Connect with us

Ongoing News

മഞ്ഞപ്പടയുടെ തേരോട്ടം; രണ്ടടിയില്‍ സെര്‍ബിയ ഡൗണ്‍

റിച്ചാലിസാണ് മഞ്ഞപ്പടയുടെ വരവറിയിച്ച് രണ്ടു ഗോളുകളും നേടിയത്.

Published

|

Last Updated

ദോഹ | ചുരുങ്ങിയത് എട്ട് ഗോളെങ്കിലും അടിക്കേണ്ടതായിരുന്നു ബ്രസീല്‍. അത്രയും അവസരങ്ങളാണ് സെര്‍ബിയക്കെതിരെ കാനറി പക്ഷികള്‍ തുറന്നെടുത്തത്. എന്നാല്‍, ഫിനിഷിങിലെ ചെറിയ പിഴവുകളാണ് അത് രണ്ടിലൊതുക്കിയത്. 2022 ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ഗോളായിരുന്നു രണ്ടിലൊന്ന്. റിച്ചാലിസാണ് മഞ്ഞപ്പടയുടെ വരവറിയിച്ച് രണ്ടു ഗോളുകളും നേടിയത്.

62ാം മിനുട്ടിലാണ് കാനറികള്‍ ആദ്യം സെര്‍ബിയന്‍ വല കുലുക്കിയത്. നെയ്മര്‍ നല്‍കിയ പാസ് വിനീഷ്യസ് ജൂനിയര്‍ ഗോള്‍പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും സെര്‍ബിയന്‍ ഗോളി തട്ടിയകറ്റി. പിന്നീട് പന്തെത്തിയത് റിച്ചാലിസന്റെ കാലുകളിലേക്ക്. തുറന്നുകിടന്ന വലയിലേക്ക് പന്ത് തട്ടിയിടുക മാത്രമേ താരത്തിന് ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ (1-0).

ആദ്യ ഗോള്‍ പിറന്ന് 11 മിനുട്ട് പിന്നിടുമ്പോഴേക്കും അടുത്തതെത്തി. വിനീഷ്യസിന്റെ പാസ് റിച്ചാലിസനെ ലാക്കാക്കി പെനാള്‍ട്ടി ബോക്‌സിലേക്ക്. റിച്ചാലിസന്റെ ബൈസിക്കിള്‍ കിക്ക് ചാട്ടുളി പോലെ പാഞ്ഞ് വലയില്‍ തുളച്ചുകയറി (2-0).

 

Latest