Kerala
യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ച നിലയില്‍
പുത്തൂര്‍ വല്ലഭന്‍കര ലാല്‍സദനത്തില്‍ ലാലുമോന്റെ വീട്ടിലായിരുന്നു കൊലപാതകം.
കൊല്ലം | കൊട്ടാരക്കരയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ് എന്‍ പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. പുത്തൂര്‍ വല്ലഭന്‍കര ലാല്‍സദനത്തില്‍ ലാലുമോന്റെ വീട്ടിലായിരുന്നു കൊലപാതകം.
ശാരുവിനെ കൊന്ന ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണു കരുതുന്നത്. ലാലുമോന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്ന് ശാരുവിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തിയപ്പോള്‍ ചോര വാര്‍ന്ന നിലയില്‍ ശാരുവിനെ കണ്ടെത്തി. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നുവെന്നാണ് വിവരം. അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ ലാലുമോനെയും കണ്ടെത്തി.
ഗുരുതരമായി പരുക്കേറ്റ ശാരു സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ശാരുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രണ്ടുവര്‍ഷം മുന്‍പ് റബര്‍ തോട്ടത്തില്‍ കെട്ടിയിട്ടെന്ന ശാരുവിന്റെ പരാതിയില്‍ ലാലുമോന്‍ റിമാന്‍ഡിലായതാണ്. പുത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.