Kerala
പോലീസ് സ്റ്റേഷനിൽ മോഷണം നടത്തിയ യുവാവ് റിമാന്‍ഡിൽ
ഇ പോസ് മെഷീൻ അടിച്ചുമാറ്റിയത് ബീവറേജിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സ്റ്റേഷനിലെത്തിച്ചപ്പോൾ
പത്തനംതിട്ട | കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഇ പോസ്സ് മെഷീന്‍ മോഷ്ടിച്ചുകൊണ്ടുപോയ പ്രതിയെ പിടികൂടി. ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനം വീട്ടില്‍ എബി ജോണ്‍(28) ആണ് കൊടുമണ്‍ പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരി ഏഴിന് രാത്രി കൊടുമണ്‍ ബീവറേജസില്‍ ബഹളമുണ്ടാക്കിയതിന് എബി ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഈ സമയമാണ് പ്രതി മെഷീന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടന്നത്. മോഷണവിവരം മനസ്സിലാക്കിയ ഉടനെ അന്നത്തെ ജി ഡി ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ മൊഴി രേഖപ്പെടുത്തി.
തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് 27 ന് രാത്രി ഏട്ടേമുക്കാലിന് എബി മെഷീന്‍ മോഷ്ടിച്ച് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി. തുടര്‍ന്ന് മരുതിമൂട് നിന്നും വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് പോലീസ് പ്രതിയെ പിടികൂടി. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
മെഷീൻ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും മെഷീനിലുളള പേപ്പറുകള്‍ മാത്രമാണ് കണ്ടെത്താനായത്. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ കുറെയേറെ ഇലക്ട്രോണിക് സാധനങ്ങള്‍ കണ്ടെത്തി. കമ്പ്യൂട്ടര്‍ ഡിപ്ലോമ നേടിയ എബി ഈ വിഷയത്തില്‍ വിദഗ്ദ്ധനാണ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
പോലിസിലെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം വിദഗ്ദ്ധരും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മോഷണത്തിന് പുറമെ, പൊതുമുതലിനു നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് അന്വേഷണം തുടരുന്നത്. കൊടുമണ്‍ ബീവറേജസില്‍ ബഹളമുണ്ടാക്കിയതിന് ജീവനക്കാര്‍ വിളിച്ചുപറഞ്ഞതുപ്രകാരം പിടിച്ചുകൊണ്ടുവന്ന് കേസ് രജിസ്റ്റര്‍ ചെയ്തശേഷം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് എബി ഇ പോസ്സ് മെഷീന്‍ മോഷ്ടിച്ചുകടന്നത്.
പോലീസുമായും തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇയാളെ വളരെ ശ്രമകരമായി കീഴ്‌പ്പെടുത്തിയാണ് സ്റ്റേഷനിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം ശല്യമുണ്ടാക്കുന്ന പ്രകൃതമാണ് ഇയാളുടേതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.