Connect with us

Kerala

മണ്ണിനടിയിലെ മഞ്ഞ വിള; 'കുഞ്ഞാറ്റ' വിജയഗാഥയ്ക്ക് പത്തരമാറ്റ്

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്.

Published

|

Last Updated

പന്തളം തെക്കേക്കര പഞ്ചായത്ത് വിപണിയിലെത്തിച്ച 'തട്ട ബ്രാന്‍ഡ്' മഞ്ഞള്‍പൊടി

പത്തനംതിട്ട | പന്തളം തെക്കേക്കര പഞ്ചായത്തിലെ ‘കുഞ്ഞാറ്റ’ കൃഷികൂട്ടം വിളയിക്കുന്നത് പൊന്‍തിളക്കമാര്‍ന്ന മഞ്ഞള്‍. അഞ്ചുവര്‍ഷത്തെ നിരന്തര പ്രയത്‌നമാണ് ‘തട്ട ബ്രാന്‍ഡ്’ എന്ന വിജയ സംരംഭത്തിന് പിന്നില്‍. ജൈവകൃഷി രീതിയിലൂടെയാണ് ഉത്പാദനം. ശുദ്ധമായ ഉത്പന്നമെന്ന ലക്ഷ്യമാണ് ഇത് സാധ്യമാക്കിയത്.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ശുദ്ധമായ മഞ്ഞള്‍പ്പൊടിയാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള ‘പ്രതിഭ’യെന്ന മഞ്ഞള്‍ വിത്ത് ഉപയോഗിച്ച് 2021-22 ജനകീയ ആസൂത്രണ പദ്ധതിയിലൂടെയാണ് തുടക്കം. 21 ഹെക്ടറിലാണ് വിത്തിട്ടത്. ഇതിന്റെ അത്യുത്പാദനശേഷി പ്രകടമാണ്. ഒരു ചുവടില്‍ നിന്നും കിട്ടുന്നത് രണ്ട് കിലോയിലധികം മഞ്ഞളാണ്.

10 മാസത്തോളമാണ് മഞ്ഞളിന്റെ പൂര്‍ണവളര്‍ച്ചയ്ക്ക് വേണ്ടത്. വിളവെടുപ്പ് കാലത്ത് അഞ്ച് അടിയോളം ഉയരത്തിലാകും മഞ്ഞള്‍ചെടി. വിളവെടുത്ത മഞ്ഞള്‍ നാരും വേരും മാറ്റി കഴുകി വൃത്തിയാക്കി പുഴുങ്ങി ഉണക്കിയോ പച്ചയ്ക്ക് അരിഞ്ഞ് ഉണക്കിയോ ആണ് നിര്‍മാണ സ്ഥലത്ത് എത്തിക്കുന്നത്. ശേഷം മഞ്ഞള്‍ പൊടിച്ചു പായ്ക്കും ലേബലും ചെയ്യും. ‘തട്ട ബ്രാന്‍ഡ്’ ഇങ്ങനെയാണ് വിപണിയിലേക്ക് എത്തിക്കുന്നത്.

നിര്‍മാണ യൂനിറ്റിന് സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നല്‍കിയത് ഗ്രാമപഞ്ചായത്താണ്. 2022 ലാണ് സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ മഞ്ഞളിന്റെ ഗുണം വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ക്രമാനുഗതമായി ആവശ്യക്കാര്‍ ഏറുന്നുണ്ടെന്ന് സംരംഭത്തെ നയിക്കുന്ന മെഴ്‌സി സാക്ഷ്യപ്പെടുത്തുന്നു. ഇക്കൊല്ലത്തെ വിളവിന്റെ നല്ലപങ്കും പൊടിയാക്കി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷികൂട്ടം.

കുടുംബശ്രീ ഫെസ്റ്റുകളിലെ സ്ഥിരസാന്നിധ്യമാണ് ‘തട്ട ബ്രാന്‍ഡ്’ ഉത്പന്നം. മായം ചേര്‍ക്കാത്ത ഇനമെന്ന ഖ്യാതിയാണ് ഇതിന്റെ പ്രശസ്തിക്ക് പിന്നില്‍. കിലോയ്ക്ക് 700 രൂപയാണ് വില. കാല്‍ക്കിലോ, അരക്കിലോ, ഒരു കിലോ പായ്ക്കുകളാണ് ഉള്ളത്. വിപണിമൂല്യം കൂടുന്നതിന് അനുസൃതമായി ഉത്പാദന വര്‍ധന പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് വ്യക്തമാക്കി.

 

Latest