kannur university pg syllabus issue
ആര്‍ എസ് എസ് സൈദ്ധാന്തികരുടെ രചനകള്‍ കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ നിന്ന് മാറ്റും
ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ സിലബസില്‍ ഉള്‍പ്പെടുത്തും വിദഗ്ദ സമിതി റിപ്പോര്‍ട്ടിന് അക്കാഡമി കൗണ്‍സില്‍ അംഗീകാരം
കണ്ണൂര്‍ | ആര്‍ എസ് എസ് സൈദ്ധാന്തികരുടെ രചനകള്‍ കണ്ണൂര്‍ സര്‍വകലാശാല പി ജി സിലബസില്‍ നിന്ന് മാറ്റിയേക്കും. ഇത് സംബന്ധിച്ച് വിദഗ്ദ സമിതി നല്‍കിയ റിപ്പോര്‍ട്ട് അക്കാഡമി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. പുതിയ പി ജി സിലബസില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ വിവാദ ലേഖനങ്ങള്‍ നീക്കും.
കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് സമഗ്രമല്ലെന്നാണ് രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. സിലബസില്‍ നിന്നും ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും ഒഴിവാക്കണമെന്ന ശിപാര്‍ശയാണ് സമിതി മുന്നോട്ട് വെക്കുന്നത്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രത്യേകമായി പഠിപ്പിക്കണമെന്നും ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ധാരകള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ദീന്‍ദയാല്‍ ഉപാധ്യായയേയും, ബല്‍രാജ് മഡോക്കിനെയും പൂര്‍ണമായും ഒഴിവാക്കണമെന്നും ഗവേണന്‍സില്‍ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായ കൗടില്യനെ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറ്റണം.
കണ്ണൂര്‍ സര്‍വ്വകലാശാല പി ജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റര്‍ സിലബസില്‍ ഹിന്ദുത്വ നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ ആയിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. ആര്‍ എസ് എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്സ് എന്നീ പുസ്തകങ്ങളും ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളുമായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസ് സൈദ്ധന്തികരുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന ലേഖനങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു കേരളത്തില്‍ ഉയര്‍ന്നത്.