National
യുവ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു
ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ജല്‍ഗാവ് | മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കോണ്‍സ്റ്റബിളിനെ ക്രൂരമായി തല്ലിക്കൊന്നു. ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.മുംബൈ പോലീസിലെ 28കാരനായ ശുഭം അഗോണി എന്ന യുവ കോണ്‍സ്റ്റബിളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ചാലിസ്ഗാവില്‍ 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആയിരുന്നു യുവാവിനെ ആക്രമിച്ചത്.
ശുഭം അഗോണിയുടെ നാട്ടിലായിരുന്നു ക്രിക്കറ്റ് മത്സരം നടന്നത്.മത്സരത്തില്‍ ശുഭവും ഇയാളുടെ സുഹൃത്തും പങ്കെടുത്തു. തുടര്‍ന്ന് മത്സരശേഷം കളിക്കാര്‍ക്ക് ഇടയില്‍ തര്‍ക്കം ഉടലെടുത്തു.ഇത് പിന്നീട് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ശുഭത്തിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.