Kerala
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ പിടികൂടി
അസര്‍ബയ്ജാനില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശിയില്‍ നിന്നുമാണ് പ്രതികൾ പണം തട്ടണിയത്
കൊച്ചി | അസര്‍ബയ്ജാനില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശിയില്‍ നിന്നും പണംതട്ടിയ യുവതിയെ പോലീസ് പിടിക്കൂടി. കണ്ണൂര്‍ സ്വദേശിയായ മേരി സാബു (34 )വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. അസര്‍ബയ്ജാനിലെ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശിയായ സിബിനില്‍ നിന്ന് 1.25 ലക്ഷം രൂപ പ്രതികളായ മേരി സാബുവും നവി മുബൈ സ്വദേശി കിഷോര്‍ വെനേറാമും തട്ടിയെടുക്കുകയായിരുന്നു.
മുബൈ ആസ്ഥാനമായുള്ള ഏഷ്യാ ഓറിയ റിക്രൂട്ടിങ്ങ് സ്ഥാപനം വഴി യുവാവിനെ വിദേശത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു വാഗ്ദാനം. പ്രതികളുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ടിങ്ങ് സ്ഥാപനമാണിത്. സിബിനിന്റെ മെഡിക്കല്‍ പരിശോധനയും അഭിമുഖവും പ്രതികള്‍ ഇതിന്റെ ഭാഗമായി നടത്തിയിരുന്നു. തുടര്‍ന്ന് വിസ ആവശ്യങ്ങള്‍ക്കായി പ്രതികള്‍ യുവാവില്‍ നിന്നും 1.25 ലക്ഷം രൂപ കൈപറ്റുകയും വ്യാജ വിസ കൈമാറുകയും ചെയ്തു. പറ്റിക്കപെട്ട വിവരം മനസ്സിലാക്കിയതിനെ തുടര്‍ന്ന് സിബിന്‍ നല്‍കിയ പരാതിയിലാണ് മേരി സാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നവി മുബൈ സ്വദേശി കിഷോര്‍ വെനേറാമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതികള്‍ക്കെതിരെ നിരവധി തട്ടിപ്പ് കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.