തെയും സുരക്ഷയേയും ബാധിക്കുന്ന വിഷയമായതിനാല്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്നാണ് കുശ്ബു പറയുന്നത്.
അതേസമയം വിഷയത്തില്‍ പ്രതികരിച്ച് ഇന്‍ഡിഗോ രംഗത്തെത്തി .
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള 6E 6107 ഫ്‌ലൈറ്റിലെ അനുഭവത്തെക്കുറിച്ച് ഞങ്ങളുടെ ഒരു ഉപഭോക്താവ് ഉന്നയിച്ച ആശങ്കയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. വിമാനത്തില്‍ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണ – പാനീയം ലഭ്യമാക്കാനുള്ള പ്രതിബദ്ധത ഊന്നിപ്പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആ സാന്‍ഡ്വിച്ച് വിതരണം ചെയ്യുന്നത് ഞങ്ങളുടെ ജീവനക്കാര്‍ ഉടന്‍ നിര്‍ത്തി. ഈ സംഭവം സമഗ്രമായി പരിശോധിക്കുന്നുണ്ട്. ഉചിതമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുമെന്നും യാത്രക്കാരിക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.