siraj editorial
കടന്നു പോകുന്നത് മഹാമാരിയുടെ വര്‍ഷം, വരുന്നതോ?
2022ലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഹാമാരി വീണ്ടും ഉഗ്ര രൂപം പ്രാപിക്കുന്നുവെന്നതാണ് വസ്തുത. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് മെല്ലെ മെല്ലെ വ്യാപിക്കുകയാണ്. ഡെല്‍റ്റാ വകഭേദം അതിന്റെ താണ്ഡവം അവസാനിപ്പിച്ച് പിന്‍വാങ്ങിയിട്ടില്ല.
കടന്നു പോകുന്ന വര്‍ഷം മഹാമാരി സമ്മാനിച്ച നിസ്സഹായതയുടെതും അനിശ്ചിതാവസ്ഥയുടെതുമായിരുന്നു. അടച്ചിടലുകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍, തൊഴില്‍ നഷ്ടങ്ങള്‍, വിദ്യാഭ്യാസ നിശ്ചലത, സാമ്പത്തിക തകര്‍ച്ച, തടഞ്ഞു വെക്കപ്പെട്ട പൗരാവകാശങ്ങള്‍… കൊവിഡ് വ്യാപനം ജീവിതത്തിന്റെ സമസ്ത മേഖലയെയും പ്രതിസന്ധിയിലാക്കുകയായിരുന്നു. മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്തി തന്നു ഇത്തിരി പോന്ന വൈറസ്. എല്ലാ വലിപ്പത്തരങ്ങളെയും അപ്രസക്തമാക്കാനുള്ള നെഗറ്റീവ് എനര്‍ജിയുണ്ടായിരുന്നു ഓരോ പോസിറ്റീവ് ഫലത്തിനും. ഭയം വേണ്ട ജാഗ്രത മതിയെന്ന മുദ്രാവാക്യം കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെങ്കിലും ഭയക്കേണ്ടിയിരിക്കുന്നുവെന്നതിലേക്ക് വഴി മാറി. രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ ശക്തി ദൗര്‍ബല്യങ്ങളെയും കൊവിഡ് 19 അനാവരണം ചെയ്തു. ഉത്തര്‍ പ്രദേശിലെ നദികളില്‍ ശവം ഒഴുകി നടന്നു. ഡല്‍ഹിയിലെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയുമൊക്കെ ആശുപത്രികളില്‍ ഓക്‌സിജന്‍ കിട്ടാതെ മനുഷ്യര്‍ മരിച്ചു വീണു.
അതേസമയം, വാക്‌സീന്‍ വികസിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് സാധിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയും ഭാരത് ബയോടെക്കിലൂടെയും ഇന്ത്യ ലോകത്തിന്റെ വാക്‌സീന്‍ ഹബ്ബായി മാറി. ആഭ്യന്തര ആവശ്യം പരിഹരിക്കും മുമ്പേ വാക്‌സീന്‍ നയതന്ത്രത്തിന് പോയത് ശരിയായില്ലെന്ന ഗുരുതരമായ വിമര്‍ശവും കേള്‍ക്കേണ്ടി വന്നു ഭരണാധികാരികള്‍. മഹാനഗരങ്ങളില്‍ നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടണയാന്‍ കിലോമീറ്റുകള്‍ നടക്കേണ്ടി വന്ന കാഴ്ച ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തി. നിരവധി പേര്‍ ആ ദുരിത യാത്ര പൂര്‍ത്തിയാക്കാനാകാതെ മരിച്ചു വീണു.
കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ മനുഷ്യര്‍ക്ക് ആശ്വാസമാകാന്‍ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക പാക്കേജുകള്‍ ബേങ്ക് വായ്പകളില്‍ മാത്രം അധിഷ്ഠിതമായിരുന്നു. ലക്കുകെട്ട സ്വകാര്യവത്കരണത്തിനാണ് മഹാമാരിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നത്. ക്രയശേഷി നഷ്ടപ്പെട്ട ജനതക്ക് പണം നേരിട്ടെത്തിക്കുക മാത്രമാണ് പോംവഴിയെന്ന പ്രാഥമിക പാഠം പോലും കേന്ദ്രം മറന്നു. എന്നാല്‍ അതിജീവനത്തിന്റെ മഹാമാതൃകയാകാന്‍ കേരളത്തിന് സാധിച്ചു. ദേശീയതലത്തില്‍ നടപ്പാക്കിക്കൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞ സാമൂഹിക അടുക്കളകള്‍ കരുതലിന്റെ അടയാളമായി. പ്രവാസി സമൂഹത്തിന്റെ ആധികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ വീഴ്ച സംഭവിച്ചെങ്കിലും മഹാമാരിക്കെതിരായ പ്രതിരോധം നിര്‍വഹിക്കുന്നതില്‍ കേരളം ഏറെ മുന്നേറിയെന്നത് വസ്തുതയാണ്. ഇടറാതെ നില്‍ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചത് മികച്ച പൊതു ആരോഗ്യ സംവിധാനത്തിന്റെ ബലത്തിലാണ്. തീര്‍ച്ചയായും ഈ പ്രതിരോധത്തിന് നെടുനായകത്വം വഹിച്ചതിന്റെ ഫലമാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ തുടര്‍ച്ച.
2022ലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മഹാമാരി വീണ്ടും ഉഗ്ര രൂപം പ്രാപിക്കുന്നുവെന്നതാണ് വസ്തുത. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് മെല്ലെ മെല്ലെ വ്യാപിക്കുകയാണ്. ഡെല്‍റ്റാ വകഭേദം അതിന്റെ താണ്ഡവം അവസാനിപ്പിച്ച് പിന്‍വാങ്ങിയിട്ടില്ല. വരും ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പോള്‍ കാറ്റുമാന്‍ നേതൃത്വം നല്‍കിയ പഠനമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. 9,195 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന പുതിയ പ്രതിദിന നിരക്കാണിത്. രാജ്യത്ത് ആകെ 781 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.
പല സംസ്ഥാനങ്ങളും ഭാഗിക അടച്ചിടലിലേക്ക് നീങ്ങിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിന്ന് തന്നെയാണ് കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയത്. അവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു എന്ന് പറഞ്ഞാല്‍ അര്‍ഥം ജനജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നുവെന്ന് തന്നെയാണ്. കേരളം ഈ ഘട്ടത്തില്‍ അത്യന്തം ജാഗ്രത്തായിരിക്കേണ്ടതാണ്. ലോക രാജ്യങ്ങളുമായി തലങ്ങും വിലങ്ങും യാത്രാ ബന്ധം സ്ഥാപിച്ച ഈ സംസ്ഥാനത്ത് എവിടെ പ്രത്യക്ഷപ്പെടുന്ന വകഭേദവും വന്നെത്തും. ഇതില്‍ ആരേയും പഴിച്ചിട്ട് കാര്യമില്ല. എന്നാല്‍ ഇനിയൊരു അടച്ചിടല്‍ താങ്ങാന്‍ സംസ്ഥാനത്തിനാകില്ല. ന്യൂനോര്‍മല്‍ ജീവിതത്തിനിടയിലൂടെ താളം കണ്ടെത്തി വരികയായിരുന്നു നമ്മള്‍. ആ അവസ്ഥക്ക് ഭംഗം വന്നു കൂടാ. അടച്ചിടല്‍ മാത്രമാണ് പരിഹാരമെന്നതിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തരുത്. വാക്‌സീന്‍ രണ്ട് ഡോസ് എടുത്തു എന്നത് കൊണ്ട് ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങളെ സുനിശ്ചിതമായി പ്രതിരോധിക്കാനാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് സോഷ്യല്‍ വാക്‌സീനേഷനില്‍ തന്നെയാണ് അഭയം തേടേണ്ടത്. സാമൂഹികമായ കരുതലാണ് അത്. ബേസിക്‌സുകളായ മാസ്‌ക്, സാനിറ്റൈസേഷന്‍/സോപ്പ്, സാമൂഹിക അകലം എന്നിവ കൂടുതല്‍ ജാഗ്രതയോടെ പാലിക്കുന്നതിനെ നമുക്ക് സോഷ്യല്‍ വാക്‌സീനേഷന്‍ എന്ന് വിളിക്കാം. വിദ്യാസമ്പന്നതയിലും ആരോഗ്യ ബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് ഇത് സാധിക്കാവുന്നതേയുള്ളൂ. പ്രതിരോധത്തിന്റെ ഉരുക്കു കോട്ട പണിയുന്നതില്‍ ഓരോരുത്തര്‍ക്കും പങ്കുണ്ട്. ഒരാള്‍ പിഴച്ചാല്‍ എല്ലാം പൊളിയും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വന്നാലേ നിയന്ത്രണം പാലിക്കൂ എന്ന് ശഠിക്കുന്നത് പോലെയാണ് ചിലര്‍. സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ച എന്നാണ് സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ അര്‍ഥമെന്ന് മനസ്സിലാക്കണം. അടച്ചിടല്‍ സാഹചര്യം ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ആവശ്യത്തിന് ആശുപത്രി ബെഡ്ഡുകളും ഓക്‌സിജനുമൊക്കെയുണ്ടല്ലോ എന്ന ആത്മവിശ്വാസം നല്ലതാണ്. പക്ഷേ പിടിവിട്ടാല്‍ ഒന്നും മതിയാകാതെ വരും. ആ ഘട്ടത്തിലേക്ക് പോകാതിരിക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഒപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണക്രമവും ജീവിത രീതികളും ആര്‍ജിക്കാനും സാധിക്കണം. അങ്ങനെ പുതിയ വര്‍ഷത്തെ ആത്മവിശ്വാസത്തോടെ വരവേല്‍ക്കാന്‍ നമുക്കാകും.