Connect with us

Kerala

തെറ്റ് ചെയ്തവരെ ശിക്ഷിക്കണം; പോരാട്ടം മെഡിക്കല്‍ കോളജിനെതിരെയല്ല, കുറ്റം ചെയ്തവര്‍ക്കെതിരെ: ഹര്‍ഷിന

പോലീസിന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാറും പോലീസും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ.

Published

|

Last Updated

കോഴിക്കോട് | വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി ഹര്‍ഷിന. തെറ്റ് ചെയ്തവരെ ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പോലീസിന് ലഭിച്ച നിയമോപദേശം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാറും പോലീസും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. തന്റെ പോരാട്ടം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയല്ല. കുറ്റം ചെയ്തവര്‍ക്കെതിരെയാണെന്നും ഹര്‍ഷിന വ്യക്തമാക്കി.

കേസില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം എടുത്ത കേസില്‍ നടപടി തുടരാമെന്നാണ് നിയമോപദേശം. ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസിന് കടക്കാം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.

നിയമോപദേശം വിശദമായി പരിശോധിച്ച ശേഷം നടപടിയിലേക്കു കടക്കാനാണ് പോലീസിന്റെ തീരുമാനം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്നത്തെ സീനിയര്‍ ഡോക്ടര്‍, പി ജി ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

അതേസമയം, ഡോക്ടര്‍മാരെ പ്രതി ചേര്‍ക്കാനുള്ള പോലീസ് നീക്കത്തിനെതിരെ കെ ജി എം സി ടി എ രംഗത്തെത്തിയിട്ടുണ്ട്. സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണെന്ന് കാട്ടാന്‍ എന്താണ് ഇത്ര തിടുക്കമെന്നും എന്ത് തെളിവാണ് പോലീസിന്റെ കൈയിലുള്ളതെന്നും സംഘടന ചോദിച്ചു.

മെഡിക്കല്‍ ബോര്‍ഡ് അനുമതിയില്ലാതെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാകില്ല. നടപടിക്രമം പാലിക്കാതെ മുന്നോട്ടു പോയാല്‍ നോക്കിയിരിക്കില്ലെന്നും കെ ജി എം സി ടി എ വ്യക്തമാക്കി.

 

 

 

Latest