cover story
ആ മുറിവില്‍ ഇന്നും നീറ്റല്‍
കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ അധികാര ഗര്‍വിന്റെ അമിതവേഗം മണ്ണോട് അരച്ചുകളഞ്ഞത് മൂന്ന് വര്‍ഷം മുന്പായിരുന്നു. ആ ഓര്‍മനാള്‍ കടന്നെത്തുമ്പോള്‍ അന്നത്തെ കരിയാത്ത മുറിവുകളില്‍ എരിവു പടര്‍ന്നുകൊണ്ടിരിക്കുന്നു.കേരളീയ പൗരബോധത്തിന്റെ ഹൃദയത്തില്‍ കണ്ണീര്‍ മഴ പെയ്യിച്ച ഒരു ആഗസ്റ്റ് മൂന്നിന്റെ ഓര്‍മകള്‍ പ്രളയം കണക്കെ വീണ്ടും വീണ്ടും ഉയര്‍ന്നുവരികയാണ്...
കരഞ്ഞുപെയ്യുന്ന കര്‍ക്കിടകം അതിന്റെ അന്ത്യനാളുകളിലൂടെ കടന്നുപോകുകയാണ്. കേരളീയ പൗരബോധത്തിന്റെ ഹൃദയത്തില്‍ കണ്ണീര്‍ മഴ പെയ്യിച്ച ഒരു ആഗസ്റ്റ് മൂന്നിന്റെ ഓര്‍മകള്‍ പ്രളയം കണക്കെ വീണ്ടും വീണ്ടും ഉയര്‍ന്നുവരികയാണ്.കെ എം ബഷീര്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ അധികാര ഗര്‍വിന്റെ അമിതവേഗം മണ്ണോട് അരച്ചുകളഞ്ഞത് മൂന്ന് വര്‍ഷം മുമ്പ് ഇതേ നാളിലായിരുന്നു. ആ ഓര്‍മ നാള്‍ കടന്നെത്തുമ്പോള്‍ അന്നത്തെ കരിയാത്ത മുറിവുകളില്‍ എരിവു പടര്‍ന്നുകൊണ്ടിരിക്കുന്നു.
സൂഫിയായിരുന്ന പിതാവിന്റെ ചെറുവണ്ണൂരിലെ മഖ്ബറക്കു ചാരെ അന്ത്യനിദ്രകൊള്ളാന്‍ അവനെത്തിയ ഹൃദയഭേദകമായ ആ ദിവസം ഇന്നും ഉള്ളില്‍ നീറി നില്‍ക്കുകയാണ്. ആ വേദനയിലേക്ക് എന്തിനാണ് ഭരണകൂടം പിന്നെയും നീതികേടിന്റെ നീറ്റല്‍ പടര്‍ത്തുന്നതെന്നറിയില്ല.
കൊലയാളിയുടെ കളങ്കിത മുദ്രയുമായി ആ ഐ എ എസ് ദുഷ്പ്രഭു ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറുടെ കസേരയില്‍ ഏറിയിരിക്കുമ്പോഴാണ് ബഷീറിന്റെ മൂന്നാം ഓര്‍മദിനം വന്നെത്തുന്നത്.
കൊല്ലത്ത് ഔദ്യോഗിക യോഗം കഴിഞ്ഞു തലസ്ഥാനത്ത് തിരിച്ചെത്തിയതായിരുന്നു സിറാജിന്റെ എല്ലാമായിരുന്ന ബഷീര്‍. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ 1.30 ന് തലസ്ഥാന നഗര ഹൃദയത്തില്‍ ബഷീറിന്റെ ബൈക്കിലേക്ക് അമിതമായി മദ്യപിച്ച ശ്രീറാം വെങ്കിട്ടരാമന്‍ കാര്‍ അമിത വേഗത്തില്‍ ഓടിച്ചു കയറ്റി. ബഷീറിന്റെ ചോരചിതറിയാണ് അന്നത്തെ പുലരി ചുവന്നത്.
റോഡപകടങ്ങളും മരണങ്ങളും ഏറെ നടക്കാറുണ്ട്. ബോധപൂര്‍വമല്ലാത്ത ഒരു നരഹത്യയായി എല്ലാം അവസാനിക്കും. എന്നാല്‍ ബഷീറിന്റെ മരണം അധികാര ദുര്‍വിനിയോഗത്തിന്റെയും അഹന്തയുടെയും എണ്ണമറ്റ ചോദ്യങ്ങളാണ് സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിയത്.
ശ്രീറാമിന്റെ കാറിന് 100 കിലോമീറ്ററിലേറെ വേഗമുണ്ടായിരുന്നു. അപകടമുണ്ടായ നിമിഷം നിയമത്തെയും സമൂഹ മനസ്സാക്ഷികളേയും വെല്ലുവിളിച്ചു കുതന്ത്രങ്ങള്‍ നിറഞ്ഞാടി. തടസ്സവാദങ്ങള്‍ കൊണ്ടു നീതി വൈകിക്കുന്നു. നേരിട്ട് ഹാജരാകാന്‍ പറഞ്ഞ കോടതിയുടെ വാക്കുകള്‍ പോലും ധിക്കരിക്കപ്പെടുന്നു.
സസ്പെന്‍ഷന്‍ അവസാനിപ്പിച്ചു പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്ത് പദവികള്‍ നല്‍കിയപ്പോള്‍ വ്യാപകമായ പ്രതിഷേധമുണ്ടായി. അന്ന് സാങ്കേതികത്വങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറിയ സര്‍ക്കാര്‍ ഇപ്പോള്‍ കലക്ടര്‍ പദവിയില്‍ അയാളെ കുടിയിരുത്തിയിരിക്കുന്നു.
രണ്ട് പെണ്‍മക്കള്‍ പിറന്ന ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ബഷീര്‍. തലസ്ഥാന നഗരിയില്‍ അവിശ്രമം നിറഞ്ഞു നിന്ന ഒരു മാധ്യമ പ്രവര്‍ത്തകനെ വകവരുത്തിയ ശേഷം ഐ എ എസ് ബുദ്ധികൊണ്ട് രക്ഷാ കവചം തീര്‍ത്ത് ഉന്നത പദവിയില്‍ ഞെളിഞ്ഞിക്കുന്ന ആ അധികാര ദര്‍പ്പത്തിനു പിന്നില്‍ ഒരു കുറ്റവാളി ഒളിച്ചിരിപ്പുണ്ട്.
അപകടമുണ്ടാക്കിയ ശേഷം കുറ്റവാളി ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തിറങ്ങി. ജീവന്‍ പൊലിഞ്ഞുപോയ ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തി. മദ്യലഹരിയിലായിരുന്നു അയാള്‍. ഇത്രയും കാര്യങ്ങള്‍ സാക്ഷി മൊഴിയിലുണ്ട്. എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് പ്രതി തന്ത്രപൂര്‍വം ഒഴിവാക്കി. കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന വനിതയാണെന്നു തെറ്റിദ്ധരിപ്പിച്ചു കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിച്ചു. മെഡിക്കല്‍ ബിരുദമുള്ള ബുദ്ധിമാന്‍ തെളിവു നശിപ്പിക്കുന്നതില്‍ വിജയിച്ചു. അപകടമുണ്ടാക്കിയ തന്റെ കാര്‍ ഓടിച്ചത് ശ്രീറാം ആണെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീ ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുത്തപ്പോള്‍ മാത്രം പോലീസ് അറസ്റ്റ് ചെയ്യേണ്ടിവന്നു. തെളിവു നശിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നപ്പോഴാണ് കേസന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചത്. പ്രതിയെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ശിപാര്‍ശ ചെയ്തു. ഇതിനെതിരെ സിറാജ് മാനേജ്മെന്റും കേരള പത്രപ്രവര്‍ത്തക യൂനിയനും മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചു. തുടർന്ന് സസ്പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയും അപകട സമയത്ത് കൂടെ യാത്ര ചെയ്ത സ്ത്രീയെ രണ്ടാം പ്രതിയുമാക്കി അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രക്ഷപ്പെടല്‍ തന്ത്രം വിചാരണ വേളയിലും ആവര്‍ത്തിക്കുന്നു ഈ ഐ എ എസുകാരന്‍.
ബഷീറിന്റെത് സാധാരണ അപകടമരണമാണെന്ന് പലരും ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന ഒരു സിവില്‍ സര്‍വീസുകാരന്‍ കാട്ടിക്കൂട്ടിയ അതിഗൂഢ തന്ത്രങ്ങളാണ് ഈ സംശയം ബലപ്പെടുത്തിയത്.
മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിനിറങ്ങി താരമായ 2013 ബാച്ച് ഐ എ എസുകാരന്‍, ഉപരിപഠനത്തിനു ശേഷം തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായി നടത്തിയ മദ്യപാന പാര്‍ട്ടിയായിരുന്നു ബഷീറിന്റെ ജീവനെടുത്ത ദുര്‍ദിനത്തിലേക്കു വഴിയൊരുക്കിയത്.
അതിനാല്‍ തന്നെ ആ നിമിഷം മുതല്‍ സിവില്‍ സര്‍വീസ് ലോബി അയാളുടെ രക്ഷക്കിറങ്ങി. അപൂര്‍വ മറവി രോഗമായ റിട്രോഗ്രേഡ് അംനീഷ്യയെന്ന കവചമൊരുക്കി.
തെറ്റ് ഏറ്റുപറയാനോ അതില്‍ പശ്ചാത്തപിക്കാനോ ഈ നിമിഷം വരെ ഈ ഐ എ എസുകാരന്‍ തയ്യാറായിട്ടില്ല. നിയമത്തിനു മുന്നില്‍ വിധേയനായി, ചെയ്തുപോയ തെറ്റിനു ശിക്ഷ ഏറ്റുവാങ്ങാനുള്ള മനുഷ്യത്വം പ്രകടിപ്പിച്ചിട്ടില്ല. ഇങ്ങനെ ഒരാളെയാണ് ജില്ലാ കലക്ടറായി പ്രതിഷ്ഠിച്ചിരിക്കുന്നത്.
മലയാളിയുടെ സാമൂഹിക ബോധവും മനുഷ്യത്വവും വെല്ലുവിളിക്കപ്പെടുന്ന ഈ നാളുകളിലും ചിരി മായാത്ത ബഷീറിന്റെ ഓര്‍മകള്‍ നമുക്കിടയില്‍ സജീവമായുണ്ട്. ബഷീര്‍ വേര്‍പെടുമ്പോള്‍ മുട്ടിലിഴയുകയായിരുന്ന ഇളയമകള്‍ അസ്മിയും മൂത്തമകള്‍ ജന്നയും ഉപ്പയുടെ ഓര്‍മകളുമായി വളരുന്നു. ബഷീറിന്റെ ഓർമത്തണലില്‍ ഭാര്യ ജസീല അവര്‍ക്കു താങ്ങാവുന്നു.
മിസ്റ്റര്‍ ശ്രീറാം,
മുപ്പത്തിയഞ്ചാം വയസ്സിലാണ് ആ കളങ്കമേല്‍ക്കാത്ത യൗവനത്തെ നിങ്ങള്‍ ചവിട്ടി ഞെരിച്ചു കളഞ്ഞത്.
പൊതുസമൂഹവും മാധ്യമങ്ങളും സദാ ജാഗ്രത പുലര്‍ത്തിയിട്ടും താങ്കളെ രക്ഷിച്ചെടുക്കാന്‍ ഇവിടുത്തെ ഉദ്യോഗസ്ഥ മേധാവിത്വത്തിനു സാധിച്ചു. കുറ്റവാളിയെ വെറുതെ വിടില്ലെന്നു ഭരിക്കുന്നവര്‍ ആവര്‍ത്തിച്ചിട്ടും താങ്കള്‍ക്ക് അനേകം രക്ഷകരുണ്ടായി. മ്യൂസിയം പോലീസ് ആ നിമിഷം മുതല്‍ സഞ്ചരിച്ച വഴിയിലൂടെ പുതിയ അന്വേഷണ സംഘവും സഞ്ചരിച്ചേക്കാം. ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഇനിയും ഉയര്‍ന്ന പദവികളില്‍ താങ്കള്‍ എത്തിയേക്കാം…സമൂഹ മനസ്സാക്ഷിയെ നോക്കി താങ്കള്‍ കൊഞ്ഞനം കുത്തിയേക്കാം…അപ്പോഴൊക്കെയും ബഷീറിന്റെ ചിരിക്കുന്ന മുഖം നിങ്ങള്‍ക്കു മുമ്പില്‍ തൂങ്ങിനില്‍ക്കാതിരിക്കില്ല.
ബഷീറിന്റെ മരണം വെറുതെയാകില്ല…അധികാരവും അവിഹിതവും മേലാപ്പിട്ട ഐ എ എസ് ദന്തഗോപുരത്തില്‍ സസുഖം വാഴുന്ന ഹീന ജന്മങ്ങളുടെ മുഖംമൂടി വലിച്ചുകീറിയാണ് ബഷീര്‍ പോയത്. ഒരു വെള്ളിവെളിച്ചത്തിനും ഈ കാപട്യത്തെ വെളിപ്പിച്ചെടുക്കാന്‍ ആകില്ലെന്ന് ഓര്‍ക്കുക.