Kerala
വഴക്ക് അവസാനിപ്പിക്കാന്‍ ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
കടുത്തുരുത്തി സ്വദേശികളായ അജി, സത്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം| കോട്ടയം കടുത്തുരുത്തിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടുത്തുരുത്തി സ്വദേശികളായ അജി, സത്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
യുവാവിന്റെ ബന്ധുവും പ്രതികളും തമ്മിലുണ്ടായ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന്റെ ഭാഗമായാണ് ആക്രമണം. പ്രതികളായ അജിയും സത്യനും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ കടുത്തുരുത്തി സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.