thief arrested
ഡി വൈ എസ് പി ഓഫീസിലെത്തി മോഷണത്തിൽ നിന്ന് 'റിട്ടയർ' പ്രഖ്യാപിച്ച് യുവാവ്
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്.
ചെങ്ങന്നൂര്‍ | 31 വയസ്സിനിടെ ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസില്‍ എത്തി മോഷണം അവസാനിപ്പിക്കുകയാണെന്ന് ഏറ്റുപറഞ്ഞു. തുടർന്ന്, ഏറ്റവും ഒടുവില്‍ നടന്ന രണ്ട് ബൈക്ക് മോഷണങ്ങളില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലിലേക്ക് പോകുന്നതിന് മുന്‍പ് പോലീസുകാരെ സാക്ഷിയാക്കി താനീ പണി നിര്‍ത്തുകയാണെന്ന് വാക്കു കൊടുക്കുകയും ചെയ്തു.
റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടില്‍ തോമസ് കുര്യാക്കോസ് എന്ന് ബിനു തോമസ് (31) ആണ് ചെങ്ങന്നൂർ ഡി വൈ എസ് പി. ഡോ. ആര്‍ ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. മുമ്പ് പല തവണ ഡി വൈ എസ് പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ബിനു കഴിഞ്ഞ 21നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ട് ബൈക്കുകൾ മോഷ്ടിച്ചു.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജോസ് ആണ്. അതുകൊണ്ടു തന്നെ അവസാനത്തെ രണ്ട് ബൈക്ക് മോഷണത്തിന് ശേഷം വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാന്‍ തീരുമാനിച്ചു. ആര്‍ ജോസ് മാവേലിക്കരയിലെ ഇന്‍സ്‌പെക്ടറാണെന്ന് ആരോ പറഞ്ഞത് പ്രകാരം അവിടെ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ചെങ്ങന്നൂര്‍ ഡി വൈ എസ് പിയാണെന്ന് അറിയുന്നത്. നേരെ ചെങ്ങന്നൂര്‍ ഡി വൈ എസ് പി ഓഫീസിലെത്തി കുറ്റസമ്മതം നടത്തി.
വിചിത്രമായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. താനേറെ ഇഷ്‌ടെപ്പടുന്നത് ബൈക്ക് മോഷ്ടിക്കാനാണെന്ന് ബിനു പറഞ്ഞു. വഴിയില്‍ ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടാല്‍ എങ്ങനെയും അത് എടുത്തിരിക്കും. രണ്ട് മിനുട്ടു മതി ബൈക്ക് എടുക്കാന്‍. കയറിയിരുന്ന് ഹാന്‍ഡില്‍ ലോക്ക് പൊട്ടിച്ച് ഓടിക്കും. മതിവരുവോളം ഓടിച്ചു കഴിഞ്ഞാല്‍ വില്‍ക്കും. ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ട് എടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന് പിന്നാലെ സഞ്ചരിക്കും. എടുത്തു കഴിഞ്ഞാല്‍ മാത്രമേ പിന്നെ ഉറങ്ങാന്‍ കഴിയൂവെന്നും ബിനു പറഞ്ഞു.
---- facebook comment plugin here -----