Connect with us

Kerala

യുവാവിനെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോൺ കവർന്ന സംഭവം; രണ്ട് പേർ അറസ്റ്റിൽ

പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Published

|

Last Updated

തിരുവല്ല |   യുവാവിനെ മർദ്ദിച്ച് അവശനാക്കി പന്ത്രണ്ടായിരത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി സ്വദേശികളായ ഐക്കര തെക്കേതിൽ രാജേഷ് കുമാർ (40), പടിഞ്ഞാശ്ശേരിൽ  ശിവാനന്ദൻ (56) എന്നിവരാണ് പിടിയിലായത്.

ഇരവിപേരൂർ പാടത്തും പാലം ഏട്ടമല വീട്ടിൽ രാജീവിനെ (43) ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. കർക്കിടക വാവ് ബലി ദിനമായ മൂന്നാം തീയതി ഉച്ചയോടെ ആയിരുന്നു സംഭവം.

സ്‌പൈനൽ കോഡിന് പ്രശ്‌നമുള്ള രാജീവ് തൃക്കുന്നപ്പുഴയിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ശേഷം മടങ്ങി വരവേ പുളിക്കീഴ് പാലത്തിന് സമീപമുള്ള കടയിൽ വിശ്രമിക്കാൻ ഇറങ്ങി. ഈ സമയം രാജേഷിന്റെ ഉടമസ്ഥതയിൽ ഉള്ള ഓട്ടോറിക്ഷയിൽ അമിതമായി മദ്യപിച്ച് എത്തിയ പ്രതികൾ അപ്രതീക്ഷിതമായി രാജീവിനെ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളയുകയായിരുന്നു.

രാജീവ് പുളിക്കീഴ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ അജിത് കുമാറിന്റെ നിർദേശപ്രകാരം എസ്‌ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  പ്രതികളെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്. ആക്രമണത്തിന് ഇരയായ രാജീവ് വ്യാഴാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ തിരിച്ചറിഞ്ഞു.സംഭവം നടന്ന പുളിക്കീഴ് പാലത്തിന് സമീപത്തെ കാട്ടിൽ നിന്നും ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

---- facebook comment plugin here -----

Latest