National
പോലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് യുവതിക്ക് ഗുരുതര പരുക്ക്
. ഉംറക്കായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി പോലീസ് സ്റ്റേഷനില്‍ യുവാവിനൊപ്പം എത്തിയതായിരുന്നു യുവതി.
അലിഗഢ് | ഉത്തര്‍പ്രദേശിലെ അലിഗഢ് പോലീസ്റ്റേഷനില്‍ എസ്ഐയുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്ന് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഉംറക്കായി സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷനായി പോലീസ് സ്റ്റേഷനില്‍ യുവാവിനൊപ്പം എത്തിയതായിരുന്നു യുവതി.
ഇരുവരും സ്റ്റേഷനുള്ളില്‍ നില്ക്കുമ്പോള് ഒരു പോലീസുകാരന് വരികയും ഇന്‍സ്പെക്ടര്‍ മനോജ് ശര്‍മ്മയ്ക്ക് തോക്കു കൈമാറുകയും ചെയ്തു. ശര്‍മ്മ തോക്ക് ലോഡ് ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി യുവതിക്ക് വെടിയേല്‍ക്കുകയായിരുന്നു.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇഷ്രത്ത് എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയുതിര്‍ത്ത പോലീസുകാരന് ഇതിനോടകം ഒളിവില്‍ പോയി.
അതേസമയം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് പണത്തിനായി യുവതിയെ ശല്ല്യം ചെയ്തിരുന്നെന്നും തര്‍ക്കത്തെ തുടര്‍ന്ന് മനപൂര്‍വ്വം ഉദ്യോഗസ്ഥന് വെടിവെച്ചതെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത് .സസ്പെന്‍ഡ് ചെയ്ത് ശര്‍മ്മക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്ന് അലിഗഡ് എസ്എസ്പി കലാനിധി നൈതാനി വ്യക്തമാക്കി.