Connect with us

മുഖാമുഖം

പ്രവാസം തന്ന തീക്ഷ്ണാനുഭവം

കഥാകൃത്ത് സലിം കുരിക്കളകത്തുമായി നടത്തിയ അഭിമുഖം

Published

|

Last Updated

? ആദ്യമെഴുതിയ കഥ ഉമ്മയെ കുറിച്ചാണെന്നു വായിച്ചിട്ടുണ്ട്. താങ്കളുടെ എഴുത്തിലേക്കുള്ള വഴി വിശദമാക്കാമോ?

എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്. ഉമ്മ ഒരു നിഴലായി എന്നും എന്റെ കൂടെ ഉണ്ടായിരുന്നു. മുഖം ഓർമയില്ലെങ്കിലും ഉമ്മയെക്കുറിച്ച് എല്ലാം പറഞ്ഞുതന്നത് വല്യുമ്മ (ഉമ്മയുടെ ഉമ്മ)യാണ്. ഉമ്മ നല്ലൊരു കഥ പറച്ചിലുകാരിയായിരുന്നു. എങ്കിലും എന്നിലെ കഥയെഴുത്തുകാരനെ രൂപപ്പെടുത്തിയത് വല്യുമ്മയാണെന്നു പറയാം. ഓരോ രാവിലും ഓരോ അറേബ്യൻ കഥകൾ അവർ പറഞ്ഞു തരും. ആ കഥകളുടെ പരിണാമഗുപ്തിയിലാണ് ഞാനുറങ്ങുക. സാമൂഹിക പ്രതിബദ്ധതയുടെ ആദ്യപാഠം പഠിച്ചതും വല്യുമ്മയിൽ നിന്നാണ്. അവർ വലിയ ധൈര്യവതിയായിരുന്നു. കോളറാക്കാലത്ത് വീടുകൾ കയറിയിറങ്ങി എത്രയോ രോഗികളെ ശുശ്രൂഷിച്ചിട്ടുണ്ട്. നാട്ടിലെ പേരുകേട്ട വയറ്റാട്ടികൾക്കു പോലും പേറെടുക്കാൻ ഒരു ധൈര്യത്തിന് വല്യുമ്മ തൊട്ടടുത്ത് വേണം. സേവനത്തിനൊന്നും ഒരണ പോലും കൂലി വാങ്ങിയിരുന്നില്ല.

?താങ്കളുടെ കുട്ടിക്കാലത്തെ വായന

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ് ടീച്ചർ ലക്ഷ്മി ടീച്ചറാണ് “അമ്പിളി മാമൻ’ കഥാപുസ്തകം ആദ്യമായി തന്നത്. അഞ്ചാം ക്ലാസ്സിലേക്ക് ചേർന്നപ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിക്കാൻ കഴിഞ്ഞു. ഫറോക്ക് ഗണപത് ഹൈസ്കൂളിലേക്ക് എത്തിയപ്പോഴേക്കും എന്റെ ലോകം മറ്റൊന്നായി. ബഷീറും പൊൻകുന്നം വർക്കിയും തകഴിയും കാരൂരും എസ് കെ പൊറ്റക്കാടും ഒ വി വിജയനും എം ടിയും ഒക്കെ വായനയിൽ എത്തി. വായിച്ചതിൽ പലതും മനസ്സിലായില്ല. അക്കാര്യം ലൈബ്രേറിയൻ സാമി മാഷോട് പറഞ്ഞപ്പോൾ മനസ്സിലാകാത്ത പുസ്തകങ്ങൾ വീണ്ടും വായിക്കാൻ പറഞ്ഞു. തിരിഞ്ഞും തിരിയാതെയും അങ്ങനെ കുറെ പുസ്തകങ്ങൾ വായിച്ചു.

? ആദ്യ കഥയുടെ ഓർമകൾ എന്തൊക്കെയാണ്.

“ഉമ്മ’ എന്ന കഥ എഴുതുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. അമ്മ മരിച്ചു പോയ കുട്ടി അനുഭവിക്കുന്ന വേദനകളായിരുന്നു ആ കഥ. എഴുതിയ കഥ ആദ്യം കാണിക്കുന്നത് സാമി മാഷെയാണ്. ഒരോ തവണ തിരുത്തിയ കഥയുമായി ചെല്ലുമ്പോഴും സാമി മാഷ് പുതിയ ഓരോ പുസ്തകങ്ങൾ എനിക്ക് വായിക്കാൻ തന്നു. പിന്നീടുള്ള എഴുത്തുകൾ ഞാൻ തന്നെ പത്രാധിപരായ കൈയെഴുത്ത് മാസികയിലായി.പത്തിൽ കുറഞ്ഞ ചങ്ങാതിമാർ മാത്രം കൈയെഴുത്ത് മാസികയിലെ കഥകൾ വായിച്ചു. അവരിൽ മാത്രം അറിയപ്പെടുന്ന “എഴുത്തുകാര’നായി ഞാൻ. കഥാപാത്രങ്ങൾ ഏറെയും നാട്ടുകാരും കൂട്ടുകാരുമായിരുന്നു.
അങ്ങനെയാണ് പെരവേട്ടനും വാസുവേട്ടനും സെയ്തുക്കയും നൂറയും ഉണ്ണിയും ചക്കിയും സഫിയയും ചേക്കുവും മജീദും സൽമാനുമൊക്കെ കഥകളിലക്ക് കയറിവന്നത്. എന്റെ മിക്ക കഥകളിലും വല്യുമ്മയുണ്ട്. സമാന്തര പ്രസിദ്ധീകരണങ്ങൾ ശ്രദ്ധിക്കുന്നത് ഹൈസ്്കൂൾ കാലം കഴിഞ്ഞാണ്.

? പ്രവാസകാലത്തെ
ജീവിതവും എഴുത്തനുഭവങ്ങളും

പന്ത്രണ്ട് വർഷം ഒമാനിലായിരുന്നു. എഴുത്തും വായനയും സാഹിത്യ ക്യാമ്പുകളുമൊക്കെയായി നാട്ടിൽ നിറഞ്ഞു നിന്നിരുന്ന സമയത്താണ് ഒമാനിലേക്കുള്ള യാത്ര. പറിച്ചുനടലിന്റെ വേദനകൾക്കിടയിൽ രണ്ട് മൂന്ന് മാസങ്ങൾ എഴുത്തോ വായനയോ ഒന്നുമുണ്ടായില്ല. അറബ് മണ്ണിനോടും ഭാഷയോടും പൊരുത്തപ്പെടാൻ സമയമെടുത്തെങ്കിലും സൈകത മണ്ണ് എഴുത്തുകാരന് ഗന്ധകഭൂമി തന്നെയാണ്. മരുഭൂമിയുടെ സൗന്ദര്യം എന്നെ മത്ത് പിടിപ്പിച്ചിരുന്നു.
പ്രവാസമാണ് തീക്ഷ്ണതയേറിയ അനുഭവങ്ങളുണ്ടാക്കി തന്നത്. കുടിയേറ്റങ്ങൾ, പലായനങ്ങൾ, ജീവിത സംഘർഷങ്ങൾ…. പല ദേശങ്ങൾ സംഗമിക്കുന്ന അറബ് മണ്ണ് സംസ്കാരത്തിന്റെ പുതിയ അനുഭവങ്ങളും പുതിയ ചിന്തകളുമാണ്. ആ സാംസ്കാരിക പരിസരത്ത് ജീവിച്ചതുകൊണ്ടാണ് മെസപ്പൊട്ടേമിയ, ഒലിവ് കായ തുടങ്ങിയ ‘ കഥകൾ എഴുതാൻ കഴിഞ്ഞതെന്നാണ് എന്റെ വിശ്വാസം.

? താങ്കളുടെ എഴുത്തിന്റെ രാഷ്ട്രീയമെന്താണ്

കേരളത്തിൽ ഏറ്റവും എഴുതപ്പെട്ട ചരിത്ര പശ്ചാത്തലമാണല്ലോ അടിയന്തരാവസ്ഥ. ആ പരിസരത്ത് നിന്ന് തന്നെ എഴുതിയ “ചൂട്ടുവെളിച്ചം’ എന്ന കഥ ഏറ്റവും സമകാലികമായ ഇന്ത്യനവസ്ഥയെക്കുറിച്ചാണ്. അതുപോലെ വർത്തമാനകാല ഇന്ത്യയുടെ കണ്ണീരും വേദനയും സംഘർഷങ്ങളും തന്നെയാണ് “കടൽമുറ്റം’ എന്ന കഥയും. ഭരണകൂടം എങ്ങനെ മർദകോപകരണമായി മാറുന്നതെന്നും അതിൽ പ്രത്യേക സമുദായം ഇരകളാക്കപ്പെടുന്നു എന്നതുമാണ് “കടൽ മുറ്റം’ മുന്നോട്ടുവെക്കുന്നത്.