Kerala
കൊമ്പൻ്റെ മുറിവിന് ഒരടിയോളം ആഴം; ദൗത്യം വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുണ്‍ സകറിയ
ഒന്നര മാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്ന് സൂചന

ചാലക്കുടി | മസ്തകത്തില്‍ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യം പൂര്‍ണവിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുണ്‍ സകറിയ. ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകൂ. ആനയുടെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മയക്കുവെടി വെച്ച ശേഷം എലിഫന്റ് ആംബലന്‍സിലേക്ക് കയറ്റി ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റിയാണ് ദൗത്യം തുടരുന്നത്. ഒന്നര മാസത്തോളം തുടര്‍ച്ചയായി ചികിത്സ നല്‍കേണ്ടിവരുമെന്നാണ് സൂചന. ആനയുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നല്‍കേണ്ട ചികിത്സയെക്കുറിച്ച് മാര്‍ഗരേഖ ഉണ്ടാക്കും. ആന മയക്കം വിട്ട് തുടങ്ങിയിട്ടുണ്ടെന്നും ശാന്തനായാണ് കാണുന്നതെന്നും ഡോക്ടര്‍ അരുണ്‍ സകറിയ പറഞ്ഞു.
ആനക്ക് ആദ്യം നല്‍കിയ ചികിത്സ ഫലം കണ്ടിരുന്നു. പുഴു കയറി വീണ്ടും അണുബാധയുണ്ടായതാണ്. ആന മയങ്ങി വീണത് ഗുണം ചെയ്തു. അതുകൊണ്ടാണ് സ്പോട്ടില്‍ വെച്ച് ചികിത്സ നല്‍കാന്‍ സാധിച്ചത്. പഴുപ്പ് പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്. വെടിയേല്‍ക്കും മുന്‍പ് മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവെച്ച് ഭയപ്പെടുത്തി ഈ കാട്ടാനയെ തുരത്തിയതിന് ശേഷമാണ് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചത്.