National
രാജ്യത്തെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്‌നാട്ടില്‍; വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി
ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശം അവസ്ഥയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടേതെന്നും ഗവര്‍ണര്‍ .

ചെന്നൈ| തമിഴ്‌നാട് സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. രാജ്യത്തെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്‌നാട്ടിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശം അവസ്ഥയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടേതെന്നും ഗവര്‍ണര്‍ ആരോപിച്ചു. എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ ഇന്ത്യയില്‍ ഒന്നാമതാണെന്നും ആര്‍ എന്‍ രവി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടക്കുന്നത് തമിഴ്‌നാട്ടിലാണ്. ദളിതര്‍ക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചെലവഴിക്കുകയാണ്. സാമൂഹ്യനീതിയെ പറ്റി പ്രഭാഷണം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ എന്നും ആര്‍എന്‍ രവി പറഞ്ഞു. നെഹ്റുവിന് അംബേദ്കറോട് വെറുപ്പായിരുന്നുവെന്നും അംബേദ്കരുടെ പ്രതിഭയെ നെഹ്റു ഭയന്നുവെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെ നെഹ്റു ലോക്‌സഭയില്‍ പ്രവേശിപ്പിച്ചില്ല. ഭാരത രത്‌ന നല്‍കാതെ അംബേദ്കറെ നെഹ്‌റു അപമാനിച്ചെന്നും ആര്‍ എന്‍ രവി ഗുരുതര ആരോപണം ഉന്നയിച്ചു.
രാജ്ഭവനിലെ ഭാരതിയാര്‍ മണ്ഡപത്തില്‍ അംബേദ്കര്‍ ജന്മവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.