Kerala
കാറില്‍ പോവുകയായിരുന്ന യുവതിയേയും യുവാവിനേയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
കാറില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റു
കൊല്ലം | ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
യുവതിയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാല്‍ പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്. അനില മറ്റൊരു യുവാവുമായി ചേര്‍ന്ന് ബേക്കറി നടത്തുന്നതില്‍ പത്മരാജന് വിയോജിപ്പുണ്ടായിരുന്നു. ഇക്കാരണത്താല്‍ മറ്റൊരാളുടെ മധ്യസ്ഥതയില്‍ പങ്കാളിയെ ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയും ഏകദേശ ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊലപാകതം നടന്നിരിക്കുന്നത്